നോട്ടു നിരോധനവും ജി.എസ്.ടിയും കിതപ്പെന്ന് ലോകബാങ്ക്, കുതിപ്പെന്ന് ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയിലെന്ന് ലോകബാങ്ക്. കേന്ദ്രസര്‍ക്കാര്‍ നേട്ടമായി അവകാശപ്പെടുന്ന നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇന്ത്യയുടെ സാമ്പത്തിക തിരിച്ചടിക്ക് കാരണമെന്ന് ലോകബാങ്ക് ഏഷ്യ-പെസിഫിക് ഡെപ്യൂട്ടി ഡയറക്ടര്‍ കെന്നത്ത് കാങ് പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തിന് കാരണം നോട്ട് നിരോധനവും ജി.എസ്.ടിയുമാണെന്ന ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തെ ശരിവച്ച കെന്നത്ത് കാങ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തെ പൂര്‍ണമായും തള്ളിയിരിക്കുകയാണ്. ഇന്ത്യയുടെ ധനസ്ഥിതി മെച്ചപ്പെടാന്‍ സാമ്പത്തിക വര്‍ഷങ്ങളുടെ ഏകീകരണം അനിവാര്യമാണ്.
തൊഴില്‍ മേഖലയുടെ പുരോഗതി, ഉല്‍പാദന രംഗത്തിന്റെ വളര്‍ച്ച എന്നിവയിലൂടെ സാമ്പത്തിക രംഗത്തിന്റെ ഉയര്‍ച്ചക്ക് പര്യാപ്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും ലോകബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുകയും കോര്‍പ്പറേറ്റ്-ബാങ്കിങ് രംഗത്തെ തളര്‍ത്തുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിവരുന്ന സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയും കാര്‍ഷികരംഗം മെച്ചപ്പെടുത്തുന്ന നയം ആവിഷ്‌കരിക്കുകയും വേണമെന്നും കാങ് നിര്‍ദേശിച്ചു.
തൊഴില്‍മേഖലയുടെ പരിഷ്‌കരണത്തിനായി വിപണി നിയന്ത്രണം ആവശ്യമാണ്. ഇത് നിക്ഷേപരംഗത്ത് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് വഴിവയ്ക്കും. അതോടൊപ്പം രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന വിവാദമായേക്കാവുന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
എന്നാല്‍, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലെ തിരിച്ചടി കേവലം ആപേക്ഷികം മാത്രമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തിന്റെ രണ്ടു ദശാബ്ദത്തേക്കുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ കഴിവ് ഇന്ത്യക്കുണ്ട്. വ്യവസായങ്ങള്‍ക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.
സംരംഭങ്ങള്‍ക്കു വലിയ നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. മാസങ്ങള്‍ക്കുള്ളില്‍ വ്യവസായ പുരോഗതിക്കുള്ള പരിതസ്ഥിതികളില്‍ മാറ്റം വരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. യു.എസ് സന്ദര്‍ശനത്തിനിടെ വാഷിങ്ടണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ നടത്താനാകും. 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ മൂല്യം കൂടിയ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് കള്ളപ്പണ ഇടപാടുകള്‍ തടഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇതു ബാധിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍, ഇത് ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്നതാണെന്നും ധനമന്ത്രി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."