HOME
DETAILS

താജിനെ പ്രണയിച്ച ഒരാള്‍

  
backup
December 03 2017 | 02:12 AM

taj-loved-person-spm-njayarprabhaatham-main-article

താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാനും പത്‌നി മുംതാസും തമ്മിലുള്ള പ്രണയത്തിന്റെ നിത്യസ്മാരകമാണ് ചരിത്രത്തില്‍. എന്നാല്‍, താജ്മഹലിനെ പ്രണയിച്ച നിരവധി സാധാരണക്കാരുണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടാത്തവരായി. അവരുടെ പ്രതീകമാണ് കണ്ണൂരുകാരന്‍ പി.പി അബ്ദുല്‍ മജീദ് എന്ന എം.എം കക്കാട്. താജ് കാണാന്‍ തമ്പുകളില്‍ ജീവിച്ചതും തമ്പുകളില്‍നിന്ന് ഖത്തറിലെ സൈന്യത്തിലെത്തിയതും അവിടെനിന്ന് കുവൈത്ത് യുദ്ധത്തില്‍ പങ്കെടുത്തതുമടക്കമുള്ള തീര്‍ത്തും അപ്രതീക്ഷിതത്വങ്ങള്‍ നിറഞ്ഞ ഒരു ജീവിതകഥ വായിക്കാം

ഇത് ഒരു സാധാരണക്കാരന്റെ താജ്മഹലിനോടുള്ള പ്രണയത്തിന്റെ കഥ മാത്രമല്ല. ജീവിതഭാരത്താല്‍ നാടും വീടും വിട്ട് നീണ്ടകാലം അന്യദേശങ്ങളില്‍ അലഞ്ഞവര്‍ ഒരുപാടുണ്ട് നമുക്കു ചുറ്റിലും. അപ്രാപ്യമെന്നു കരുതുന്നിടത്ത് അവര്‍ അപ്രതീക്ഷിതമായി എത്തപ്പെട്ടു. എന്നാല്‍ അതേ ഞൊടിയിടയില്‍ തിരിച്ചിറക്കവും സംഭവിച്ചു. പോയ പടി തന്നെ കൈയില്‍ ഒന്നുമില്ലാതെ ജന്മദേശങ്ങളിലേക്കു മടക്കം. പിന്നെ നമുക്കിടയിലൂടെ സാധാരണക്കാരനായി ജീവിതം.
കേവലമായ ഒരു ശവകുടീരം കാലാതിവര്‍ത്തിയായ പ്രണയകുടീരമായി മാറിയ താജ്മഹലിനെ അന്‍പതുവര്‍ഷം മുന്‍പ് കണ്‍കുളിര്‍ക്കെ കണ്ട മജീദിന്റെ കഥയും ഇതുപോലെ വേറിട്ടതാണ്. അരനൂറ്റാണ്ട് മജീദിന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ട ആ വെണ്ണക്കല്‍ സൗധം ഇന്നും കണ്ണൂര്‍ കക്കാട്ടെ മനാഫ് മന്‍സിലില്‍ പി.പി അബ്ദുല്‍ മജീദ് എന്ന എ.എം കക്കാടിന് ലോകത്തെ ഏറ്റവും സുന്ദരകാഴ്ചയാണ്. താജ്മഹലിനെ കുറിച്ചുള്ള വിവാദങ്ങള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴാണ് ഈ കണ്ണൂരുകാരന്‍ 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് താജ് കാണാന്‍ പോയതും താജിനെ പ്രണയിച്ചതും തന്റെ പിന്നിട്ട ജീവിതാനുഭവങ്ങളും ഓര്‍ത്തെടുത്തത്.
