അഴിമതിയാരോപണം: സഊദിയില്‍ 400 വിദേശികള്‍ പിടിയിലായി
ദമാം: സഊദിയില്‍ അഴിമതിയാരോപണത്തില്‍ നാനൂറോളം വിദേശികളെ പിടികൂടി. ആദ്യമായാണ് ഇത്രയധികം വിദേശികളെ അഴിമതിയാരോപണത്തില്‍ പിടികൂടുന്നത്. സഊദി നാഷണല്‍ ആന്റി കറപ്ഷന്‍ കമ്മീഷന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. പിടികൂടിയവരില്‍ കൂടുതലും സര്‍ക്കാര്‍ കരാറുകള്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളാണ്.
രാജ്യത്ത് അഴിമതിയാരോപണത്തില്‍ ഇത്രയധികം വിദേശി പൗരന്മാരെ പിടികൂടുന്നത് ഇതാദ്യമായാണെന്നു കമ്മീഷന്‍ മേധാവി ഖാലിദ് അബ്ദുല്‍ മുഹ്‌സിന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അഴിമതിക്കായി പ്രേരിപ്പിച്ച കുറ്റത്തിലാണ് ഭൂരിപക്ഷവും പിടിക്കപ്പെട്ടിട്ടുള്ളത്. സഊദി വ്യവസായികളുമായുള്ള ചര്‍ച്ചയിലായിരുന്നു അഴിമതിക്കഥയുടെ വെളിപ്പെടുത്തല്‍. പിടിയിലായവരില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളായ പാസ്‌പോര്‍ട് കേന്ദ്രം, നാട് കടത്തല്‍ കേന്ദ്രം, ലേബര്‍ കോടതികള്‍ എന്നിവിടങ്ങളിലുള്ളവരും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. പൊതു മേഖലാ സ്ഥാപനങ്ങള്‍. പൊതു പദ്ധതികള്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ കമ്മിഷന്റെ നിരീക്ഷണത്തിലാണ്. പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും നിരവധി പരാതികള്‍ ദിനേന ലഭിക്കുന്നുണ്ടെന്നും കമ്മീഷന്‍ മേധാവി പറഞ്ഞു.
നിലവില്‍ ഇടനിലക്കാരായുള്ള നിരവധി വിദേശികള്‍ നിരീക്ഷണത്തിലാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ്. തെളിവുകള്‍ ലഭിക്കുന്ന മുറക്ക് ഇവരെയും പിടികൂടും. അന്വേഷണത്തില്‍ നിരവധി ബിനാമി സ്ഥാപനങ്ങളെയും കണ്ടെത്തിയതായും കമ്മീഷന്‍ പറഞ്ഞു. അതിനെതിരെ തുടര്‍ നടപടിക് വാണിജ്യ മന്ത്രാലയത്തെ ഏല്‍പിച്ചതായും കമ്മീഷന്‍ അറിയിച്ചു. പൊതു ഖജനാവിലെ സമ്പത്ത് പൊതു ജനങളുടെ സ്വത്താണെന്നും അത് അവകാശപ്പെട്ടവര്‍ക്ക് എത്തുന്നതിനായി കൂടുതല്‍ കര്‍ശന ഉപാധികള്‍ കൊണ്ട് വരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."