കൊച്ചിന്‍ സ്റ്റാര്‍ വാറില്‍ ബ്രസീല്‍
കൊച്ചി: കരുത്തരുടെ പോരാട്ടത്തോടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭൂപടത്തില്‍ ഇടം നേടി. കൊച്ചിയില്‍ നടാടെ അരങ്ങേറിയ ലോകകപ്പ് മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരും മുന്‍ ചാംപ്യന്‍മാരുമായ ബ്രസീല്‍ മൂന്ന് തവണ ഫൈനലിലെത്തിയിട്ടും കിരീടം കിട്ടാക്കനിയായി നില്‍ക്കുന്ന യൂറോപ്യന്‍ പവര്‍ ഹൗസായ സ്‌പെയിനിനെ 2-1ന് കീഴടക്കി തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.
സ്‌പെയിനിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് തുടക്കമായത്. ആദ്യ മിനുട്ടുകളില്‍ നിലയുറപ്പിക്കാന്‍ പാടുപെട്ട ബ്രസീലിനെ ഞെട്ടിച്ച് കൊണ്ട് സ്‌പെയിന്‍ ഒരു ഗോളിന് മുന്നില്‍. ഒരു ഗോള്‍ വീണതോടെ സടകുടഞ്ഞെഴുന്നേറ്റ ലാറ്റിനമേരിക്കന്‍ പടക്കുതിരകള്‍ ഗാലറിയെ നിരാശപ്പെടുത്താതെ മുന്നേറുന്ന കാഴ്ച. പിന്നീട് യൂറോപ്യന്‍ ഫുട്‌ബോള്‍ തന്ത്രങ്ങള്‍ക്കെതിരേ ലാറ്റിനമേരിക്കന്‍ കാല്‍പന്ത് വശ്യതയുമായി കാനറികളുടെ പ്രത്യാക്രമണം. കളിയുടെ ആദ്യ പകുതി അവസാനിക്കും മുന്‍പെ രണ്ട് ഗോളുകള്‍ തിരിച്ചുനല്‍കി ബ്രസീലിന്റെ ആധിപത്യം.
അഞ്ചാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ പിന്നിലായതിന്റെ ക്ഷീണം തിരിച്ചുപിടിച്ച് 25ാം മിനുട്ടില്‍ ഒമ്പതാം നമ്പര്‍ താരം ലിങ്കനും ആദ്യ പകുതിയുടെ അധിക സമയത്ത് ഏഴാം നമ്പര്‍ താരം പൗലിഞ്ഞോയുമാണ ് ബ്രസീലിനായി ഗോള്‍ വല ചലിപ്പിച്ചത്. അഞ്ചാം മിനുട്ടില്‍ സ്പാനിഷ് താരം മുഹമ്മദ് മൗക്‌ലിസ് തൊടുത്ത ഷോട്ട് വലയില്‍ കയറിയിരുന്നു. എന്നാല്‍ ഇടയ്ക്ക് ബ്രസീലിയന്‍ പ്രതിരോധ താരം വെസ്‌ലി ഒലിവേരയുടെ കാലില്‍തട്ടി പന്തിന്റെ ഗതി മാറിയതിനാല്‍ ഇത് സെല്‍ഫ് ഗോളായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്നാം മിനുട്ടില്‍ ബ്രസീല്‍ ഗോളി രക്ഷകനായിരുന്നില്ലെങ്കില്‍ സ്പാനിഷ് ടീം അപ്പോള്‍ തന്നെ ഗോളുകൊണ്ട് തുടക്കം രേഖപ്പെടുത്തിയേനെ. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സ്പാനിഷ് ക്യാപ്റ്റന്‍ ഏബല്‍ റൂയിസ് പന്ത് വിലങ്ങനെ അടിച്ചു പുറത്തേക്ക് കളഞ്ഞതോടെ ആദ്യ ശ്രമം പാഴായി. എന്നാല്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല അഞ്ചാം മിനുട്ടില്‍ വലത്തെ പാര്‍ശ്വത്തിലൂടെ മുന്നേറിയ ഫെറായിന്‍ ടോറസ് ഗാര്‍ഷ്യ ഗോള്‍ മുഖത്തേക്ക് എത്തിച്ചുകൊടുത്ത പന്ത് സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ സ്പാനിഷ് ടീമിന് ലീഡായി മാറി. സെല്‍ഫ് ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടല്‍ മാറി ബ്രസീല്‍ താളം വീണ്ടെടുത്ത് കളിയുടെ ഗതി മാറ്റിയെടുക്കാന്‍ തുടങ്ങി. എന്നാല്‍ ഭാഗ്യം ബ്രസീലിനെ തുണച്ചില്ല. 18ാം മിനുട്ടില്‍ സ്‌പെയിനിന്റെ പ്രതിരോധ നിരയുടെ പിഴവില്‍ ലിങ്കനിലേക്ക് വന്ന പന്ത് ഗോള്‍ ലക്ഷ്യമിട്ട് താരം പറത്തിയെങ്കിലും സ്പാനിഷ് ഗോളി തടഞ്ഞു. റീ ബൗണ്ടില്‍ പൗലിഞ്ഞോയ്ക്കും ലക്ഷ്യം തെറ്റി. പന്ത് പുറത്തേക്ക്.
