HOME
DETAILS
MAL
പറ്റിക്കാന്‍ നിന്നുകൊടുക്കാന്‍ പറ്റില്ലിനിയും
backup
November 08 2017 | 05:11 AM
കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും തടയാനാണു നോട്ടു റദ്ദാക്കുന്നതെന്നാണു 2016 നവംബര്‍ 8 നു പ്രധാനമന്ത്രി പറഞ്ഞത്. പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു കൊല്ലം തികഞ്ഞു. കുറഞ്ഞോ കള്ളപ്പണം, ഇല്ലാതായോ കള്ളനോട്ട്, ശമിച്ചോ തീവ്രവാദം എന്നീ ചോദ്യങ്ങള്‍ ഈ ഘട്ടത്തില്‍ സ്വാഭാവികമായും ഉയരും. ഉത്തരം പറയേണ്ടതു കേന്ദ്രസര്‍ക്കാരാണ്. അവര്‍ പറയില്ലെങ്കില്‍ ഉത്തരം കണ്ടെത്തേണ്ടതു നമ്മളാണ്.
135 മനുഷ്യജീവനാണ് നോട്ടുനിരോധനത്തിന്റെ പേരില്‍ അകാരണമായി ഹോമിക്കപ്പെട്ടത്. പൊരിവെയിലിലും മഞ്ഞിലും മഴയിലും വരി നിന്നു വീണു മരിക്കുമ്പോഴും അവര്‍ കരുതിയിരിക്കാം, ഇതൊക്കെ നാടു നന്നാവാനാണെന്ന്! എന്നിട്ടു നന്നായോ. ഇല്ലെന്ന് ആരെങ്കിലും പറഞ്ഞുതരേണ്ട കാര്യമില്ല.
നോട്ടുനിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും തടയലായിരുന്നെന്നു വ്യക്തം. കള്ളപ്പണം തടയണമെങ്കില്‍ ആദ്യം തടയേണ്ടിയിരുന്നതു പി നോട്ടായിരുന്നു. പി നോട്ട് എന്നാല്‍ പാര്‍ട്ടിസിപേറ്ററി നോട്ട്. തട്ടിപ്പ് ഏര്‍പ്പാടാണത്. സ്വിസ് ബാങ്കിലിട്ട കള്ളപ്പണം വളഞ്ഞ വഴിയിലൂടെ ഓഹരിച്ചന്തയിലെത്തിക്കാനും ഒരു തിരിച്ചറിയല്‍ രേഖയുമില്ലാതെ ശതകോടികള്‍ കൊണ്ട് അമ്മാനമാടാനും വഴിയൊരുക്കുന്ന കുടിലവിദ്യയാണ് പി നോട്ട് സമ്പ്രദായം.
അതു തടയാതെ പിന്നെന്തു കുന്തമാണു കള്ളപ്പണവേട്ട എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഉള്ള കള്ളനോട്ടൊക്കെ വെളുവെളെ വെളുപ്പിക്കാന്‍ കള്ളന്മാര്‍ക്ക് അവസരമൊരുക്കുകയും അതു തടയാതിരിക്കുകയും ചെയ്തിട്ട് എന്തുകാര്യം. 2015 16 കാലത്തേതിന്റെ പലമടങ്ങാണു 1617 ല്‍ റിസര്‍വ് ബാങ്ക് കണ്ടെത്തിയ കള്ളനോട്ടുകള്‍. തീവ്രവാദത്തെയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല. കാരണം, തീവ്രവാദം ഒരു കൊല്ലംകൊണ്ട് 42 ശതമാനം കൂടിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം.
ലക്ഷ്യം പിന്നെന്താകാം, അതു സ്വീഡനാകലാണ്. നമുക്കും ഒരു സ്വീഡനാകണ്ടേയെന്നു പ്രധാനമന്ത്രി ചോദിച്ചല്ലോ! ആ ചോദ്യത്തിന്റെ ലക്ഷ്യമിതായിരുന്നുവെന്ന് ഇപ്പോള്‍ തെളിയുന്നു. കറന്‍സിരഹിത സമ്പദ് വ്യവസ്ഥ. എങ്കില്‍ അതുനേരേ ചൊവ്വേ പറയാന്‍ പാടില്ലായിരുന്നോ. നോട്ട് റദ്ദാക്കലിനു മാസങ്ങള്‍ക്കു മുമ്പു ഡിജിറ്റല്‍ കുത്തകയായ 'വിസ'പറഞ്ഞു, ഇന്ത്യയുടെ പ്രതിശീര്‍ഷ ഡിജിറ്റല്‍ ഇടപാട് വെറും 10 മാത്രമാണെന്നും സ്വീഡനില്‍ ഇതു 429 ആണെന്നും.
ഇന്ത്യ ക്യാഷ് ലെസ് ആയാല്‍ 'വിസ' പോലുള്ള ഡിജിറ്റല്‍ കമ്പനികള്‍ക്കാണു നേട്ടം. കാശച്ചടിച്ചെത്തിക്കാന്‍ ജി.ഡി.പിയുടെ 1.7 ശതമാനം ചെലവാക്കുന്നുണ്ടെന്നും അത് 1.3 ആക്കാനായാല്‍ രാജ്യത്തിനു 4 ലക്ഷം കോടി രൂ ലാഭിക്കാമെന്നുമാണു വിസയുടെ വാദം. വിസയുടെ പഠന റിപ്പോര്‍ട്ടിനെ അന്നേ നീതി ആയോഗ് തലവന്‍ അമിതാഭ് കാന്ത് സ്വാഗതം ചെയ്തതാണ്. അതാണു സ്വീഡനാവണ്ടേ എന്ന പ്രധാനമന്ത്രിയുടെ ചോദ്യരൂപത്തില്‍ പിന്നെ പുറത്തുവന്നത്.
