ജില്ലാ ആയുര്‍വേദ ആശുപത്രിയിലെത്തണമെങ്കില്‍ 'കാടു താണ്ടണം'
പടന്നക്കാട്: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെത്തണമെങ്കില്‍ അരകിലോമീറ്ററോളം 'കാട്ടി'ലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണ് ദിവസേനയെത്തുന്ന നൂറു കണക്കിന് രോഗികള്‍ക്കും ആശുപത്രിയിലെ ജീവനക്കാര്‍ക്കും.
പടന്നക്കാട് നെഹ്‌റു കോളജ് ബസ് സ്റ്റോപ്പിലാണ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് പോകേണ്ടവര്‍ ബസ് ഇറങ്ങുന്നത്. അവിടെ നിന്ന് ആശുപത്രി വരെ അരകിലോമീറ്റര്‍ ദൂരം തീര്‍ത്ഥങ്കര റോഡിലൂടെ നടന്നു വേണം രോഗികള്‍ക്കും മറ്റും ആശുപത്രിയിലെത്താന്‍. എന്നാല്‍ പൊതുവെ വീതി കുറഞ്ഞ ഈ റോഡിന്റെ ഇരുവശവും കാട് മൂടിയ നിലയിലാണ്. ഒരു ഭാഗത്തുള്ള ഓവുചാലിന്റെ കുറെഭാഗം സ്ലാബ് ഇട്ട് മൂടിയതു കൊണ്ട് ഫൂട്ട് പാത്ത് ആയി ഉപയോഗിക്കാമെങ്കിലും പ്രസ്തുത നടവഴി മുഴുവന്‍ കാട് മൂടി അടഞ്ഞ നിലയിലാണ്.
ആശുപത്രിയില്‍ പുതിയ കെട്ടിട നിര്‍മാണം നടക്കുന്നതിനാല്‍ നിരവധി തൊഴിലാളികളും ഈ റോഡില്‍ക്കൂടിയാണ് ദിവസേന യാത്ര ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ സര്‍ക്കാരിന്റെ പണം സ്വകാര്യ വ്യക്തികളുടെ പറമ്പിലും മറ്റും ചെലവഴിക്കുമ്പോഴാണ്, പൊതുവഴി വൃത്തിയാക്കാന്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."