കായികധ്യാപകര്‍ക്ക് പ്രാണവേദന.. ഹരിയാന മന്ത്രിക്ക് വീണ വായന..
കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിലെ കായികമന്ത്രി റിയോയില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഒരു വിധം പരിഹരിച്ചതേയുള്ളൂ. അപ്പോഴേക്കും അടുത്തത് പുറകെയെത്തി. പക്ഷേ ഇത്തവണ കേന്ദ്രമന്ത്രിയല്ല പ്രശ്‌നക്കാരന്‍. ഹരിയാന കായികമന്ത്രിയായ അനില്‍ വിജാണ്.
മന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടു. അവിടുന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മന്ത്രിയും അദ്ദേഹത്തിന്റെ പരിവാരങ്ങളും റിയോയിലേക്ക് പോകുന്നുവെന്നായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്. ആ വാക്കുകള്‍ക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. അതോടൊപ്പം മന്ത്രി വെറൊന്ന് കൂട്ടിച്ചേര്‍ത്തു. പക്ഷേ അത് ശരിക്കും ഒരു അണുബോംബായി പോയി. ഇന്ത്യന്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാനല്ല മറിച്ച ഹരിയാന താരങ്ങള്‍ക്ക് വിസിലടിക്കാനാണ് താന്‍ റിയോയിലേക്ക് പോകുന്നതെന്നായിരുന്നു മന്ത്രിയുടെ മുഴുവന്‍ ട്വീറ്റ്. അനില്‍ വിജിന്റെ ട്വീറ്റ് കണ്ടതോടെ റിയോയിലുള്ള കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്റെ കണ്ണ് വരെ തള്ളിപോയെന്നാണ് വിവരം.
ഒളിംപിക് വേദി രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതാണെന്ന് മന്ത്രി മറന്നുപോയെന്നാണ് തോന്നുന്നത്. ഇന്ത്യന്‍ സംഘത്തില്‍ വെറും 21 താരങ്ങള്‍ മാത്രമാണ് ഹരിയാനയില്‍ നിന്നുള്ളത്. ഈ താരങ്ങള്‍ക്ക് മാത്രമായി ആര്‍പ്പുവിളിച്ചാല്‍ റിയോയിലുള്ളവര്‍ മന്ത്രിക്ക് വട്ടായിപോയെന്നും പറയും. അനില്‍ വിജിന്റെ പ്രസ്താവന കായികതാരങ്ങളെ വിഭജിക്കാന്‍ മാത്രമേ സാധിക്കൂ. സംസ്ഥാനത്തു നിന്നുള്ള താരങ്ങള്‍ പ്രാദേശിക വികാരം മുന്‍നിര്‍ത്തി പെരുമാറിയാല്‍ ഇന്ത്യയുടെ മെഡല്‍ സാധ്യതകളെയും അത് ബാധിക്കും. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് മന്ത്രിയെ വിമര്‍ശിച്ചിട്ടുണ്ട്.
പക്ഷേ, പ്രസ്താവന കൊണ്ടൊന്നും തീരുന്നതല്ല മന്ത്രിയുടെ തമാശകള്‍. ഒമ്പത് പേരാണ് മന്ത്രിയുടെ സംഘത്തിലുള്ളത്. കൂടെയുള്ളവരെല്ലാം കായിക സംഘടനയില്‍ നിന്നുള്ളവരാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. സംഘത്തിലുള്ളവര്‍ക്കൊന്നും കായിക മേഖലയായി ബന്ധം പോലുമില്ല. മൂന്നു പേര്‍ കായിക വകുപ്പില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ രാഷ്ട്രീയക്കാരുമാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ ഖണ്ഡേവാള്‍, മാധ്യമ ഉപദേഷ്ടാവ് എന്നിവരാണ് ആ കൂട്ടത്തില്‍ വിവരമുള്ള ആളുകള്‍ എന്നര്‍ഥം.
നേരത്തെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏഴു മുന്‍ ഒളിംപിക് താരങ്ങളെ സംഘത്തോടൊപ്പം അയച്ചിരുന്നു. അതേസമയം സംഘത്തിലുള്ള ജോയന്റ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഒ.പി ശര്‍മ മുന്‍ ഹോക്കി താരമാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഹോക്കി താരത്തിന് മറ്റു കായിക മത്സരങ്ങളെ കുറിച്ച് എന്താണ് അറിയുക എന്നത് വെറേ കാര്യം.
ഈ യാത്രയ്ക്കായി മന്ത്രി ചെലവഴിക്കുന്നത് ഒരു കോടിയോളം രൂപയാണ്. മന്ത്രിയുടെ സംഘത്തിലെ അഞ്ചു പേര്‍ ഇക്കോണമി ക്ലാസിലിരുന്നാണ് റിയോയിലേക്ക് പോകുന്നത്. ഇന്ന് രാവിലെയാണ് യാത്ര. ഹരിയാനയില്‍ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നില്‍ക്കുമ്പോഴും അതിലുപരി ബലാത്സംഗങ്ങള്‍ പെരുകുമ്പോഴും ഒന്നും മിണ്ടാത്ത മന്ത്രിസഭാംഗങ്ങള്‍ ധൂര്‍ത്തടിച്ച് നടക്കുകയാണെന്നാണ് ജനങ്ങളുടെ വാദം. 10 ദിവസത്തേക്കാണ് മന്ത്രിയുടെ റിയോ സന്ദര്‍ശനം. മന്ത്രി എത്തിയാല്‍ ഹരിയാന താരങ്ങള്‍ പുഷ്പം പോലെ ജയിക്കുമെന്ന് സംഘത്തിലുള്ളവര്‍ രഹസ്യമായി പറയുന്നുമുണ്ട്. പക്ഷേ, ഹരിയാനയിലെ കായിക നഴ്‌സറി അധ്യാപകര്‍ മന്ത്രിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. അനില്‍ വിജിനെ ഇന്ത്യന്‍ വിടാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഴ്‌സറി അധ്യാപകരുടെ കാര്യത്തിലും ന്യായമുണ്ട്. പ്രതിഷേധമുയര്‍ത്തുന്നവര്‍ ട്രെയ്‌നികളാണ്. അവര്‍ക്ക് ഏഴു മാസത്തോളമായി ശമ്പളം നല്‍കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി എന്നാണ് മന്ത്രി പറഞ്ഞിരുന്നത്. പക്ഷേ മന്ത്രി സുഖിച്ചു നടക്കുകയാണ്. പോരാത്തതിന് ഒരു കോടി ചെലവാക്കി റിയോയിലേക്കും പോകുന്നു. അധ്യാപകര്‍ക്ക് പ്രാണവേദന മന്ത്രിക്ക് വീണവായന എന്ന നിലപാട് അംഗീകരിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, തന്റെ പ്രസ്താവനകളും യാത്രയും ഇത്രയും വിവാദമാകുമെന്ന് മന്ത്രി വിചാരിച്ചിരുന്നില്ല. അവസാന നിമിഷം മന്ത്രി പ്രസ്തവാന തിരുത്തുകയും ചെയ്തു. ഹരിയാനയിലെ മാത്രമല്ല രാജ്യത്തുള്ള എല്ലാവരുടെയും മത്സരങ്ങള്‍ കാണുകയും താരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ശേഷം റിയോയില്‍ വണ്ടിയിറങ്ങിയാല്‍ കാണാം. കേന്ദ്രമന്ത്രിയുടെ ബാക്കിയാവുമോ അനില്‍ വിജെന്ന് ഒളിംപിക് സംഘാടക സമിതി തന്നെ പറയേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."