'ഇനി ഒരു കാര്യം കൂടിയേ ബാക്കിയുള്ളു'-ഉത്തരകൊറിയക്കെതിരെ യുദ്ധമെന്ന സൂചനയുമായി ട്രംപ്
വാഷിങ്ടണ്‍: ഉത്തരകൊറിയയുമായി ഇനി യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്റര്‍ വഴിയാണ് ട്രംപിന്റെ മുന്നറിയിപ്പ്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന വാക്‌പോരിന്റെ തുടര്‍ച്ചയാണിത്.
ലോക രാജ്യങ്ങളും അവിടുത്തെ പ്രസിഡന്റുമാരും കഴിഞ്ഞ 25 വര്‍ഷമായി ഉത്തരകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ നടത്തിവരികയാണ്. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല- ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നിങ്ങളുടെ ഊര്‍ജ്ജത്തെ രക്ഷിക്കൂ. എന്താണ് ചെയ്യേണ്ടതെന്നു വെച്ചാല്‍ ഞങ്ങള്‍ ചെയ്യും- ട്രംപ് മുന്നറിയിപ്പു നല്‍കി.
നിരവധി കരാറുകളുണ്ടാക്കുകയും വലിയ തുക ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും പ്രയോജനം ചെയ്തില്ല. കരാറുകളില്‍ ഒപ്പുവെച്ച് മഷിയുണങ്ങുംമുന്‍പ് അത് ലംഘിക്കപ്പെട്ടു. അമേരിക്കയുടെ സമാധാനശ്രമങ്ങളെയെല്ലാം ഉത്തരകൊറിയ പരിഹസിക്കുകയായിരുന്നന്നെന്നും ട്രംപ് കുറ്റപ്പെടുത്തി.
മിസൈല്‍ ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയയെ പൂര്‍ണമായി തകര്‍ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിമുഴക്കിയിരുന്നു.
അമേരിക്ക ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറെടുക്കുകയാണെന്ന് അടുത്തിടെ ഉത്തരകൊറിയ സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗം അന്റണ്‍ മൊറോസോവ് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില രൂപരേഖകള്‍ കണ്ടതായും ഉത്തരകൊറിയന്‍ അധികൃതരുമായി ഇക്കാര്യം സംസാരിച്ചതായും റഷ്യന്‍ മാധ്യമത്തോട് അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."