പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ക്ക് പരോള്‍
കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ക്ക് പരോള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ കേസുകളില്‍ തടവുശിക്ഷയനുഭവിക്കുന്ന നേതാക്കള്‍ക്കാണ് മാനദണ്ഡങ്ങള്‍ മറികടന്ന് പരോള്‍ അനുവദിക്കുന്നത്. ആഭ്യന്തര വകുപ്പ് നേരിട്ട് ഇടപെട്ടാണ് നേതാക്കളുടെ പരോള്‍ കാര്യങ്ങള്‍ ശരിയാക്കുന്നത്. ജയില്‍ അധികൃതരെ മറികടന്നാണ് പലപ്പോഴും ജാമ്യാപേക്ഷയും തീര്‍പ്പും നടക്കുന്നത്.
ടി.പി വധക്കേസ് പ്രതിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് മാനദണ്ഡങ്ങള്‍ മറികടന്ന് പരോള്‍ നല്‍കിയത് നേരത്തെ വിവാദമായിരുന്നു. പരോള്‍ സമയത്ത് കുഞ്ഞനന്തന്‍ കുന്നോത്ത് പറമ്പ് ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജീവപര്യന്തം തടവുശിക്ഷയനുഭിക്കുന്ന മുന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ മൂന്നു നേതാക്കള്‍ക്കും പരോള്‍ ലഭിച്ചിരിക്കുന്നത്.
കുന്നംകുളം ഏരിയാ സമ്മേളനം നടക്കുന്ന സമയത്ത് തന്നെയാണ് നേതാക്കള്‍ക്കെല്ലാം പരോള്‍ ലഭിച്ചിരിക്കുന്നത്. ഒരു വര്‍ഷം 60 ദിവസം വരെ തടവുകാര്‍ക്ക് പരോള്‍ ലഭിക്കാന്‍ അവകാശമുണ്ടെങ്കിലും ചില സി.പി.എം നേതാക്കള്‍ക്ക് ഇതിലേറെ പരോളുകള്‍ ലഭിക്കാറുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലാണ് സി.പി.എം തൃശൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗം എം. ബാലാജി അടക്കമുള്ള മൂന്ന് സി.പി.എം നേതാക്കള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്നത്. ആദ്യം 15 ദിവസത്തേക്കാണ് ആഭ്യന്തര വകുപ്പ് പരോള്‍ അനുവദിച്ചത്. പിന്നീട് ഇവരുടെ അപേക്ഷ പരിഗണിച്ച് 15 ദിവസത്തേക്ക് കൂടി പരോള്‍ നീട്ടി.
ബാലാജിക്ക് പുറമെ കേസിലെ പ്രതികളായ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എന്‍ മുരളീധരന്‍, കടവല്ലൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ മുഹമ്മദ് ഹാഷിം എന്നിവര്‍ക്കും ഇതേക്രമത്തില്‍ പരോള്‍ അനുവദിച്ചിട്ടുണ്ട്.
24 വര്‍ഷം മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സുപ്രിംകോടതി ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ചതോടെ കോടതിയില്‍ കീഴടങ്ങിയ സി.പി.എം നേതാക്കള്‍ക്കാണ് ഇപ്പോള്‍ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."