HOME
DETAILS

ഫ്രഞ്ച്, ഇംഗ്ലീഷ് ഗോളടി മേളം

  
backup
October 09 2017 | 01:10 AM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%b3%e0%b4%9f%e0%b4%bf-%e0%b4%ae

കൊല്‍ക്കത്ത: മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സും കരുത്തരായ ഇംഗ്ലണ്ടും ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഉജ്ജ്വല വിജയത്തോടെ ഗംഭീര തുടക്കമിട്ടു. ഗോളടി മേളം തീര്‍ത്താണ് ഫ്രാന്‍സും ഇംഗ്ലണ്ടും വിജയിച്ചു കയറിയത്. ഫ്രാന്‍സ് ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്ക് ന്യൂ കാലിഡോണിയയെ തകര്‍ത്തപ്പോള്‍ മരണ ഗ്രൂപ്പിലെ പോരാട്ടത്തില്‍ ഇംഗ്ലണ്ട് ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് നിശബ്ദരാക്കുകയായിരുന്നു.

ഫ്രഞ്ച് പടയോട്ടം
അയല്‍ക്കാരും തങ്ങളുടെ പ്രവിശ്യക്ക് കീഴിലുള്ളവരും ലോകകപ്പിലെ പുതുമുഖങ്ങളുമായ ന്യൂ കാലിഡോണിയയുടെ കൗമരപ്പടയോട് ആ പരിഗണന കാട്ടാന്‍ ഫ്രാന്‍സിന്റെ കുട്ടികള്‍ തയ്യാറായില്ല. ദുര്‍ബലരായ എതിരാളികളെ ഗോളില്‍ മുക്കി ഫ്രാന്‍സ് രണ്ടാം കൗമാര കിരീടം തേടിയുള്ള യാത്രയ്ക്ക് ഉജ്ജ്വല തുടക്കമിട്ടു. 7-1 എന്ന സ്‌കോര്‍ സൂചിപ്പിക്കും പോലെ തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് പട എതിരാളിയുടെ വലയില്‍ നിറച്ചത് ആറ് ഗോളുകള്‍. രണ്ടാം പകുതിയില്‍ ഒരു ഗോളും കൂടി ചേര്‍ത്ത് ഫ്രാന്‍സ് പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ ഒരുവട്ടം പന്ത് ഫ്രഞ്ച് വലയിലാക്കി ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോള്‍ കുറിക്കാന്‍ കഴിഞ്ഞു എന്ന ആശ്വാസം മാത്രം സ്വന്തമാക്കി കുഞ്ഞന്‍ ദ്വീപ് രാഷ്ട്രമായ ന്യൂ കാലിഡോണിയ മൈതാനം വിട്ടു.
ഏഴില്‍ അഞ്ച് ഗോളുകള്‍ ഫ്രഞ്ച് താരങ്ങള്‍ വലയിലാക്കിയപ്പോള്‍ ശേഷിച്ച രണ്ട് ഗോളുകള്‍ കാലിഡോണിയ താരങ്ങള്‍ സെല്‍ഫിലൂടെ അവര്‍ക്ക് ദാനമായും നല്‍കി. ഫ്രഞ്ച് നിരയില്‍ അമിനെ ഗൗയിരി ഇരട്ട ഗോളുകളും ക്ലൗഡിയോ ഗോമസ്, മാക്‌സെന്‍സ് കഖ്വിരെറ്റ്, വില്‍സന്‍ ഇസിഡോര്‍ എന്നിവര്‍ ശേഷിച്ച ഗോളുകളും നേടി. കാലിഡോണിയ താരങ്ങളായ വനെസ്സെ, ബെര്‍ണാഡ് ഇവ എന്നിവരാണ് സെല്‍ഫ് ഗോളുകളിലെ ദുരന്ത കഥാപാത്രങ്ങളായത്. ന്യൂ കാലിഡോണിയയുടെ ആശ്വാസ ഗോള്‍ സിദ്രി വദെന്‍ഗെസ് സ്വന്തമാക്കി. കാലിഡോണിയക്കായി ലോകകപ്പില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോര്‍ഡും തോല്‍വിക്കിടയിലും താരത്തിന് സ്വന്തമായി.
കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ നിര്‍ഭാഗ്യം ദ്വീപ് രാഷ്ട്രത്തെ തേടിയെത്തി. ബെര്‍ണാഡ് ഇവയുടെ അബദ്ധം ഫ്രാന്‍സിന് ലീഡൊരുക്കി. പിന്നീട് ഇരമ്പിയാര്‍ക്കുന്ന ഫ്രഞ്ച് താരങ്ങളായിരുന്നു മൈതാനം നിറയെ. 19ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍. സംഘ ബലത്തിന്റെ പിന്‍ബലത്തില്‍ അമിനെ ഗൗയിരിയാണ് രണ്ടാം ഗോള്‍ ടീമിന് സമ്മാനിച്ചത്. 30ാം മിനുട്ടില്‍ വീണ്ടും ഗോള്‍. ഇത്തവണ ക്ലൗഡിയോ ഗോമസിന്റെ ബൂട്ടില്‍ നിന്ന്. തൊട്ടുപിന്നാലെ വീണ്ടുമൊരു ഗോള്‍ ശ്രമം ഫ്രഞ്ച് പട നടത്തിയെങ്കിലും അത് ലക്ഷ്യത്തിലെത്തിയില്ല. 33ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ അമിനെ ഗൗയിരി നാലാം ഗോള്‍ ടീമിന് സമ്മാനിച്ചു. ഇടതടവില്ലാതെ ഫ്രഞ്ച് പട മുന്നേറിയപ്പോള്‍ കാലിഡോണിയന്‍ പ്രതിരോധം ആടിയുലഞ്ഞു. 38ാം മിനുട്ടില്‍ ഗോളിനടുത്തെത്തിയ ഫ്രാന്‍സിന്റെ മറ്റൊരു ശ്രമവും പാഴായി. രണ്ട് മിനുട്ട് പിന്നിട്ടപ്പോള്‍ ഫ്രഞ്ച് ടീമിന്റെ അഞ്ചാം ഗോള്‍ വലയില്‍. ഇത്തവണ മാക്‌സെന്‍സ് കഖ്വിരെറ്റായിരുന്നു സ്‌കോറര്‍. 43ാം മിനുട്ടില്‍ വനെസ്സെയുടെ വകയുള്ള സെല്‍ഫ് ഗോള്‍ ഫ്രാന്‍സിന്റെ ആറാം ഗോളായി വലയില്‍ കയറിയതോടെ അവര്‍ ഏതാണ്ട് വിജയമുറപ്പിച്ചാണ് ആദ്യ പകുതിക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ കാലിഡോണിയ ഗോള്‍ കീപ്പറുടെ മിന്നും പ്രകടനമാണ് ഫ്രഞ്ച് പടയോട്ടത്തില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. 55ാം മിനുട്ടില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്കടക്കം തട്ടിയകറ്റി ഗോള്‍ കീപ്പര്‍ ഉനെ കെസിനെ ടീമിന്റെ രക്ഷകനായി. കഖ്വിരെറ്റെടുത്ത പെനാല്‍റ്റി കിക്കാണ് ഇനെ തട്ടിയകറ്റിയത്. രണ്ടാം പകുതിയിലും ഫ്രാന്‍സ് ഗോളിനടുത്ത് നിരവധി തവണയെത്തിയെങ്കിലും അവിടെയെല്ലാം ഉനെയുടെ നിശ്ചയദാര്‍ഢ്യമാണ് അവര്‍ക്ക് വിലങ്ങായത്. കളി അവസാന നിമിഷങ്ങളിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് മത്സരത്തിലെ ശേഷിച്ച രണ്ട് ഗോളുകളുടെ പിറവി. 90ാം മിനുട്ടില്‍ സിദ്രി വദെന്‍ഗെസ് കാലിഡോണിയയുടെ ആശ്വാസ ഗോള്‍ നേടി. തൊട്ടുപിന്നാലെ പകരക്കാരനായി കളത്തിലെത്തിയ ഫ്രാന്‍സിന്റെ വില്‍സന്‍ ഇസിഡോര്‍ അവരുടെ ഏഴാം ഗോള്‍ വലയിലാക്കി വിജയം പൂര്‍ത്തിയാക്കി.

