ജില്ലാ പദ്ധതി: ഉപസമിതി റിപ്പോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കണം
കണ്ണൂര്‍: ജില്ലാ പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായുള്ള വിവിധ ഉപസമിതികളുടെ റിപ്പോര്‍ട്ടുകള്‍ നവംബര്‍ 20നകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ഇതിനായി ഓരോ മേഖലയുമായും ബന്ധപ്പെടുന്ന എല്ലാ വിഭാഗം ആളുകളുമായും വിദഗ്ധരുമായും ഉപസമിതികള്‍ ആശയ വിനിമയം നടത്തണമെന്ന് പ്രസിഡന്റ് പറഞ്ഞു.
എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ അഭിപ്രായ-നിര്‍ദേശങ്ങളും തേടണം. കുറ്റമറ്റ രീതിയില്‍ സമഗ്രമായ ജില്ലാ പദ്ധതി തയാറാക്കുന്നതിന് എല്ലാ ഉപസമിതികളും സജീവമായി പ്രവര്‍ത്തിക്കണമെന്നും കെ.വി സുമേഷ് ആവശ്യപ്പെട്ടു.
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ തട്ടിലുള്ള പദ്ധതികളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് സമഗ്രമായ രീതിയില്‍ പദ്ധതി നടത്തിപ്പുകള്‍ പുനഃസംവിധാനം ചെയ്യുന്നതിനാണ് ജില്ലാ പദ്ധതികള്‍ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിദേശിച്ചിട്ടുള്ളത്. ജില്ലയുടെ വികസനം സംബന്ധിച്ച വിശാല കാഴ്ചപ്പാട് വ്യക്തമാക്കുന്ന ജില്ലാ വികസന പരിപ്രേക്ഷ്യമാണ് ഇതിന്റെ ആദ്യഭാഗം. കേന്ദ്ര, സംസ്ഥാന വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളം തദ്ദേശസ്ഥാപനങ്ങളുടെ നടപ്പ് വാര്‍ഷിക പദ്ധതിയും വിശകലനം ചെയ്ത് ഭാവിയില്‍ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് രണ്ടാം ഭാഗമായി തയ്യാറാക്കേണ്ടത്.
ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലായി കണ്ണൂര്‍ ജില്ലയില്‍ 18 ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരുമടങ്ങിയതാണ് ഉപസമിതികള്‍. ഓരോ വിഷയ മേഖലയിലെയും ഉപസമിതികള്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്‍വീനര്‍മാര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉപസമിതി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കണ്‍വീനര്‍, ജോ. കണ്‍വീനര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ കെ. പ്രകാശന്‍, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."