ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയറിന് ഉജ്ജ്വല സമാപനം
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഈസ ടൗണ്‍ കാമ്പസില്‍ സംഘടിപ്പിച്ച മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും ഉജ്വല സമാപനം.
ആയിരക്കണക്കിന് സന്ദര്‍ശകരാണ് രണ്ടു ദിവസങ്ങളിലായി ഇസ ടൗണ്‍ കാമ്പസിലേക്കു ഒഴുകിയെത്തിയത്.
വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളോടെയാണ് ഇന്ത്യന്‍ സ്‌കൂള്‍ മൈതാനം മെഗാ ഫെയര്‍ സമാപനത്തിനു സാക്ഷ്യം വഹിച്ചത്.
പിന്നണി ഗായകര്‍ ശ്രീനിവാസ്, ജ്യോത്സ്‌ന, വിഷ്ണു രാജ് എന്നിവരുടെ സംഗീത പരിപാടികളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികളൂം മെഗാ ഫെയറിന്റെ സമാപനം ശ്രദ്ധേയമാക്കി.
സോപാനം വാദ്യകലാ സംഘം അവതരിപ്പിച്ച ചെണ്ട മേളത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
ആര്യഭട്ട ഹൗസ്, ജെ.സി ബോസ് ഹൗസ്, സി.വി രാമന്‍ഹൗസ്, വിക്രം സാരാഭായ് ഹൗസ് എന്നിവയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നടത്തിയ സിനിമാറ്റിക് ഡാന്‍സും അറബിക് ഡാന്‍സും റിഫ ക്യാമ്പസില്‍ നിന്നുള്ള കുരുന്നുകള്‍ അവതരിപ്പിച്ച പരിസ്ഥിതി സൗഹൃദ നൃത്തവും ആസ്വാദകരുടെ മനം കവര്‍ന്നു.
വിക്രം സാരാഭായി ഹൗസില്‍ നിന്നുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പാശ്ചാത്യ നൃത്തം അവതരിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും വിവിധ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റാഫ് ഒരുക്കിയ വിവിധ ഭക്ഷ്യ സ്റ്റാളുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വെര്‍ച്വല്‍ റിയാലിറ്റി ഷോകള്‍, ഫെയ്‌സ് പെയിന്റിംഗ്, ഹെന ഡിസൈനിങ്, തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ഗെയിം സ്റ്റാളുകളെല്ലാം സജീവമായിരുന്നു.
സ്‌കൂളില്‍ നിന്നുള്ള ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകരുടെ ക്ഷേമത്തിനും വേണ്ടിയാണ് ഫെയറില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുക. മെഗാ ഫെയര്‍ ഉജ്വല വിജയമാക്കി മാറ്റിയ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയൂം സാമൂഹ്യ പ്രവര്‍ത്തകരെയും സംഘാടക സമിതിയെയും ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജനും സെക്രട്ടറി ഡോ ഷെമിലി പി ജോണും ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മാലിമും അനുമോദിച്ചു.
സമാപന ചടങ്ങില്‍ സ്‌കൂള്‍ മെഗാ ഫെയര്‍ സുവനീര്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, മെഗാ ഫെയര്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഹുസൈന്‍ മാലിം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവരും സമാപന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."