ഇംഗ്ലീഷ് മുന്നേറ്റം
ഇംഗ്ലണ്ടും ചിലിയും തമ്മിലുള്ള തുല്ല്യ ശക്തരുടെ പോരാട്ടമായി മാറുമെന്ന പ്രതീക്ഷിക്കപ്പെട്ട മത്സരത്തിലാണ് ഇംഗ്ലണ്ടിന്റെ ഏകപക്ഷീയ വിജയം. ഈ ലോകകപ്പിലെ മരണ ഗ്രൂപ്പെന്ന വിളിപ്പേരുള്ള ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് പട ചിലിയന്‍ സംഘത്തെ കെട്ടുകെട്ടിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം നേടി ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞ ഇംഗ്ലണ്ട് രണ്ടാം പകുതിയിലാണ് ശേഷിച്ച മൂന്ന് ഗോളുകളും വലയിലാക്കി മത്സരം തീര്‍ത്തും തങ്ങളുടെ വരുതിയിലാക്കിയത്. ജഡോന്‍ സാഞ്ചോ ഇരട്ട ഗോളുകളുമായി മുന്നില്‍ നിന്നപ്പോള്‍ ശേഷിച്ച ഗോളുകള്‍ കല്ലം ഹഡ്‌സന്‍ ഒഡോയ്, എയ്ഞ്ചല്‍ ഗോമസ് എന്നിവരും നേടി. രണ്ടാം പകുതിയില്‍ ചിലിയന്‍ ഗോള്‍ കീപ്പര്‍ ജൂലിയോ ബോര്‍ക്വിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ചിലിക്ക് പത്ത് പേരുമായി മത്സരിക്കേണ്ടത് വന്നത് തിരിച്ചടിയായി മാറി. ഈ ഫൗളിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നാണ് എയ്ഞ്ചല്‍ ഗോമസ് നാലാം ഗോള്‍ വലയിലാക്കി ഇംഗ്ലണ്ടിന്റെ പട്ടിക തികച്ചത്. രണ്ട് ഗോളുകള്‍ നേടുകയും ആദ്യ ഗോളിന് വഴിയൊരുക്കുകയും ചെയ്ത ജഡോന്‍ സാഞ്ചോയാണ് കളിയിലെ താരമായത്.
കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ വല കുലുക്കി ഇംഗ്ലണ്ട് തങ്ങളുടെ പദ്ധതി പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് കടുത്ത പ്രതിരോധവുമായി ചിലി നിലയുറപ്പിച്ചെങ്കിലും അതിന് അധികം ആയുസുണ്ടായില്ല. നിരന്തരം ആക്രമണം സംഘടിപ്പിച്ച് ചിലിയന്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങളുമായി ഇംഗ്ലണ്ടും നിറഞ്ഞതോടെ മത്സരം കടുത്തു. 30, 36, 39 മിനുട്ടുകളില്‍ ഇംഗ്ലീഷ് പടയുടെ ഗോള്‍ ശ്രമങ്ങളെല്ലാം വിഫലമാകുന്ന കാഴ്ച. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുന്‍പ് സാഞ്ചോയുടെ ഒരു ഗോള്‍ ശ്രമവും ലക്ഷ്യം തെറ്റി പാഞ്ഞു.
രണ്ടാം പകുതിയിലും ചിലിയന്‍ ഭാഗത്ത് നിന്ന് കാര്യമായ മുന്നേറ്റങ്ങളില്ല. അലക്ഷ്യമായ അവരുടെ സമീപനം ഇംഗ്ലണ്ട് ശരിക്കും മുതലെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. 51ാം മിനുട്ടില്‍ ഇംഗ്ലണ്ട് രണ്ടാം ഗോളിലൂടെ ലീഡുയര്‍ത്തി. പൊട്ടിപ്പോയ ചിലിയന്‍ പ്രതിരോധത്തിന്റെ അബദ്ധം മുതലെടുത്ത് സാഞ്ചോയുടെ ഗോള്‍ വലയില്‍ കയറിയതോടെ ഇംഗ്ലണ്ട് മുന്നേറ്റത്തിന് കരുത്ത് കൂടി. എട്ട് മിനുട്ട് പിന്നിട്ടപ്പോള്‍ അതിന്റെ ഫലം അവര്‍ വീണ്ടും കൊയ്തു. ഇത്തവണയും സാഞ്ചോ തന്നെ. തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ പട്ടിക താരം മൂന്നാക്കി ഉയര്‍ത്തി. മത്സരം പുരോഗമിക്കവേയാണ് ഇരുട്ടടിയെന്നോണം ചിലിയന്‍ ഗോള്‍ കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ് വാങ്ങി കളം വിടേണ്ടി വന്നത്. പിന്നീട് പത്ത് പേരായി ചുരുങ്ങിയ ചിലിയന്‍ നിരയുടെ ദൗര്‍ബല്യം മുതലെടുത്ത് കളിയുടെ 81ാം മിനുട്ടില്‍ ഗോമസിലൂടെ ഇംഗ്ലണ്ട് സുരക്ഷിത വിജയം സ്വന്തമാക്കി.