താജ്മഹല്‍ കാണാന്‍ 16 വയസുള്ളപ്പോള്‍ കുടുംബത്തെയും ഉറ്റവരെയും ഉപേക്ഷിച്ചു യാത്ര തുടങ്ങിയതാണ് മജീദ്. പിന്നെ ആഗ്രയില്‍ എത്തുന്നതുവരെ ദേശാടനമായിരുന്നു. ആദ്യം മുംബൈ. അവിടെനിന്ന് ഒരു സര്‍ക്കസ് കമ്പനിയില്‍ കയറിപ്പറ്റി ആഗ്രയിലേക്കു തിരിച്ചു. രണ്ടു ദിവസത്തെ തീവണ്ടി യാത്രക്കൊടുവില്‍ ആഗ്രയിലെ രാംലീലാ മൈതാനത്ത് സര്‍ക്കസ് ക്യാംപ് അംഗങ്ങള്‍ക്കൊപ്പം കാല്‍ കുത്തിയപ്പോഴാണ് താജ്മഹല്‍ ആദ്യം കാണുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിന്റെ സാഫല്യനിമിഷങ്ങള്‍. സര്‍ക്കസിലെ ട്രിപ്പീസ് കളിക്കിടെയും ചിന്ത മുഴുവന്‍ താജ്മഹലിനെ കുറിച്ച്. ഒഴിവു സമയങ്ങളിലെല്ലാം താജ്മഹല്‍ കാണാനുള്ള യാത്രകള്‍.
എത്ര തവണ താജ്മഹല്‍ കണ്ടുവെന്ന് ചോദിച്ചാല്‍ മജീദിന് കൃത്യമായ ഉത്തരമില്ല. ആഗ്രയില്‍ സര്‍ക്കസ് കളിച്ച മാസങ്ങളത്രയും താജ്മഹല്‍ കണ്ടുകൊണ്ടിരുന്നു. പിന്നെ സര്‍ക്കസ് മറ്റു ദേശത്തേക്കു മാറി. വീണ്ടും താജ്മഹല്‍ കാണണമെന്ന ആഗ്രഹം കലശലായി. സര്‍ക്കസിലെ ജോലി മതിയാക്കി വീണ്ടും ആഗ്രയിലേക്കു വണ്ടി കയറി. ആഗ്രയില്‍ എത്തി ഒരു ഹോട്ടലില്‍ ജോലിക്കു കയറി. താജിന്റെ സൗന്ദര്യത്തിലും മായാകാഴ്ചയിലും മയങ്ങി ഒരു വര്‍ഷത്തോളം വീണ്ടും ആഗ്രയില്‍.
മജീദിന്റെ ജീവിതം പിന്നെയും മാറി. നീണ്ട പ്രവാസ ജീവിതം. ആദ്യം ഖത്തറില്‍ ഒരു ഹോട്ടലില്‍ പണി. പിന്നെ ഖത്തര്‍ ആര്‍മിയിലെ പട്ടാളത്തില്‍. ഇറാഖ്-കുവൈത്ത് യുദ്ധകാലത്ത് ഖത്തര്‍ സൈന്യത്തില്‍ സേവനം. 22 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം തിരിച്ചുവരവ്. ഇപ്പോള്‍ നാട്ടില്‍ ജീവിതവുമായുള്ള പടവെട്ടലില്‍ തന്നെ.

തമ്പ് വഴി താജിന്റെ
മുറ്റത്ത്
സ്‌കൂള്‍ പഠനം രണ്ടാം ക്ലാസില്‍ അവസാനിച്ചതാണ്. ടീച്ചര്‍ അടിച്ചതിനു സ്വയം എടുത്ത തീരുമാനമായിരുന്നു ഇനി സ്‌കൂളിലേക്കില്ല എന്ന്. രാവിലെ സ്‌കൂളിലേക്ക് ഇറങ്ങും. കൂട്ടുകാരൊക്കെ സ്‌കൂളിലേക്കു പോകുമ്പോള്‍ ദൂരെയുള്ള പറമ്പില്‍ പോയി ഇരിക്കും. വൈകിട്ട് തിരിച്ചുവരും. ഏറെനാള്‍ കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ ഇതു കണ്ടെത്തി. പിന്നെ അടിയുടെ പൊടിപൂരമായിരുന്നു. എങ്കിലും പിന്നെ സ്‌കൂള്‍ പഠനം നടന്നില്ല.