നോട്ട് അച്ചടി കുറച്ചാല്‍ 4 ലക്ഷം കോടി ലാഭിക്കാമെന്നു വിസ പറഞ്ഞ് ഒരു വര്‍ഷത്തിനകം ഇന്ത്യന്‍ ധനമന്ത്രി അതേറ്റെടുത്തു. പിന്‍വലിച്ച അത്രയും നോട്ട് അച്ചടിക്കില്ലെന്നു പ്രഖ്യാപിച്ചു. കാശു കിട്ടാതായ കാലത്ത് ആളുകള്‍, ചെലവേറിയതാണെങ്കിലും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ തുടങ്ങി. ഡിജിറ്റല്‍ കമ്പനികള്‍ക്കു കുശാല്‍.
ഒന്നര വര്‍ഷം മുമ്പ് ഇന്ത്യക്കു നാലുലക്ഷം കോടി ലാഭിക്കാമെന്നു പറഞ്ഞ വിസ അതുവഴി തങ്ങള്‍ക്ക് എത്ര കിട്ടുമെന്നു പറഞ്ഞിരുന്നില്ല. എന്നാല്‍, അമേരിക്കയിലെ വന്‍കിട റസ്റ്റാറന്റുകള്‍ ക്യാഷ് ലെസ്സാക്കാനായി വിസ ഒരു ഓഫര്‍ വെച്ചു. തീരേ കാശു വാങ്ങാതെ ബില്ലെല്ലാം ഡിജിറ്റലാക്കിയാല്‍ ഒരു റസ്റ്റാറന്റിനു 10,000 ഡോളര്‍ ഇനാം. ഒരു റസ്റ്റാറന്റ് ക്യാഷ് ലെസ്സാക്കിയാല്‍ 10,000 ഡോളര്‍ കൊടുക്കാമെങ്കില്‍ ഒരു രാജ്യം തന്നെ ക്യാഷ് ലെസ്സാക്കിക്കിട്ടാന്‍ എത്ര കാശു ചെലവാക്കാന്‍ വിസ തയ്യാറാവുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു. ഇങ്ങനെ എത്ര കാശു കൈമറിഞ്ഞിട്ടുണ്ടാകാം.വീണു മരിച്ച 135 പേരും മരിക്കാതെ മരിച്ചു ജീവിക്കുന്നവരും ദുരിതം പേറി വലഞ്ഞവരുമായ ഇന്ത്യക്കാര്‍ ചോദിക്കുന്നു: 'വെറുതെ വിടാമോ ഈ രാജ്യദ്രോഹികളെ.'
ഈ ചോദ്യം തന്നെയാണു വേറൊരു ഭാഷയില്‍ അമര്‍ത്യാസെന്നും കൗശിക് ബസുവും രഘുരാംരാജനും പ്രഭാത് പട്‌നായിക്കും ചോദിച്ചത്. അതേ ചോദ്യമാണു യശ്വന്ത് സിന്‍ഹയും സുബ്രഹ്മണ്യസ്വാമിയും ഗുരുമൂര്‍ത്തിയും ചോദിച്ചത്. ഐ.എംഎഫിന്റെ ഒടുവിലത്തെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കും പറഞ്ഞത് ഇതു തന്നെ: 'തെറ്റായ രീതിയിലുള്ള നോട്ട് റദ്ദാക്കലും അനവസരത്തില്‍ ജി.എസ്.ടി അടിച്ചേല്‍പ്പിച്ചതും കാരണം ഇന്ത്യ മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന്!
രണ്ടര ശതമാനം കണ്ടാണു നമ്മുടെ ജിഡിപി കുറഞ്ഞത്. കൈയും കെട്ടിനില്‍ക്കാതെ ഇതിനുത്തരം പറയേണ്ടതു തെറ്റായ തീരുമാനം തെറ്റായ രീതിയില്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച എന്‍.ഡി.എ സര്‍ക്കാരും അതിന്റെ നയങ്ങളുമാണ്. സുപ്രിം കോടതി ആശങ്കപ്പെട്ടു: ഇതു നാടിനെ കലാപത്തിലേയ്ക്കു നയിക്കില്ലേ.രാജ്യദ്രോഹക്കുറ്റം ഭയന്നു പലരും മിണ്ടിയില്ല. പക്ഷേ, അന്നു മിണ്ടാത്തവരും ഇപ്പോള്‍ മിണ്ടിത്തുടങ്ങുകയാണ്. സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരേ ശബ്ദമുഖരിതമാവുകയാണ് ഇന്ത്യ. ഇനിയുമിതു സഹിക്കാനാവില്ല. തൊഴിലാളികളും കര്‍ഷകരും ഈ നവംബറില്‍ തുടങ്ങുകയാണ് നിലയ്ക്കാത്ത പോരാട്ടങ്ങള്‍.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."