മഞ്ഞപ്പട ഉണര്‍ന്നതോടെ ഗാലറിയും ആരവം മുഴക്കി പ്രോത്സാഹിപ്പിച്ചു. 26ാം മിനുട്ടില്‍ ബ്രസീല്‍ ഗോള്‍ മടക്കി. ബ്രെണ്ണര്‍ ടോറസ്- ലിങ്കന്‍ സഖ്യത്തിന്റെ വകയായിരുന്നു ബ്രസീലിന്റെ ആദ്യ ഗോള്‍. ഇടത്തെ കോര്‍ണര്‍ ഫ്‌ളാഗിന് സമീപത്ത് നിന്ന് ബ്രെണ്ണര്‍ പെനാല്‍റ്റി ഏരിയയിലേക്കു നല്‍കിയ പാസ് സ്വീകരിക്കാന്‍ ടോറസിന് കഴിഞ്ഞില്ല. എന്നാല്‍ ഓടിയെത്തിയ ലിങ്കന്‍ പന്ത് വലയിലേക്കു കോരിയിട്ടു സമനില തീര്‍ത്തു. സ്‌കോര്‍ 1-1. 34ാം മിനുട്ടില്‍ കളിക്കാരുടെ ആദ്യമാറ്റം. സ്പാനിഷ് ഡിഫന്‍ഡര്‍ മാത്യ യോമിന് പകരം വിക്ടര്‍ പെരേര ഇറങ്ങി.
ഒപ്പത്തിനൊപ്പം നീങ്ങിയ ആദ്യ പകുതി സമനിലയില്‍ കലാശിക്കുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിലാണ് ബ്രസീല്‍ സമനിലയുടെ കെട്ടുപൊട്ടിച്ച് അധിക സമയത്ത് രണ്ടാം ഗോളിലൂടെ മേധാവിത്വം ഉറപ്പിക്കുന്നത്. ഒന്നാം പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ രണ്ട് പ്രതിരോധ നിരക്കാര്‍ക്ക് ഇടയിലൂടെ മാര്‍ക്കോസ് ആന്റോണിയയുടെ പാസില്‍ നിന്ന് പൗലീഞ്ഞോ ഗോള്‍ കണ്ടെത്തി. സ്‌കോര്‍ 2-1.
ഗോളുകള്‍ വീണ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം പകുതി തീര്‍ത്തും വിരസമായി. ഇരു ടീമുകളും നേടിയ മൂന്ന് ഗോളുകളും പ്രതിരോധ നിരയുടെ പിഴവിലാണെന്നതും ശ്രദ്ധേയമായി.
രണ്ടാം പകുതി സ്‌പെയിനിന്റെ ഗോള്‍ മടക്കാനുള്ള ശ്രമങ്ങളോടെ തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. ബ്രസീല്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോയ്ക്ക് വിശ്രമം ഇല്ലാത്ത നിമിഷങ്ങള്‍.
രണ്ടാം പകുതിയില്‍ സ്‌പെയിന്‍ അല്‍വാരോ ഗാര്‍ഷ്യയ്ക്കു പകരം ഹോസെ അലോന്‍സോയെയും സെര്‍ജിയോ ഗോമസിനു പകരം പെഡ്രോയെയും, ബ്രസീല്‍ വിക്ടര്‍ ബോബ്‌സാനു പകരം റോഡ്രിഗോ ഗൂത്തിനെയും ലൂക്കസ് ഹാല്‍ട്ടറിനു പകരം മാത്യുസ് സ്റ്റോക്കിനെയും വിറ്റിനോയ്ക്കു പകരം ബ്രെണ്ണറിനെയും കൊണ്ടുവന്നു. തുടരെ വന്ന മാറ്റങ്ങളും പരുക്കും രണ്ടാം പകുതിയെ വിരസമാക്കി.
കളി മിടുക്കില്‍ ബ്രസീലിനായിരുന്നു മുന്‍തൂക്കം 53 ശതമാനം. ആദ്യ പകുതിയില്‍ പന്ത് കൈവശം വച്ചത് 64 ശതമാനവും ബ്രസീലായിരുന്നു. 523 പാസുകള്‍ ബ്രസീലിന്റേതായി രേഖപ്പെടുത്തപ്പെട്ടപ്പോള്‍ 444 പാസുകളാണ് സ്പാനിഷ് പടയ്ക്ക് നല്‍കാന്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."