തേങ്ങയെടുക്കാന്‍ കിണറിലിറങ്ങി; അമ്മൂമ്മ താരമായി
പയ്യന്നൂര്‍: തേങ്ങയെടുക്കാന്‍ കിണറിലിറങ്ങിയ അമ്മൂമ്മയുടെ ചങ്കൂറ്റം നവമാധ്യമങ്ങളിലൂടെയും അല്ലാതെയും കണ്ടത് ലക്ഷങ്ങള്‍. കഴിഞ്ഞദിവസമാണ് തേങ്ങയെടുക്കാന്‍ കിണറിലിറങ്ങിയ അമ്മൂമ്മയുടെ വീഡിയോ രംഗങ്ങള്‍ നവമാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു.
കുഞ്ഞിമംഗലം കല്ലന്താറ്റ് മുള്ളിക്കോട് സ്വദേശിനിയായ ചാലില്‍ ശ്രീദേവിയെന്ന തൊണ്ണൂറുകാരിയായ നാട്ടുകാരുടെ സ്വന്തം ചീയ്യേയിയേച്ചിയാണ് നാട്ടിലെ താരമായിരിക്കുന്നത്. നാല് പെണ്‍മക്കളാണ് ശ്രീദേവിക്ക്. ഇപ്പോള്‍ ഇളയ മകളുടെ കൂടെയാണ് താമസം. ആറുമാസം മുമ്പ് വരെ ഇവര്‍ കൂലിപ്പണിക്ക് പോയിരുന്നു. ഇപ്പോള്‍ വാര്‍ധക്യസഹജമായ അവശതയാല്‍ പുറത്തൊന്നും പോകാന്‍ മക്കള്‍ സമ്മതിക്കാറില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പേ ശ്രീദേവിയമ്മ കിണറിലിറങ്ങുകയും കിണര്‍ വൃത്തിയാക്കുകയും ചെയ്യുമായിരുന്നു. ആള്‍മറ കെട്ടി പടകളോടുകൂടിയ കിണറിന്റെ സമീപത്തെ തെങ്ങില്‍ നിന്നു വീണ ഉണങ്ങിയ രണ്ട് തേങ്ങകളെടുക്കാനാണ് അമ്മൂമ്മ കിണറിലിറങ്ങിയത്. കിണറ്റിന്‍ കരയില്‍ നിന്നു മകളോടൊപ്പം ഉണ്ടായിരുന്ന ചെറുമക്കളും കൂട്ടുകാരുമാണ് ശ്രീദേവിയമ്മൂമ്മ കിണറിലിറങ്ങുന്നതും കിണറില്‍ നിന്നു തേങ്ങയെടുക്കുന്നതും നര്‍മം കലര്‍ന്ന സംസാരവും മൊബൈലിലെടുത്തത്. ഉടനെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഷെയര്‍ ചെയ്ത വീഡിയോ വാട്‌സാപ്പ് ഗ്രൂപ്പുകളിലും വന്നതോടെ വീഡിയോ വൈറലായി. വിവരമറിഞ്ഞ് തന്നെ കാണാനെത്തിയവരോട് യാതൊരു മടിയും കൂടാതെ നിറപുഞ്ചിരിയോടെ പറയും കിണറിലിറങ്ങുന്നത് കാണണോയെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."