ജഡ്ജി നിയമനം സുതാര്യമാക്കുന്നത് നന്ന്, പക്ഷേ,
സുപ്രിം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്ജിമാരായി നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന് നല്‍കുന്ന ശുപാര്‍ശകളില്‍ തള്ളിക്കളയുവാന്‍ ഉദ്ദേശിക്കുന്ന പേരുകള്‍ കാരണസഹിതം പ്രസിദ്ധപ്പെടുത്തുവാന്‍ സുപ്രിം കോടതി തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്.നിയമന നടപടികളില്‍ സുതാര്യത ഉറപ്പാക്കാനാണ് ഇത്തരമൊരു തീരുമാനം സുപ്രിം കോടതി കൈക്കൊണ്ടത് 'സീനിയോറിറ്റി ഉണ്ടായിട്ടും സ്ഥാനക്കയറ്റം ലഭിക്കാത്തതിനെത്തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജി ജയന്ത് പാട്ടീല്‍ രാജിവച്ചൊഴിഞ്ഞ പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്.'ജയന്തിന്റെ രാജി സംബന്ധിച്ച് ജഡ്ജിമാരിലും മുതിര്‍ന്ന അഭിഭാഷകര്‍ക്കി ടയിലും പ്രതിഷേധങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉയര്‍ന്നു വന്നിരുന്നു.മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ വിമര്‍ശനം സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ വ്യക്തിപരമായി ഉള്ളതാണെന്ന് കാണിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള കൊളീജിയം സംവിധാനത്തെക്കുറിച്ച് നേരത്തെ തന്നെ പരാതികളുയര്‍ന്നതാണ് രണ്ട് പേര്‍ എഴുതിക്കൊണ്ടു വരുന്ന പേരുകള്‍ കൊളീജിയം യോഗത്തില്‍ വായിച്ച് മറ്റുള്ളവര്‍ അത് അംഗീകരിക്കുന്ന പ്രവണത ആശാസ്യമല്ലെന്ന് നേരത്തെ തന്നെ നിയമവൃത്തങ്ങളില്‍ അഭിപ്രായം ഉയര്‍ന്നതാണ്.സുപ്രിം കോടതിയുടെ ഇപ്പോഴത്തെ തീരുമാനത്തിന് ഏറെ പ്രാധാന്യം ഉണ്ടായത് സുപ്രിംകോടതി സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്. അത് അസംഭവ്യമാണെങ്കിലും അങ്ങിനെയൊരു ധാരണ ഉണ്ടാകാന്‍ കാരണമായത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ബന്ധപ്പെട്ട ഒരു കേസില്‍ ജസ്റ്റിസ് ജയന്ത് പാട്ടീല്‍ പുറപ്പെടുവിച്ച ഒരു വിധി പ്രസ്താവമാണ്. അമിത് ഷാപ്രതിയായ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് ജയന്ത്പാട്ടീല്‍ ഗുജറാത്ത് ജഡ്ജിയായിരിക്കെ സി.ബി.ഐക്ക് വിട്ടിരുന്നു.ഇത് കാരണമാണ് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം നഷ്ടപ്പെട്ടതെന്നും അദ്ദേഹം രാജിവച്ചതെന്നുമുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്ന് വരികയും ചെയ്തിരുന്നു.ഇതിനെത്തുടര്‍ന്ന് സുപ്രിം കോടതിക്ക് സര്‍ക്കാര്‍ അനുകൂല നിലപാടുകളില്ലെന്നും എത്രയോ കേസുകളില്‍ സര്‍ക്കാറിന് എതിരായ വിധി പ്രസ്താവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുപ്രിം കോടതി ചൂണ്ടിക്കാണിച്ചിരുന്നു.ഇതിനെത്തുടര്‍ന്നായിരിക്കണം ഇത്തരം കാര്യങ്ങളില്‍ സുതാര്യത വരുത്തുവാന്‍ ജഡ്ജിമാരുടെ സ്ഥലംമാറ്റത്തെ സംബന്ധിച്ചും സ്ഥാനക്കയറ്റത്തെ സംബന്ധിച്ചും സ്ഥാനക്കയറ്റം കിട്ടാതെ പോയതിന്റെ കാരണങ്ങളെക്കുറിച്ചും സുപ്രിം കോടതി വെബ്‌സൈറ്റില്‍ വിശദമായി പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടാവുക. അര്‍ഹത ഉണ്ടായിട്ടും മന:പൂര്‍വ്വം തന്റെ സ്ഥാനക്കയറ്റം തടഞ്ഞുവെന്ന ജസ്റ്റിസ് ജയന്തിന്റെ ആവലാതിയും ഇത്തരമൊരു തീരുമാനമെടുക്കുവാന്‍ സുപ്രിം കോടതിയെ നിര്‍ബന്ധിച്ചിട്ടുണ്ടാകണം. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന രീതി ആശാസ്യമല്ലെന്ന അഭിപ്രായം നേരത്തെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉയര്‍ന്നതാണ്. അത് പക്ഷെ സ ദുരുദ്ദേശ്യത്തോടെയായിരുന്നില്ല. ജസ്റ്റിസുമാരുടെ നിയമനങ്ങളില്‍ അവര്‍ക്കും കൈ കടത്തുവാനുള്ള അവസരത്തിന് വേണ്ടിയായിരുന്നു 'ഈ ഉദ്ദേശ്യം മനസ്സില്‍വച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ ജഡ്ജി നിയമനങ്ങള്‍ക്കായി ജുഡിഷ്യല്‍ നിയമന കമ്മിഷന്‍ രൂപികരിക്കുവാന്‍ തീരുമാനിച്ചത്.
