വര്‍ഗീയ ഫാസിസത്തിനെതിരേ വേണ്ടത് തുറന്ന പോരാട്ടം
കുമ്മനം രാജശഖരന്‍ നടത്തുന്ന യാത്രയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ തമാശയാണ് തോന്നുന്നത്. ബി.ജെ .പിയില്‍ നിന്ന് ഈ നാട്ടിലെ ജനങ്ങളെ രക്ഷിക്കണേയെന്ന് മതേതരജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിക്കുകയും, പ്രാര്‍ഥിക്കുകയും, അതിനായി പരിശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഇവര്‍ ജനങ്ങളെ രക്ഷിക്കാനെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്. എന്താണ് കേരളം, എങ്ങിനെയാണ് ഈ ജനത രൂപപ്പെട്ടത്, മഹത്തായ സാമൂഹ്യനവോഥാന പ്രസ്ഥാനങ്ങളിലൂടെ എങ്ങിനെയാണ് നമ്മള്‍ പ്രബുദ്ധരായത് എന്നൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്ത, വര്‍ഗീയതയുടെയും, വിദ്വേഷത്തിന്റെയും ഭാഷ മാത്രം അറിയുന്ന അമിത്ഷായെയും, യോഗി ആദിത്യനാഥിനെയും പോലുള്ളവരെ കേരളത്തിന്റെ മണ്ണിലേക്ക് കെട്ടിയെഴുന്നള്ളിച്ച് ഇവിടം വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്ന യാത്ര ജനരക്ഷാ യാത്രയല്ല, മറിച്ച് ജനങ്ങളെ നശിപ്പിക്കാനുള്ള യാത്രയാണ്.
എന്ത് കൊണ്ട് കേരളത്തെ സംഘ്പരിവാര്‍ നിരന്തരം ടാര്‍ജറ്റ് ചെയ്യുന്നു? കാരണം സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന് ഇവിടം വളക്കൂറുള്ള ഭൂമിയല്ല. വിവിധ മത വിശ്വാസങ്ങള്‍ തമ്മില്‍ നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ട്, പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെ നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട ഒരു ബഹുസ്വര സമൂഹമാണ് കേരളത്തിലേത്. അത് കൊണ്ട് മത വിദ്വേഷമല്ല, മറിച്ച് മതങ്ങളുടെ സമന്വയവും സഹവര്‍ത്തിത്ത്വവുമാണ് നമ്മുടെ ജീവനാഡി. ഇതാണ് സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന് കേരളം ഒരു ബാലി കേറാമലയായി നില കൊള്ളുന്നത്. ഈ അതിശക്തമായ നമ്മുടെ ബഹുസ്വര സംസ്‌കാരത്തെ തകര്‍ക്കുക എന്നത് മാത്രമാണ് ഇവിടെ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് മുന്നിലുള്ള മാര്‍ഗം. എന്നാല്‍ കേരളീയ സമൂഹത്തിന്റെ ജനിതകമായ സവിശേഷതകള്‍ അതിന് വഴങ്ങിക്കൊടുക്കുന്നുമില്ല. ഈ കോളത്തില്‍ ഞാന്‍ നേരത്തെ എഴുതിയ പോലെ പത്ത് സെന്റ് സ്ഥലത്ത് മൂന്ന് വീടുണ്ടെങ്കില്‍ അതിലൊന്ന് ഹിന്ദുവിന്റെയും, മറ്റൊന്ന് മുസല്‍മാന്റെയും, അടുത്തത് ക്രിസ്ത്യാനിയുടേതുമാകുന്ന ലോകത്തിലെ ഏക ഇടം കേരളമാണ്. എല്ലാ വിശ്വാസ ധാരകളും സ്വഛമായി ഒഴുകുന്ന കേരളമെന്ന യമുനയില്‍ വിഷം കലര്‍ത്താനെത്തിയ കാളിയന്‍മാരാണ് അമിത്ഷായും, യോഗി ആദിത്യനാഥുമെല്ലാം.
