പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തി കാര്‍
കൊച്ചി: പിഞ്ചു കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്ന ആംബുലന്‍സിന് മുന്നില്‍ വഴി തടസ്സപെടുത്തി കാര്‍ വില്ലനായി. തുടരെ ഹോര്‍ണടിച്ചിട്ടും കിലോമീറ്ററുകളോളം ആംബുലന്‍സിന്റെ മുന്നില്‍ സൈഡ് കൊടുക്കാതെ കുതിച്ച എസ്.യു.വി കാര്‍ മാറി കൊടുക്കാന്‍ തയാറായില്ല.
ശ്വാസതടസ്സം നേരിട്ട നവജാത ശിശുവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും കൊണ്ടു പോകുമ്പോഴാണ് സംഭവം. ആലുവ ജി.ടി.എന്‍ ജംക്ഷനില്‍ വച്ചാണ് കാര്‍ മുന്നില്‍ പ്രവേശിച്ചത്.
സര്‍ക്കാര്‍ ആംബുലന്‍സിന്റെ മുന്നിലാണ് വഴി തടസ്സപ്പെടുത്തി kl 17 ml 202 എന്ന നമ്പറിലുള്ള മഹീന്ദ്ര എസ്.യു.വി കാര്‍ വിലങ്ങായത്. ഏറെ നേരം ഹോര്‍ണടിച്ചിട്ടും സൈഡ് നല്‍കാന്‍ സ്ഥലമുണ്ടായിട്ടും കാറിന്റെ ഡ്രൈവര്‍ ഇതിന് തയാറായില്ല. ഹസാര്‍ഡ് ലൈറ്റ് ഓണ്‍ ചെയ്ത് കാര്‍ ആംബുലന്‍സിന്റെ മുന്നില്‍ കുതിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ സഹിതം ആംബുലന്‍സ് ഡ്രൈവര്‍ മധു അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കാര്‍ തടസ്സം സൃഷ്ടിച്ചതു മൂലം കളമശ്ശേരിയിലെത്താന്‍ 15 മിനിറ്റോളം അധികം സമയമെടുത്തെന്ന് മധു പറഞ്ഞു. കാറുടമയെ തിരിച്ചറിഞ്ഞതായും ഇദ്ദേഹത്തിനെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."