ഇതിനായി 2015 ഒക്ടോബറില്‍ പാര്‍ലമെന്റ് 99ാം ഭരണഘടനാ ഭേദഗതി പാസാക്കുകയും ചെയ്തു. എന്നാല്‍ സുപ്രിം കോടതി ഈ ഭരണഘടനാ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് വിധി പ്രസ്താവിച്ച് തള്ളിക്കളയുകയും ജഡ്ജി നിയമനങ്ങള്‍ക്ക് തല്‍സ്ഥിതി തുടരുവാന്‍ ഉത്തരവാകുകയും ചെയ്തു ജുഡിഷ്യല്‍ നിയമന കമ്മിഷനില്‍ സര്‍ക്കാറിന് താല്‍പര്യമുളള ജഡ്ജിമാര്‍ വരുമ്പോള്‍ സര്‍ക്കാര്‍ എതിര്‍കക്ഷിയായി വരുന്ന കേസുകളില്‍ സര്‍ക്കാര്‍ അനുകൂല വിധി പ്രസ്താവങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. 'ഇതിനെ തുടര്‍ന്നാണ് കൊളീജിയം സമര്‍പ്പിക്കുന്ന ജഡ്ജി നിയമന ശുപാര്‍ശകള്‍ ബി.ജെ.പി സര്‍ക്കാര്‍ വച്ച് താമസിപ്പിക്കുവാന്‍ തുടങ്ങിയത്.ഇതിന്റെ ഫലമായി രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കൊളീജിയം സമ്പ്രദായം കുറ്റമറ്റതല്ലെങ്കിലും അത് തന്നെയാണ് ഇന്നത്തെ ഇന്ത്യയില്‍ അഭികാമ്യം. പക്ഷെ സ്ഥാനക്കയറ്റത്തിന് അയോഗ്യരാകുന്നവരുടെ പേരുവിവരങ്ങള്‍ സുപ്രിം കോടതി വെബ് സെറ്റിലൂടെ അറിയിക്കുമ്പോള്‍ നിലവില്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ക്ക് ഈ അയോഗ്യതകാരണമാവുകയില്ലേ മാത്രവുമല്ല മുതിര്‍ന്ന അഭിഭാഷകരെ ഈ രീതിയില്‍ ജഡ്ജി നിയമനങ്ങള്‍ക്ക് അയോഗ്യരാക്കുന്നതിന്റെ കാരണം വിശദീകരിക്കുമ്പോള്‍ അതവരുടെ ഭാവി തൊഴില്‍ ജീവിതത്തെ ബാധിക്കുകയില്ലേ ഇത്തരം സന്ദേഹങ്ങും സംശയങ്ങളും സുപ്രിംകോടതി വൈകാതെ പരിഹരിക്കുമെന്നാശിക്കാം. എന്തൊക്കെ പരാധീനതകളും പരാതികളും ഉണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും യാതൊരു പോറലുമേല്‍ക്കാതെ ഇന്നും അഭംഗുരം തുടരുന്നത് ഇന്ത്യന്‍ ജുഡിഷ്യറി അതിശക്തമായി തന്നെ നിലനില്‍ക്കുന്നത് കൊണ്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."