സ്‌കൂള്‍ നോട്ടുബുക്കിന്റെ പുറംചട്ടയില്‍നിന്നാണ് ആദ്യമായി താജ്മഹല്‍ കാണുന്നത്. എപ്പോഴെങ്കിലും താജ്മഹല്‍ കാണണമെന്ന ആഗ്രഹം ചെറുപ്പത്തിലേ മൊട്ടിട്ടു. പഠനം നിര്‍ത്തിയതോടെ പിന്നെ കുറേനാള്‍ മഗളൂരുവിലായിരുന്നു. പിന്നെയാണു നാടുവിട്ട് 16-ാം വയസില്‍ മുംബൈയില്‍ എത്തുന്നത്. എടക്കാട് സ്വദേശിയായ ഒരാളുടെ ഷോപ്പിലാണ് ആദ്യം പണിക്കു കയറിയത്. ഇവിടെനിന്നു കടയിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ ഇടക്കിടെ കല്യാണിലേക്കു പോകുമായിരുന്നു. ആയിടക്ക് അവിടെ 'റഹ്മന്‍' എന്ന സര്‍ക്കസ് കമ്പനി തമ്പടിച്ചു പ്രദര്‍ശനം നടത്തുന്നുണ്ടായിരുന്നു. സര്‍ക്കസ് കമ്പനിയുടെ ഖൂര്‍ഖയെ പരിചയപ്പെട്ടപ്പോഴാണ് അടുത്ത കളി ആഗ്രയിലാണെന്നു മനസിലായത്. ആഗ്രയില്‍ പോകണമെന്നും താജ്മഹല്‍ കാണണമെന്നും ആഗ്രഹമുണ്ടെന്ന് ഖൂര്‍ഖയോട് പറഞ്ഞു. സര്‍ക്കസില്‍ എന്തെങ്കിലും ജോലി തന്നാല്‍ ഇക്കാര്യം നടക്കുമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞു.
അടുത്ത ദിവസം ചെന്നപ്പോള്‍ സര്‍ക്കസിലെ ഒരു നേപ്പാളി കുടുംബത്തിന്റെ സഹായിയായി കൂടാനുള്ള അനുമതി ലഭിച്ചു. അച്ഛന്‍ ജീപ്പ് ജംപിങ്ങും മകന്‍ സിംഗിള്‍ ട്രിപ്പീസുമാണു സര്‍ക്കസില്‍ അവതരിപ്പിക്കുന്നത്. കളിക്കിടെ അവര്‍ക്കുള്ള സഹായം ചെയ്തുകൊടുക്കലായിരുന്നു പണി. ആരോടും പറയാതെയാണ് സര്‍ക്കസുകാരുടെ ഒപ്പം ചേര്‍ന്നതും മുംബൈയില്‍നിന്നു സംഘത്തിനൊപ്പം ആഗ്രയിലേക്കു വണ്ടി കയറിയതും. സര്‍ക്കസ് സംഘത്തില്‍ തമ്പിനാവശ്യമായ തുണി തുന്നുകയും മറ്റും ചെയ്യുന്നത് ഒരു ഗോപാലനായിരുന്നു. പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹം ഒരു കക്കാട്ടുകാരനാണെന്നു മനസിലായത്. രാഘവേട്ടന്‍ സഹായിച്ചതിനാല്‍ സ്വന്തമായി ട്രിപ്പീസ് കളിക്കാന്‍ അവസരം കിട്ടി.
ഒരു ബുധനാഴ്ചയാണ് ആഗ്രയില്‍ എത്തിയത്. താജിന്റെ സമീപത്തുള്ള രാംലീല മൈതാനത്തായിരുന്നു തമ്പടിച്ചിരുന്നത്. താജിന്റെ വിദൂരക്കാഴ്ച ഇന്നും മനസിലുണ്ട്. ഒരു ഭാഗത്ത് നദിയും ബാക്കി ഭാഗങ്ങളെ ചുറ്റി കാടുകളുമായിരുന്നു. കാട്ടിനുള്ളിലൂടെ ഒറ്റയ്ക്കു നടന്നുപോകാന്‍ പേടിയായിരുന്നു. മാത്രമല്ല, മിക്കപ്പോഴും ചില അജ്ഞാത മൃതദേഹങ്ങള്‍ ഈ കാടുമൂടിയ ഭാഗത്തു കണ്ടെത്തിയിരുന്നു. വഴികളിലെ നിഗൂഢതയ്ക്കു ശേഷമായിരുന്നു താജ് അതിന്റെ മനോഹാരിത കാഴ്ചക്കാര്‍ക്കായി തുറന്നുവച്ചിരിക്കുന്നത്. ശരിക്കും സ്വപ്‌നസൗധം. മുംതാസ് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഒക്കെ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.
