കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്ത് കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ തടയണകള്‍
പയ്യന്നൂര്‍: വെള്ളം തടയണ കെട്ടി തടഞ്ഞു നിര്‍ത്തി കുടിവെള്ള പ്രശ്‌നത്തിനുള്‍പ്പെടെ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്ത്. മഴക്കാലത്ത് കാവുകളില്‍ നിന്നും പാറ പ്രദേശങ്ങളില്‍ നിന്നും ഒഴുകി വരുന്ന ചെറിയ തോടുകള്‍ക്കു കുറുകെ തടയണ കെട്ടിയാണു ജലംസംരക്ഷിക്കുക. ഇതിന്റെ ഭാഗമായി വടശ്ശേരിയില്‍ രണ്ടു തടയണകള്‍ നിര്‍മിച്ചു കഴിഞ്ഞു.
നീര്‍ത്തട വികസന പദ്ധതി പ്രകാരമാണു പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുന്നത്. നിര്‍മിച്ച രണ്ടു തടയണകളും ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചാല്‍ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും നടപ്പാക്കാനാണ് പദ്ധതി. താല്‍ക്കാലിക തടയണകള്‍ക്കു പകരം കോണ്‍ക്രീറ്റ് തടയണയാണു നിര്‍മിക്കുന്നത്.
വടശ്ശേരിയില്‍ കുണ്ടേര കോടിനു കുറുകെ രണ്ടിടങ്ങളിലായാണു തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വേനലില്‍ കുടിവെള്ള ക്ഷാമം അനുഭപ്പെട്ട സ്ഥലമായിരുന്നു ഇവിടം. വര്‍ഷ കാലത്ത് തൊട്ടടുത്ത ക്ഷേത്രത്തിനു സമീപത്തുള്ള കാവില്‍ നിന്ന് ആരംഭിക്കുന്ന ചെറിയ തോടാണിത്. കാവിന്റെ പരിസരത്തും കുണ്ടേറ പാറയ്ക്കുമാണ് തടയണകള്‍ നിര്‍മിച്ചത്. രണ്ടു ലക്ഷം രൂപ ചെലവില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു കോണ്‍ക്രീറ്റ് തടയണ പൂര്‍ത്തിയാക്കിയത്. തടയണ നിര്‍മിച്ചു വെള്ളം സംഭരിക്കുന്നതിലൂടെ കുടിവെള്ള പ്രശ്‌നത്തിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
നേരത്തെ നീര്‍ത്തട വികസന പദ്ധതി പ്രകാരം തടയണകള്‍, മഴക്കുഴികള്‍ എന്നിവ നിര്‍മിച്ചിരുന്നുവെങ്കിലും സമീപ കാലത്തായി ഈ പദ്ധതിക്കു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ല. കഴിഞ്ഞ വേനലിലുണ്ടായ കടുത്ത വരള്‍ച്ചയാണ് ഇത്തരത്തില്‍ തടയണകള്‍ നിര്‍മിക്കാന്‍ പ്രേരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."