മിഷേല്‍ ഷാജിയുടെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ ഹരജി
കൊച്ചി: കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മിഷേല്‍ ഷാജിയെന്ന സി.എ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹരജി നല്കി. പിതാവ് കോട്ടയം മുളക്കുളം നോര്‍ത്ത് സ്വദേശി ഷാജി വര്‍ഗീസ് ആണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്.
തൊട്ടടുത്ത ദിവസം കൊച്ചി കായലില്‍ നിന്ന് മൃതദേഹം ലഭിച്ചു. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. മാര്‍ച്ച് അഞ്ചിന് വൈകിട്ട് 6.15 ന് കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിച്ച ശേഷം ഗോശ്രീ പാലത്തിനടുത്തേക്ക് നടന്ന മിഷേല്‍ രാത്രി എട്ടുമണിയോടെ രണ്ടാം പാലത്തില്‍ നിന്ന് കായലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ കഥ യുക്തിക്കോ വസ്തുതകള്‍ക്കോ കേസില്‍ ലഭ്യമായ തെളിവുകള്‍ക്കോ നിരക്കുന്നതല്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഡി.ജി.പി ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല.
കേസിന്റെ തുടക്കം മുതല്‍ പൊലിസിന്റെ സമീപനം നിരാശാജനകമായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ സഹായം തേടി കയറിയിറങ്ങേണ്ടി വന്നിരുന്നു. കേസിലെ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസ് സ്വീകരിക്കുന്നത്. ഡി.ജി.പിക്ക് നല്കിയ നിവേദനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും പൊലിസിനെ ന്യായീകരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."