ശശികലയ്ക്കു അഞ്ചു ദിവസത്തെ പരോള്‍
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയ്ക്ക് അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ചു.
ചെന്നൈയില്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനുള്ള അപേക്ഷയിലാണ് പരോള്‍ അനുവദിച്ചത്. 15 ദിവസത്തെ പരോളിനാണ് ശശികല ആവശ്യപ്പെട്ടതെങ്കിലും അഞ്ചു ദിവസമാണ് കോടതി അനുവദിച്ചത്. ഈ മാസം മൂന്നിന് നല്‍കിയ പരോളിനുള്ള ആദ്യ അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നല്‍കിയ രണ്ടാമത്തെ അപേക്ഷയാണ് ഇന്നലെ കോടതി പരിഗണിച്ചത്.
രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നായിരുന്നു ആദ്യ അപേക്ഷ തള്ളിയിരുന്നത്. എട്ട് മാസത്തെ ജയില്‍ വാസത്തിനിടെ ആദ്യമായാണ് പരോള്‍ ലഭിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനം, മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തുക തുടങ്ങിയവ നിരോധിച്ചുകൊണ്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പരോളിനായി കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ശശികലയുടെ ബന്ധു ടി.ടി.വി ദിനകരന്‍ ഇന്നലെ ബംഗളൂരുവില്‍ എത്തി. പരോള്‍ അനുവദിച്ചതായി ചെന്നൈ പൊലിസ് അറിയിച്ചെന്ന് ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു.
അതിനിടെ ചെന്നൈ ആശുപത്രിയില്‍ കഴിയുന്ന ശശികലയുടെ ഭര്‍ത്താവിന്റെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രിക്രിയയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അവയവം മാറ്റിവയ്ക്കല്‍ സംബന്ധിച്ചുള്ള ചട്ടങ്ങളുടെ ലംഘനം ശശികലയുടെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയയില്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."