എല്ലാം കാട്ടിത്തരാനും വിശദീകരിക്കാനും ഗാര്‍ഡുമാരുണ്ട്. പ്രവേശന ഫീസൊന്നുമില്ല. ഗേറ്റ്മാന്‍ ശരീര പരിശോധന നടത്തും. ഏതാണ്ട് 10-15 മിനിറ്റ് അവിടെ ചെലവഴിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. അന്നൊക്കെ താജ് കാണാന്‍ എത്തുന്നവരില്‍ അധികവും വിദേശികളായിരുന്നു. 20 പൈസ കൊടുത്താല്‍ താജിന്റെ മുന്‍പില്‍ വരെ വണ്ടിയില്‍ പോകാം. വെള്ള തൂവാല കൊണ്ട് താജ്മഹലിന്റെ മാര്‍ബിള്‍ ഭിത്തിയില്‍ ഉരച്ചുനോക്കുക പതിവായിരുന്നു. എന്നാലും തൂവാലയില്‍ ഒരു ചെറിയ കലപോലും കാണാന്‍ കഴിയാത്തതു വലിയ കൗതുകമായി.
താജ്മഹലിന്റെ 10 കിലോമീറ്റര്‍ അകലെ ഫത്തേഫൂര്‍ സിക്രിയില്‍ ഇതുപോലെയൊരു സൗധം നിര്‍മിക്കാന്‍ തീരുമാനിച്ചതും അവിടെയൊരു അമ്പലമുണ്ടായിരുന്നതായും ഗാര്‍ഡുമാര്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള താജ്മഹലിന്റെ സ്ഥാനത്ത് അമ്പലമുണ്ടായിരുന്നുവെന്ന് അന്നൊന്നും ആരും പറഞ്ഞിട്ടില്ല. സമീപത്തായി നിസ്‌കരിക്കാന്‍ പള്ളിയും ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അമ്പലവും ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ചു നല്‍കിയതായി ഗൈഡുകള്‍ വിശദീകരിക്കുമായിരുന്നു.
മൂന്നുമാസത്തെ പ്രദര്‍ശനത്തിനുശേഷം സര്‍ക്കസ് ആഗ്രയിലെ കളി മതിയാക്കി ത്സാന്‍സിയിലേക്കു പോയി. അവിടെനിന്ന് മൗറാണിപൂറിലെത്തി. അപ്പോഴൊക്കെ വീണ്ടും താജ്മഹല്‍ കാണണമെന്നായിരുന്നു ആഗ്രഹം. ഉള്ള ജോലി വിട്ടുപോയാല്‍ ജീവിതം പ്രതിസന്ധിയിലാകും. അങ്ങനെ പലവഴിക്ക് ആലോചിക്കുമ്പോഴാണ് ആഗ്രയില്‍ പരിചയപ്പെട്ട ഒരു പൊലിസുകാരനെ കുറിച്ച് ഓര്‍മ വരുന്നത്. മറ്റൊന്നും ആലോചിച്ചില്ല. വീണ്ടും കള്ളവണ്ടി കയറി ആഗ്രയില്‍ എത്തി. പൊലിസുകാരനെ കണ്ടെത്തി കാര്യം അറിയിച്ചപ്പോള്‍ അയാളുടെ അനുജന്റെ ഹോട്ടലില്‍ പണി ശരിയാക്കി തന്നു. അങ്ങനെ വീണ്ടും താജിന്റെ നാട്ടില്‍ ജീവിതം. ഒഴിവുസമയങ്ങളിലൊക്കെ താജ്മഹല്‍ സന്ദര്‍ശിക്കലും.

ആഗ്രയില്‍നിന്ന് ഖത്തര്‍
ആര്‍മിയിലേക്ക്
അധികകാലം ആഗ്രയില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. കുടുംബക്കാര്‍ കണ്ടെത്തി. വേഗം മുംബൈയില്‍ എത്താനും ഖത്തറില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്നും ജ്യേഷ്ഠന്റെ കമ്പിയെത്തി. ഉടന്‍ മുംബൈയില്‍ എത്തി. ഹോട്ടലിലെ പണി മതിയാക്കി മുംബൈയില്‍ എത്തിയപ്പോഴാണ് ജോലിയൊന്നും ശരിയാക്കിയില്ലെന്ന് അറിയുന്നത്. വീടുമായി ഒരു ബന്ധവുമില്ലാതെ നടന്നതിനാല്‍ ബന്ധുക്കള്‍ ചെയ്ത സൂത്രമായിരുന്നു വിസ വന്നുവെന്ന പറച്ചില്‍. എന്നാലും അവിടെ തന്നെ നിന്ന് പാസ്‌പോര്‍ട്ട് എടുത്ത് അധികം വൈകാതെ ഖത്തറിലെത്തി.
