ദീപാവലിക്കു പിന്നാലെ പുകയില്‍ പൊതിഞ്ഞ് ഡല്‍ഹി
ന്യൂഡല്‍ഹി: ദീപാവലി കഴിഞ്ഞതിനു പിന്നാലെ പുകയില്‍ പൊതിഞ്ഞ് രാജ്യതലസ്ഥാനം. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് പത്തിരട്ടിയിലേറെ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത പുകമഞ്ഞും രൂപപ്പെട്ടു. ഇതുകാരണം ചിലവിമാനസര്‍വിസുകളും തടസപ്പെട്ടു. വായുമലിനീകരണം മുന്‍കൂട്ടികണ്ട് ഡല്‍ഹിയില്‍ പടക്കവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് പടക്കം പൊട്ടിക്കുന്നതിനു കാര്യമായ കുറവുവന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ കമ്പനികള്‍ വീടുവീടാന്തിരം എത്തിച്ചുകൊടുത്തതിനാല്‍ ആവശ്യക്കാര്‍ക്ക് മതിയായ പടക്കം ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അന്തരീക്ഷ മലിനീകരണ തോതില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്ത് നഗരത്തിലെ വായു മലിനീകരണത്തിന്റെ തോത് 431 ആയിരുന്നത് ഈ വര്‍ഷം 319 ആയി കുറഞ്ഞു.
ഡല്‍ഹിയില്‍ ആനന്ദ് വിഹാറിലാണ് ഏറ്റവുമധികം വായു മലിനീകരണത്തിന്റെ തോത് രേഖപ്പെടുത്തിയത്. ഇവിടെ ഇത് ആയിരമായി ഉയര്‍ന്നു. നഗരത്തിന്റെ മിക്ക പ്രദേശങ്ങളിലും ജീവന് അപകടകരമായ മലിനീകരണ അളവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലി ദിവസം രാത്രി ഏഴുമണിയോടെയാണ് മലിനീകരണപരിധി കുത്തനെ കൂടിയത്. ശ്വാസകോശത്തില്‍ പ്രവേശിച്ച് രക്തത്തില്‍ കലര്‍ന്ന മനുഷ്യരെ രോഗാവസ്ഥയിലാക്കുന്ന മലിനീകരണത്തിന്റെ അംശം (പി.എം) 2.5 മുതല്‍ 10 വരെയായി ഉയര്‍ന്നു. പി.എം 10ന്റെ അനുവദനീയമായ അളവ് 100 ഉം പി.എം 2.5 ന്റെ അനുവദനീയമായ അളവ് ഒരു ക്യൂബിക് മീറ്ററില്‍ 60 മൈക്രോ ഗ്രാമുമാണ്. ഇന്നലെ രാവിലെ 10 ന് ഇന്ത്യാ ഗേറ്റ് പരിസരത്ത് മാത്രം പി.എം 2.5ന്റെ അളവ് 985 എന്ന ഏറ്റവും ഉയര്‍ന്ന തോതും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."