'കുട്ടികളെ കൊന്നവരേ; ഇറങ്ങിപ്പോകൂ' അന്താരാഷ്ട്ര വേദിയില്‍ ഇസ്രാഈല്‍ പ്രതിനിധിക്കു നേരെ വിരല്‍ചൂണ്ടി കുവൈത്ത് സ്പീക്കര്‍
കെയ്‌റോ: ലോക രാജ്യങ്ങളിലെ പാര്‍ലമെന്റ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐ.പി.യു) യോഗത്തില്‍ ഇസ്രാഈലിനെതിരെ തുറന്നടിച്ച് കുവൈത്ത് പാര്‍ലമെന്ററി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം.
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ യോഗത്തിലാണ് കുവൈത്ത് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം രൂക്ഷമായി വിമര്‍ശിച്ചത്.
ഇസ്രാഈല്‍ തടവിലാക്കിയ ഫലസ്തീനികളെപ്പറ്റിയുള്ള ഐ.പി.യു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചര്‍ച്ചക്കിടെയായിരുന്നു ഇസ്രാഈല്‍ ഡെപ്യൂട്ടി സ്പീക്കര്‍ നാച്മാന്‍ ഷായ്ക്കു നേരെ വിരല്‍ ചൂണ്ടി മര്‍സൂഖ് അല്‍ ഗാനിയുടെ വിമര്‍ശനം.
'ആദ്യമായി, നിഷ്പക്ഷമായ റിപ്പോര്‍ട്ടിന് ഞാന്‍ കമ്മിറ്റിക്ക് നന്ദി പറയുന്നു. ഭീകരവാദത്തിന്റെ ഏറ്റവും ഭയാനക രൂപമായ ഭരണകൂട ഭീകരതയുടെ പ്രതിനിധിയോട് എനിക്ക് പറയാനുള്ളത്, നാണമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്നാണ്. സാധനങ്ങളെല്ലാം എടുത്ത് ഈ ഹാളില്‍ നിന്ന് നിങ്ങള്‍ പുറത്തു പോകണം. ലോക പാര്‍ലമെന്റുകളുടെ പൊതുവികാരം നിങ്ങള്‍ക്കിവിടെ കാണാം. ഒരല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ ഇപ്പോള്‍ ഇവിടെ നിന്ന് ഇറങ്ങിപ്പോകണം. കയ്യേറ്റക്കാരേ, കുട്ടികളുടെ ഘാതകരേ... തുടങ്ങിയ ഗാനിമിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടിയോടെയാണ് പാര്‍ലമെന്ററി യൂണിയന്‍ സ്വീകരിച്ചത്.
ഒരു മിനുട്ടില്‍ താഴെയുള്ള അല്‍ ഗാനിമിന്റെ വാക്കുകള്‍ ഇസ്രാഈല്‍ പ്രതിനിധി സംഘത്തെ ഞെട്ടിച്ചു. തുടര്‍ന്ന് നാച്മന്‍ ഷായും ലിക്കുഡ് പാര്‍ട്ടി പ്രതിനിധി ഷാറന്‍ ഹാസ്‌കലും അടക്കമുള്ള സംഘം ബാഗെടുത്ത് പുറത്തു പോവുകയും ചെയ്തു.
അല്‍ ഗാനിമിനെ ഫലസ്തീന്‍ നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി അസ്സാം അല്‍ അഹ്മദ് പ്രശംസിച്ചു. ഫലസ്തീനികള്‍ക്കേറ്റ മുറിവുകള്‍ക്കു മേല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാശിക്കുന്നതായി അഹ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."