ഖത്തറിലെ ഒരു സൈനിക വര്‍ക്ക്‌ഷോപ്പിലെ കാന്റീനില്‍ ജീവനക്കാരനായിട്ടായിരുന്നു തുടക്കം. 'എം.ഇ.ഡി ഗാരേജ് ' എന്ന ആ സ്ഥാപനത്തില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു. നാട്ടിലേക്കയക്കാനൊന്നും കിട്ടുന്ന ചെറിയ ശമ്പളം തികഞ്ഞിരുന്നില്ല. പെങ്ങന്മാരുടെ കല്യാണം ഉള്‍പ്പെടെ നാട്ടില്‍ ഒരുപാട് കടമ ചെയ്തുതീര്‍ക്കാനുണ്ട്. കാന്റീനില്‍ മാനേജരായിരുന്ന ഒരു ഫലസ്ഥീന്‍കാരന്‍ അതിനിടെ സൈന്യത്തില്‍ കമാന്‍ഡന്റായി. അദ്ദേഹമാണ് ഖത്തര്‍ ആര്‍മിയിലേക്ക് കൊണ്ടുപോയത്.
കഠിനമായിരുന്നു ഖത്തര്‍ ആര്‍മിയിലെ പരിശീലനകാലം. ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലൂടെയുള്ള പരിശീലനമുറകള്‍. രാവിലെ അഞ്ചുമണിക്ക് ഓട്ടം ആരംഭിക്കും. നിശ്ചിതസമയത്ത് ഓടിയെത്തിയില്ലെങ്കില്‍ മുട്ടിലിഴയേണ്ടി വരും. ആയിടക്ക് ഖത്തര്‍ ആഭ്യന്തരമന്ത്രിയും സൈനികമന്ത്രിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം ജോലി സ്ഥിരമാകുന്നതിനെയെല്ലാം ബാധിച്ചു. ഇതിനിടെ ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തെ ഖത്തറില്‍ എത്തിച്ചു.

കുവൈത്ത് യുദ്ധമുഖത്ത്
പെട്ടെന്നാണ് കുവൈത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
പിന്നെ യുദ്ധമുഖത്തേക്ക്. സഊദിയിലെ യുദ്ധഭൂമിയിലായിരുന്നു ഡ്യൂട്ടി. സഊദി ഭരണകൂടം ഭൂമിക്കടിയില്‍ സുരക്ഷിതമായി കഴിയാന്‍ നിര്‍മിച്ച ഷെല്‍റ്ററുകളിലൊക്കെ പരിശോധന നടത്തുന്ന സംഘത്തിലായിരുന്നു. മൈനുകള്‍ പൊട്ടിത്തെറിച്ചു ജീവഹാനിയുണ്ടാകാം. ഓരോ ദിവസവും മരണഭയത്തോടെ കഴിയുമ്പോഴും ഭാര്യയോട് സുഖമാണെന്നു മാത്രം അറിയിച്ചുകൊണ്ടിരുന്നു. യുദ്ധത്തിനുശേഷം കുവൈത്തിന്റെ മൈന്‍ പരിശോധനാ സംഘത്തില്‍ ഏറെനാള്‍ ജോലി ചെയ്തു. കുഴിച്ചിട്ടിരിക്കുന്ന മൈനുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന ജോലിയായിരുന്നു.