ഫ്രാന്‍സ്- ന്യൂ കാലിഡോണിയ
മത്സരത്തില്‍ പന്ത് ഏറ്റവും കൂടുതല്‍ കൈവശം വച്ചത് ഫ്രാന്‍സ്. 72 ശതമാനം. കാലിഡോണിയ 28 ശതമാനം. ഫ്രാന്‍സ് 31 ഗോള്‍ ശ്രമങ്ങള്‍ നടത്തിയതില്‍ ലക്ഷ്യത്തിനടുത്തെത്തിയത് 17 എണ്ണം. അഞ്ചെണ്ണം വലയില്‍ കയറി. കാലിഡോണിയ അഞ്ച് ശ്രമങ്ങളാണ് ഗോളിലേക്ക് ലക്ഷ്യമിട്ടത്.

ഇംഗ്ലണ്ട്- ചിലി
മത്സരത്തില്‍ 64 ശതമാനവും പന്ത് കൈവശം വച്ചത് ഇംഗ്ലണ്ടായിരുന്നു. ചിലി 36 ശതമാനം. 21 ഗോള്‍ ശ്രമങ്ങള്‍ ഇംഗ്ലണ്ട് നടത്തിയപ്പോള്‍ നാല് ശ്രമങ്ങള്‍ മാത്രമാണ് ചിലിയന്‍ ഭാഗത്ത് നിന്നുണ്ടായത്. ഇംഗ്ലണ്ടിന്റെ 21ല്‍ ഒന്‍പത് ഷോട്ടുകള്‍ ഗോളിനടുത്തെത്തി. നാലെണ്ണം വലയില്‍ കയറി.


വിജയം തുടരാന്‍ ഘാന, യു.എസ്.എ, പരാഗ്വെ

ന്യൂഡല്‍ഹി: ഗ്രൂപ്പ് എയില്‍ ഇന്ത്യ ഇന്ന് കൊളംബിയയുമായി ഏറ്റുമുട്ടുമ്പോള്‍ ഘാനയും യു.എസ്.എയുമായി മറ്റൊരു മത്സരത്തില്‍ നേര്‍ക്കുനേര്‍ വരും. ആദ്യ മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇരു ടീമുകളും വിജയം തുടര്‍ന്ന് അടുത്ത ഘട്ടത്തിലേക്കുള്ള സാധ്യതകള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. കൊളംബിയയെ 1-0ത്തിന് വീഴ്ത്തിയതിന്റെ കരുത്തിലാണ് ഘാന ഇറങ്ങുന്നതെങ്കില്‍ ഇന്ത്യയെ 3-0ത്തിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് അമേരിക്ക.
ഗ്രൂപ്പ് ബി പോരാട്ടത്തില്‍ തുര്‍കി മാലിയുമായും ന്യൂസിലന്‍ഡ് പരാഗ്വെയുമായും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ തുര്‍ക്കിയും ന്യൂസിലന്‍ഡും 1-1ന് സമനിലയില്‍ പിരിഞ്ഞ് ഇരുവരും ഓരോ പോയിന്റ് പങ്കിട്ടാണ് രണ്ടാം പോരിന് ഇന്നിറങ്ങുന്നത്. പ്രീ ക്വാര്‍ട്ടറിലേക്ക് സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യം. ആദ്യ മത്സരത്തില്‍ കടുത്ത പോരാട്ടം അതിജീവിച്ച് മാലിയെ 3-2ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ലാറ്റിനമേരിക്കന്‍ കരുത്തരായ പരാഗ്വെ. വിജയം തുടരുക അവര്‍ ലക്ഷ്യമിടുന്നു. ആദ്യ മത്സരത്തില്‍ അവസാനം വരെ പൊരുതിയതിന്റെ ആത്മവിശ്വാസം കരുത്താക്കി വിജയ വഴിയിലെത്താനായാണ് മാലി ഇറങ്ങുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  20 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  20 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  20 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  20 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  20 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  20 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

Kerala
  •  20 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  20 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  20 days ago