ഇന്ത്യയിലെങ്ങും വര്‍ഗീയ കലാപങ്ങള്‍ വാരി വിതറിക്കൊണ്ട് , ചോരപ്പുഴകള്‍ സൃഷ്ടിച്ച് കൊണ്ട് രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്നെ അന്നത്തെ ബി.ജെ.പി അധ്യക്ഷനായ എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയാണ് കുമ്മനത്തിന്റെ ഈ ജനരക്ഷാ യാത്രകാണുമ്പോള്‍ എനിക്കോര്‍മവരുന്നത്. അദ്വാനിയുടെ യാത്രക്കിടയില്‍ ഉണ്ടായ പോലുള്ള വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കാന്‍ ബി .ജെ. പിക്ക് കഴിയാതിരുന്നത് അല്ലെങ്കില്‍ അവര്‍ അതില്‍ പരാജയപ്പെട്ടത് കേരളീയ സമൂഹത്തിന്റെ നിതാന്ത ജാഗ്രത മൂലമാണ്. എന്നാല്‍ ഈ കാളിയന്‍മാര്‍ അടങ്ങിയിരിക്കുമെന്ന് നമ്മള്‍ വ്യാമോഹിക്കരുത്. വീണ്ടും വീണ്ടും വര്‍ഗീയ ഫണമുയര്‍ത്തി അവര്‍ നാട്ടിലിറങ്ങിയേക്കാം, നമ്മള്‍ കരുതിയിരിക്കുക.
നെടുങ്കന്‍ ഡയലോഗുകള്‍ കൊണ്ട് മത ഫാസിസത്തെ തടഞ്ഞ് നിര്‍ത്താമെന്ന് കരുതുന്നവര്‍ വിഡ്ഡികളാണ്. അത്തരം സാഹസങ്ങള്‍ അവര്‍ക്ക് കൂടുതല്‍ ശക്തമായ ഇടങ്ങള്‍ സൃഷ്ടിച്ച് കൊടുക്കും. വാക്കുകളല്ല മറിച്ച് ശക്തമായ പ്രതിപ്രവര്‍ത്തനമാണ് അതിനെതിരേ വേണ്ടത്. ഒരു വശത്ത് അവര്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചു കൊടുക്കുകയും, മറു വശത്ത് അവര്‍ക്കെതിരേ സംസാരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഫാസിസമെന്ന വടവൃക്ഷത്തിന് വെള്ളവും വെളിച്ചവും പകരാന്‍ മാത്രമെ ഉപകരിക്കൂ. കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ റോഡുകള്‍ മുഴുവനും താറുമാറായി കിടക്കുകയാണ്. പക്ഷെ ബി .ജെ .പി അധ്യക്ഷന്‍ വന്നപ്പോള്‍ യാത്ര കടന്ന് പോകുന്ന പ്രദേശത്തെ റോഡുകള്‍ രായ്ക് രാമാനം പൂമെത്തയായി. സ്‌കൂളുകള്‍ക്ക് അവധി കൊടുത്തും, ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്രക്കാരെയും, ബസുകളെയും ഒഴിപ്പിച്ചും ബി.ജെ.പിയുടെ യാത്രയെ വലിയ സംഭവമാക്കാന്‍ യത്‌നിച്ചവര്‍ അതിന് ശേഷം പുറത്ത് വന്ന് അവര്‍ക്കെതിരേ സംസാരിക്കുന്നതിലെ വൈരുധ്യാത്മിക ഭൗതികവാദം മലയാളിക്ക് അത്ര പെട്ടെന്ന് പിടികിട്ടില്ല. അവര്‍ വരട്ടെ, യാത്ര നടത്തട്ടെ, നന്നായി നടത്തട്ടെ എന്തായാലും നമ്മള്‍ക്കല്ലേ ഗുണം എന്ന ഈ മനോഭാവമുണ്ടല്ലോ, പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണണമെന്ന ഈ മനോഭാവം അതാണ് കേരളത്തില്‍ സംഘ്പരിവാറിന് ഇടം നേടിക്കൊടുക്കുന്നത്. പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍ ശത്രുക്കളല്ല, മറിച്ച് ആത്മസുഹൃത്തുക്കളാണ്. കാരണം ഒരാളുടെ നിലനില്‍പ്പ് മറ്റൊരാളുടെ നിലനില്‍പ്പില്‍ അധിഷ്ഠിതമാണ്.
വര്‍ഗീയതക്കും, മതഫാസിസത്തിനുമെതിരേ തന്ത്രപരമായ സമീപനങ്ങളില്ല, മറിച്ച് തുറന്ന പോരാട്ടം മാത്രമെയുള്ളു. തന്ത്ര പരമായ സമീപനം കൈക്കൊള്ളുന്നവര്‍ അവരെ പരോക്ഷമായി വളര്‍ത്തുകയാണ്. മുഖ്യശത്രു ആര്‍.എസ് .എസ് ആണോ കോണ്‍ഗ്രസാണോ എന്ന് ഇപ്പോഴും തിരിച്ചറിയാന്‍ ചിലര്‍ക്ക് കഴിയാത്തതാണ് ആര്‍ .എസ് .എസിന്റെയും, സംഘ്പരിവാറിന്റെയും എക്കാലത്തെയും വലിയ ശക്തിയെന്ന് മാത്രം മനസിലാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."