മാണിയുടേത് കുറ്റവാളിയുടെ വിലാപമെന്ന് കേരളാ കോണ്‍.(സെക്യുലര്‍)
കൊല്ലം: കുറ്റം ചെയ്ത തന്നെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു സംരക്ഷിച്ചില്ലെന്ന ആക്ഷേപം ഉയര്‍ത്തി യു.ഡി.എഫ് വിട്ട കെ.എം മാണി ഇപ്പോള്‍ നടത്തുന്നതു കുറ്റവാളിയുടെ വിലാപം മാത്രമാണെന്നു കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ജില്ലാ പ്രസിഡന്റ് രവി മൈനാഗപ്പള്ളി.
കൊല്ലം ജില്ലാ നേതൃസമ്മേളനം വൈ.എം.സി.എ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമപരമായി പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു വിജിലന്‍സ് കണ്ടെത്തി അന്വേഷണം നടന്ന ഘട്ടത്തില്‍ ആഭ്യന്തരമന്ത്രി തന്നെ സംരക്ഷിച്ചില്ല എന്നു പറയുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. അബ്കാരി ബിജു രമേശിനെ ഉപയോഗിച്ച് കെ.എം മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പുമാണെന്ന അന്നത്തെ പാര്‍ട്ടിനേതൃത്വത്തിന്റെ വിലയിരുത്തല്‍ ഇന്ന് അദ്ദേഹം ദുരുപയോഗം ചെയ്യുകയാണ്. നന്മയുള്ളിടത്തേക്കു പോകുമെന്നാണ് മാണി ഇപ്പോള്‍ പറയുന്നത്. കോഴപ്പണം ഉണ്ടാക്കുന്നതിനുള്ള ഗവേഷണം മാത്രമാണു കെ.എം മാണി രാഷ്ട്രീയത്തില്‍ കാട്ടുന്ന നന്മയെന്നു ജനം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ. സലീം അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി എഡ്വേര്‍ഡ്, ജുനൈദ് ഇബ്രാഹിം കുട്ടി, മുജീബ് പുതുക്കാലില്, ബിനീഷ് പത്തനാപുരം, ഹരീഷ് പട്ടാഴി, എന്‍.ഡി മുരളീധരന്, ഓച്ചിറ സുഭാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."