പട്ടയഭൂമികളില്‍ നിന്ന് മരം മുറിക്കാന്‍ അനുവദിക്കണമെന്ന് നാട്ടുകാര്‍
കോതമംഗലം: മന്നാംകണ്ടം വില്ലേജിലെ പട്ടയഭൂമികളില്‍ നിന്ന് മരം മുറിക്കുന്നതിന് ഭൂവുടമകള്‍ക്ക് അനുവാദം നല്‍കണമന്ന് നാട്ടുകാര്‍ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. നേര്യമംഗലം വനപരിധിയിലെ മന്നാംകണ്ടം വില്ലേജില്‍ ഉള്‍പ്പെട്ട എല്‍.എ, എല്‍.എ.എഫ്, ചെമ്പ്, ബി.ടി.ആര്‍ പട്ടയങ്ങളില്‍ ഉള്‍പ്പെട്ട പുരയിടങ്ങളില്‍ നിന്ന് ആഞ്ഞിലി, തേക്ക്, പ്ലാവ്, മാവ്, തുടങ്ങിയ മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനാവശ്യ തടസവാദങ്ങള്‍ സൃഷ്ടിക്കുന്നതായിട്ടാണ് നാട്ടുകാരുടെ പരാതി.
വിവാഹം, വീട് പണി, മക്കളുടെ പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണത്തിനായി മരം മുറിക്കുന്നതിന് അനാവശ്യ തടസങ്ങളാണ് അധികൃതര്‍ പറയുന്നത്. എല്‍.എ.എഫ് പട്ടയത്തില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ നിന്ന് മരം മുറിക്കുന്നതിന് പട്ടയം ലഭിച്ച് 12 വര്‍ഷം കഴിയണമെന്ന വ്യവസ്ഥയുടെ മറവിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്നത്.
റവന്യൂരേഖകള്‍ ഹാജരാക്കിയാലും രക്ഷയില്ലെന്നാണ് ഇവര്‍ പറയുന്നത്. അതേ സമയം നോട്ടിഫൈഡ് വില്ലേജുകളില്‍ ഉള്‍പ്പെട്ട കുട്ടമ്പുഴ പോലുള്ള പ്രദേശങ്ങളില്‍ നിന്ന് മരം മുറിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് ഉപയോഗിച്ച് മേല്‍ ആവശ്യങ്ങള്‍ക്ക് മരം മുറിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ കൈവശ ഭുമിയില്‍ നിന്നുള്‍പ്പെടെ കൈയേറ്റഭൂമിയിലെയും റവന്യൂ സ്ഥലത്തെയും മരങ്ങളാണ് ഇത്തരത്തില്‍ മുറിക്കുന്നത്. വിവാഹം, വീടുപണി, മക്കളുടെ പഠനം എന്നീ ആവശ്യങ്ങള്‍ക്കായി ഉപാധികളോടെ പട്ടയഭൂമിയില്‍ നിന്ന് മരംമുറിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നോട്ടിഫൈഡ് വില്ലേജ്കളിലെ ഭുവുടമകള്‍ക്ക് അനുവാദം നല്‍കിയിരുന്നു.
ആഞ്ഞിലി, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങള്‍ കൈവശഭൂമിയില്‍ നിന്ന് മുറിക്കുന്നതിനാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യവസ്ഥകളോടെ നോട്ടിഫൈഡ് വില്ലേജുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. നാട്ടുകാരുടെയും, ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ ഇതിന്റെ മറവില്‍ എല്‍.എ.പട്ടയഭൂമിയില്‍ നിന്ന് ഉള്‍പ്പെടെ മരം മുറിച്ചു കടത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു. പശ്ചിമഘട്ട വനമേഖലയില്‍ പെട്ടതും പരിസ്ഥിതി ലോല പ്രദേശവുമായ കുട്ടമ്പുഴ, പൂയംകുട്ടി എന്നിവിടങ്ങളിലെ ഏതെങ്കിലും സര്‍വേ നമ്പര്‍ ഉപയോഗിച്ച് ഏത് വിഭാഗത്തില്‍ പെടുന്ന മരമാണെന്ന് വെള്ളക്കടലാസില്‍ സ്വയം സാക്ഷ്യപത്രം തയ്യാറാക്കിയ ശേഷം ഇതുപയോഗിച്ച് മരം വെട്ടി കടത്തുന്നുവെന്നായിരുന്നു പരാതി. ഇതിന് വനം വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയും ഉണ്ടെന്നും പറയപ്പെടുന്നു.
വനം വകുപ്പിന്റെ ചെക് പോസ്റ്റുകള്‍ ഉള്ളിടത്ത് നിന്ന് ഈ വിധം മരം കടത്തുന്നത് സംശയമുണര്‍ത്തുകയും ചെയ്തിരുന്നു. തട്ടേക്കാട് പക്ഷിസങ്കേതത്തോട് അനുബന്ധമായി കിടക്കുന്ന ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്തു നിന്ന് ഈ വിധം മരം മുറിക്കുന്നതിനെതിരെ പരിസ്ഥിതിവാദികളും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."