'ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്നതെന്തിന്?': അമേരിക്കയോട് റഷ്യ
മോസ്‌കോ: ആണവായുധം അടക്കമുള്ള വിഷയങ്ങളില്‍ ഉത്തരകൊറിയയെ അമേരിക്ക പ്രകോപിപ്പിക്കുകയാണെന്ന ആരോപണവുമായി റഷ്യ. ആണവ മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ ഉ.കൊറിയയെ പ്രേരിപ്പിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്‌റോവ് പറഞ്ഞു.
ആണവ മിസൈല്‍ പരീക്ഷണം നടത്തി യുദ്ധം രൂപപ്പെടുകയാണെങ്കില്‍ ഉ.കൊറിയയെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അമേരിക്കയുടെ പ്രഖ്യാപനത്തെ പരിഹസിച്ചും വെല്ലുവിളിച്ചും രംഗത്തെത്തിയ ഉ.കൊറിയ, അമേരിക്കയെ ലോകത്തുനിന്നു തുടച്ചുനീക്കാന്‍ തങ്ങള്‍ക്ക് അധികം സമയം വേണ്ടെന്നായിരുന്നു പ്രതികരിച്ചത്.
അതേസമയം, ഉ.കൊറിയ ചര്‍ച്ചകള്‍ക്കു തയാറാകണമെന്നും സെര്‍ജി ലെവ്‌റോവ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അമേരിക്ക യഥാര്‍ഥത്തില്‍ വലിയ മണ്ടത്തരമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധങ്ങളെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം ഉ.കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രി വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായാണ് വിവരം.
ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ശക്തിയേറിയ മിസൈലായിരുന്നു ഇത്. അമേരിക്കയുടെ എല്ലാ നഗരങ്ങളെയും പരിധിയിലാക്കാന്‍ ഈ മിസൈലിനാകുമെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."