ചാണോക്കുണ്ട് പുഴക്കു വേണം ഒരു നല്ല പാലം
ആലക്കോട്: തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ചാണോക്കുണ്ട് പുഴക്കു കുറുകെയുള്ള പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അരനൂറ്റാണ്ടു മുമ്പ് നിര്‍മിച്ച പാലം അപകട ഭീഷണിയിലായിട്ടു വര്‍ഷങ്ങളായെങ്കിലും അധികൃതര്‍ കണ്ട മട്ടില്ല.
തളിപ്പറമ്പില്‍ നിന്നു ആലക്കോട് മേഖലയിലേക്ക് എത്തണമെങ്കില്‍ ഈ പാലം കടക്കാതെ നിര്‍വാഹമില്ല. വാഹനങ്ങള്‍ തീരെ കുറഞ്ഞ കാലത്ത് നിര്‍മിച്ച പാലത്തില്‍ കൂടി ഇടതടവില്ലാതെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്.
വീതി കുറഞ്ഞ പാലത്തിന്റെ കൈവരികള്‍ പലതും തകര്‍ന്നിരിക്കുന്നതും സംരക്ഷണഭിത്തിയുടെ ഭാഗങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതും പാലത്തിന്റെ ബാലക്ഷയത്തിനു കാരണമാകുന്നുണ്ട്. അന്‍പതു കോടിയോളം രൂപ മുടക്കി തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡ് അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയപ്പോഴും ഈ പാലം പുനര്‍ നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
മഴക്കാലമായതോടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെടുന്നത് .
ഇരു ഭാഗത്തു നിന്നും അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്നു നിര്‍ത്തേണ്ടി വരുന്നത് അപകടങ്ങള്‍ പതിവാകാന്‍ കാരണമാകുന്നുണ്ട്. പുതിയൊരു പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വ്യാപാരികളും നാട്ടുകാരും വകുപ്പു മന്ത്രിക്ക് ഉള്‍പ്പെടെ നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."