യുദ്ധമെല്ലാം കഴിഞ്ഞപ്പോള്‍ നാട്ടിലേക്കു പോകാന്‍ ലീവ് കിട്ടി. കുടുംബത്തെയും കൂട്ടി കണ്ണൂരിലെത്തി. എന്നാല്‍, ലീവ് കഴിഞ്ഞു തിരിച്ചുചെന്നപ്പോഴാണു വിദേശികളായ സൈനികരെ പിരിച്ചുവിടാന്‍ ഖത്തര്‍ ഭരണകൂടം തീരുമാനമെടുത്ത വിവരം അറിയുന്നത്. മറ്റു രാജ്യങ്ങളെല്ലാം യുദ്ധത്തില്‍ പങ്കെടുത്ത വിദേശ സൈനികള്‍ക്ക് ഉദ്യോഗകയറ്റം നല്‍കിയപ്പോഴാണ് ഖത്തര്‍ സര്‍ക്കാര്‍ എല്ലാവരെയും പിരിച്ചുവിട്ടത്. അതോടെ മൂന്നര വര്‍ഷത്തെ സൈനികസേവനം അവസാനിച്ചു.
പിന്നെ ദുബൈയില്‍ സ്വന്തമായി ടയര്‍ പഞ്ചറൊട്ടിക്കുന്ന കട തുടങ്ങി. എന്നാല്‍ അതുവഴിയൊന്നും പച്ചപിടിക്കാന്‍ കഴിഞ്ഞില്ല. പണിക്കു നിര്‍ത്തിയ ബംഗാളികള്‍ക്കു കൂലി കൊടുക്കാനും വാടക നല്‍കാനും ബുദ്ധിമുട്ടായി. അതിനിടെക്കാണ് കടയിലേക്കു ടയര്‍ ഇറക്കുന്നതിനിടെ വീണത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റു. ജോലി ചെയ്യാന്‍ വയ്യാതായി. ആയിടക്ക് മാട്ടൂല്‍ സ്വദേശിയായ ഒരാളെ പരിചയപ്പെട്ടു. അയാളാണു നാട്ടില്‍ എത്താനുള്ള സഹായം ചെയ്തത്. അങ്ങനെ നീണ്ട വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം വീണ്ടും കണ്ണൂരില്‍ തിരിച്ചെത്തി.
****************************
എം.എം കക്കാട് ഇപ്പോഴും നമുക്കിടയില്‍ തന്നെയുണ്ട്. ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയാത്ത ഒരു സാധാരണ മനുഷ്യനായി. ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ എഴുതും. അതു ചുറ്റും കാണുന്ന ചെറിയ കാര്യങ്ങളെ കുറിച്ചു മാത്രമാണ്. കണ്ണൂര്‍ നഗരത്തിലെ ഒരു സ്ഥാപനത്തിലെ വാച്ച്മാനായി കുറെകാലം. അവിടെനിന്നു പിരിച്ചുവിട്ടപ്പോള്‍ കക്കാട്ടെ ഒരു ഫുഡ് കമ്പനിയില്‍ സൂപ്പര്‍വൈസറായി. ഇപ്പോള്‍ കുടുംബത്തോടൊപ്പമാണു താമസം. ഭാര്യ വി.ടി റുഖിയയും മൂന്ന് ആണ്‍മക്കളും മൂന്നു പെണ്‍മക്കളും അടങ്ങുന്നതാണു കുടുംബം. പെണ്‍മക്കളില്‍ രണ്ടുപേര്‍ അധ്യാപികമാരാണ്. രണ്ട് ആണ്‍മക്കള്‍ ഖത്തറിലുമാണുള്ളത്.
പിന്നിട്ട ജീവിതത്തില്‍ ഒരു പ്രത്യേകതയും എ.എം കക്കാട് കാണുന്നില്ല. ജീവിക്കാനുള്ള ഓട്ടത്തിനിടെ എവിടെയൊക്കെയോ എത്തി. എന്തൊക്കെയോ ചെയ്തു.
അതൊന്നും മനസിന്റെ ഓര്‍മച്ചെപ്പില്‍ അടുക്കിവയ്ക്കാന്‍ തിരക്കുകള്‍ക്കിടയില്‍ കഴിഞ്ഞതുമില്ല. അല്ലെങ്കില്‍ ആരും ചോദിച്ചില്ല ഈ ചെറിയ മനുഷ്യന്റെ വലിയ ജീവിതത്തെ കുറിച്ച്... ഇനി ഒരാഗ്രഹം കൂടിയുണ്ട്... ഒന്നുകൂടി ആഗ്രയില്‍ പോകണം... കാണണം താജ്മഹലിനെ, ഒരിക്കല്‍കൂടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago