സംസ്ഥാന പൊലിസിന് ദുരന്തനിവാരണ സേനയുണ്ട്; പക്ഷേ ജോലി മറ്റു വകുപ്പുകളില്‍ പരിശീലനം നല്‍കിയത് കോടികള്‍ ചെലവഴിച്ച്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച് ദുരന്തം വിതച്ചിട്ടും പുറത്തിറങ്ങാതെ പൊലിസിലെ പ്രത്യേക സേനയായ ഡി.ആര്‍.ടി. കോടികള്‍ ചെലവഴിച്ചാണ് 200 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ദുരന്തത്തിന് രക്ഷാപ്രവര്‍ത്തനം നടത്താനും മറ്റുമായി വിദഗ്ധ പരിശീലനം നല്‍കിയത്. എന്നാല്‍ ഈ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് ട്രാഫിക്കിലും ലോക്കല്‍ സ്‌റ്റേഷനിലുമാണ്.
റാപ്പിഡ് റെസ്‌പോണ്‍സ് റസ്‌ക്യൂ ഫോഴ്‌സിനു (ആര്‍.ആര്‍.ആര്‍.എഫ്) കീഴിലാണ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ടീം പൊലിസില്‍ രൂപം കൊടുത്തത്. എ.ആര്‍ ക്യാംപില്‍നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഒരു പൊലിസുകാരന് ഒരുലക്ഷം രൂപ ചെലവാക്കിയാണ് വിദഗ്ധ പരിശീലനം നല്‍കിയത്.
വെള്ളപ്പൊക്കം, അപകടം, ചുഴലിക്കാറ്റ് എന്നിവയില്‍ അടിയന്തരമായി ജനങ്ങളെ എങ്ങനെ രക്ഷിക്കാം, കാലാവസ്ഥാ പ്രവചനം വരുമ്പോള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയവയിലായിരുന്നു പരിശീലനം. തമിഴ്‌നാട്, മേഘാലയ, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ള ഡി.ആര്‍.ടി സേനയ്ക്ക് നല്‍കിയ പരിശീലനമാണ് ഇവര്‍ക്കും നല്‍കിയത്.
2009 സെപ്റ്റംബര്‍ 15നാണ് കേരള പൊലിസ് ആര്‍.ആര്‍.ആര്‍.എഫ് ബറ്റാലിയന് രൂപം നല്‍കുന്നത്. മലപ്പുറം പാണ്ടിക്കാട്ടിലാണ് ആസ്ഥാനം. ഇതിനു കീഴിലുള്ള ഡി.ആര്‍.ടി ടീമിന് പരിശീലനം നല്‍കി തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിയമിച്ചു. പിന്നീട് പരിശീലനം ലഭിച്ചവരെ മറ്റു ഡ്യൂട്ടികളില്‍ നിയമിക്കുകയായിരുന്നു.
അതേസമയം, കൊച്ചിയില്‍ ഡി.ആര്‍.ടി സേന ഇപ്പോഴുമുണ്ടെന്നും ഇവര്‍ ലോക്കല്‍ പൊലിസിനെ സഹായിക്കുന്നുവെന്നും എറണാകുളം റേഞ്ച് ഐ.ജി പി.വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."