ആര്‍.ടി.ഒമാരെ ഇനി എല്ലാ വര്‍ഷവും സ്ഥലംമാറ്റും; ഒരിടത്ത് ഒരു വര്‍ഷം മാത്രം
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിലെ ആര്‍.ടി.ഒമാര്‍ക്ക് ഇനി വര്‍ഷം തോറും സ്ഥലം മാറ്റം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. മൂന്നുവര്‍ഷം കഴിയാതെ ഒരാളെ ഒരിടത്ത് നിന്ന് മാറ്റരുതെന്ന സര്‍ക്കാര്‍ തീരുമാനത്തെയാണ് മന്ത്രി തോമസ് ചാണ്ടി നേരിട്ട് ഇടപെട്ട് അട്ടിമറിച്ചത്. പുതിയ മാനദണ്ഡപ്രകാരം ആര്‍.ടി.ഒമാരെ ഒരു സ്ഥലത്ത് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇരുത്തില്ല. മൂന്നുമാസത്തിലൊരിക്കല്‍ ചെക്ക് പോസ്റ്റുകളില്‍ ജോലി നോക്കുന്നവരെ മാറ്റും. ഒരു ജില്ലയില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരാളെ ജോലി നോക്കാന്‍ അനുവദിക്കില്ലെന്നും തീരുമാനിച്ചു.
ജോയിന്റ് ആര്‍.ടി.ഒമാര്‍ രണ്ടുവര്‍ഷവും, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് രണ്ട് വര്‍ഷമായിരിക്കും ഒരിടത്തെ സേവന കാലാവധി. വര്‍ക്കിങ് അറേഞ്ച്‌മെന്റുകള്‍ പാടില്ല. നിലവിലുള്ളതെല്ലാം റദ്ദാക്കണം. അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഒരേ ജില്ലയില്‍ ജോലി ചെയ്യുന്നവരെ മറ്റ് ജില്ലകളിലേക്ക് മാറ്റണം. ചെക്ക് പോസ്റ്റുകളില്‍ മൂന്നുമാസം കൂടുമ്പോള്‍ ആളെ മാറ്റണം.
ഗതാഗത കമ്മിഷണര്‍ക്കായിരിക്കും നിയമന അധികാരം നല്‍കുക. യോഗ്യരായവരെ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും ഓരോ ചെക്ക് പോസ്റ്റുകളിലും അതാത് ആര്‍.ടി.ഒയുടെ കീഴിലുള്ളവരെയാണ് നിയമിച്ചിരുന്നതെങ്കില്‍ ഇനി അതാത് സോണിലുള്ളവരേയും നിയമിക്കാമെന്നും ഉത്തരവില്‍ പറയുന്നു. യോഗ്യരായവരുടെ പട്ടിക മുന്‍കൂട്ടി തയാറാക്കിവയ്ക്കണമെന്നും ഉത്തരവിലുണ്ട്.
മോട്ടോര്‍ വാഹനവകുപ്പില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷമിരിക്കുന്നത് അഴിമതിക്ക് വഴിയൊരുക്കുമെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. ഇതിന്റ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്നാണ് വിശദീകരണം.അതേ സമയം, ഭരണക്കാര്‍ക്ക് വര്‍ഷംതോറും കൈക്കൂലി വാങ്ങാനുള്ള അവസരമായിരിക്കും ഇതുവഴിയുണ്ടാകുകയെന്നും ആരോപണമുണ്ട്. വകുപ്പ് ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഉന്നതഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈക്കൂലി കൊടുത്താണ് പല ഉദ്യോഗസ്ഥരും ആര്‍.ടി ഓഫിസുകളിലും ചെക്കുപോസ്റ്റുകളിലും നിയമനം നേടിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."