കുവൈത്തില്‍ വാഹനമോടിക്കുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: ട്രാഫിക് നിയമ ലംഘനം തുടര്‍ന്നാല്‍ നാടുപിടിക്കേണ്ടി വരും
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനമോടിക്കുന്ന പ്രവാസികള്‍ ഇനി അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ ഏതു നിമിഷവും ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങി നാടു പിടിക്കേണ്ടി വരും.
രാജ്യത്ത് ഒന്നിലേറെ തവണ ട്രാഫിക് നിയമ ലംഘനം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്ന് ഡയറക്ടര്‍ ഓഫ് പബ്ലിക് റിലേഷന്‍സിന്റെയും സെക്യൂരിറ്റി മീഡിയ വകുപ്പിന്റെയും ചുമതലയുള്ള ബ്രിഗേഡിയര്‍ ആദില്‍ അല്‍ അശാഷ് അറിയിച്ചു. കൂടാതെ വാഹനം ട്രാഫിക് പോലീസ് കണ്ടുകെട്ടുമെന്നും അദ്ദേഹം അറിയിച്ചു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ്ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുക എന്നീ കുറ്റങ്ങളും ട്രാഫിക് നിയമ ലംഘനങ്ങളുടെ പരിധിയിലുണ്ട്. അഥവാ ഇത്തരം നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി നടത്തിയാലും അധികൃതരുടെ പിടിവീഴുമെന്നുറപ്പ്. നിയമ ലംഘനം തുടരുന്നവരെ കണ്ടെത്താനുള്ള നൂതന ടെക്നിക്കല്‍ പദ്ധതികളും അധികൃതര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുന്‍പ് ട്രാഫിക് പോലീസ് നടത്തിയ പരിശോധനകളില്‍ നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങളാണ് പിടികൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ സ്വദേശികളുടെ വാഹനങ്ങളാണ് കൂടുതല്‍. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളുയര്‍ന്നതോടെയാണ് പരിശോധന തുടരാനും നിയമം കര്‍ശനമായി നടപ്പിലാക്കാനും ഗതാഗത വകുപ്പ് തീരുമാനിച്ചത്.
വാഹനം കണ്ടു കെട്ടുന്നതടക്കമുള്ള ട്രാഫിക് വിഭാഗത്തിന്റെ പുതിയ തീരുമാനം പ്രഖ്യാപിക്കുമ്പോഴാണ് ഒന്നിലേറെ തവണ ഗതാഗത നിയമ ലംഘനം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്ന് ആദില്‍ അല്‍ അശാഷ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."