മാത്തൂര്‍ ശിവക്ഷേത്രത്തില്‍ 1600 വര്‍ഷം പഴക്കമുള്ള കല്‍പടവുകള്‍ കണ്ടെത്തി
എരുമപ്പെട്ടി: പന്നിത്തടം മാത്തൂര്‍ ശിവക്ഷേത്രത്തില്‍ 1600 ഓളം വര്‍ഷം പഴക്കമുളള കല്‍പടവുകള്‍ കണ്ടെത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മാത്തൂര്‍ ശിവക്ഷേത്രത്തിലെ നവീകരണകലശത്തിന്റെ ഭാഗമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കല്‍പടവുകള്‍ കണ്ടെത്തിയത്. വടക്കാഞ്ചേരി കുന്ദംകുളം റോഡില്‍ പന്നിത്തടത്ത് സ്ഥിതി ചെയ്യുന്ന മാത്തൂര്‍ ശിവക്ഷേത്രത്തിന് 1600 വര്‍ഷം പഴക്കമുണ്ട്.
കേരളത്തിലെ പ്രധാനപ്പെട്ട 108 ശിവക്ഷേത്രങ്ങളില്‍ ആറാമത്തെ ക്ഷേത്രമാണ് മാത്തൂര്‍ ശിവക്ഷേത്രം. നിലവില്‍ മൂന്ന് ഏക്കറോളം സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 45 അടി ഉയരമുള്ള വട്ട ശ്രീകോവിലിന്റെ ഭിത്തി പൂര്‍ണമായി കരിങ്കല്ലുകൊണ്ട് നിര്‍മിച്ചതാണ്.
കിഴക്കോട്ട് ദര്‍ശനമായി ശ്രീപാര്‍വ്വതി ബിംബ പ്രതിഷ്ഠയും തെക്കോട്ട് ദര്‍ശനമായി ഗണപതി, ദക്ഷിണാ മൂര്‍ത്തി, ശാസ്താവ്, നാഗരാജാവ് എന്നീ പ്രതിഷ്ഠകളുമാണ് ഇവിടെയുള്ളത്. കൂടാതെ മഹാദേവന്റെ വാഹനമായ കാളയെ തൊഴുത്ത് നിര്‍മ്മിച്ച് സംരക്ഷിച്ച് വരുന്നുണ്ട്. കാലപഴക്കം മൂലം ക്ഷേത്രത്തിന്റെ മേല്‍ക്കൂരക്ക് സംഭവിച്ച കേടുപാടുകള്‍ 8 വര്‍ഷം മുന്‍പ് തീര്‍ത്തിരുന്നു.
എന്നാല്‍ ഇതാദ്യമായാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടക്ക് അഭിമുഖമായി കിടക്കുന്ന കുളവും പരിസരവും കിളച്ച് ശുചീകരിക്കുന്നത്. പൊന്തക്കാടുകള്‍ വെട്ടി വൃത്തിയാക്കി മണ്ണ് നീക്കുന്നതിനിടയിലാണ് കല്‍പ്പടവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ വിവരം അറിയിക്കുകയും കല്‍പ്പടവുകള്‍ മണ്ണു നീക്കി പുറത്ത് കൊണ്ടുവരികയും ചെയ്തു. ക്ഷേത്ര ഉപദേശക സമിതിയും തിരുവാതിര നാമജപ കൂട്ടായ്മയും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്രത്തിനോളം തന്നെ പഴക്കമുള്ള കല്‍പ്പടവുകള്‍ അതിന്റെ തനിമയോടെ സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്രം കമ്മറ്റി ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."