അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നത് എന്ത്?
അപൂര്‍വങ്ങളില്‍ അപൂവമെന്ന വിശേഷണം എന്താണെന്ന് തനിക്കറിയില്ലെന്നു ഒരു മുന്‍ ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തിയത് ഞെട്ടലോടു കൂടിയല്ലാതെ പലരും ശ്രവിച്ചിട്ടുണ്ടാവില്ല പല വധശിക്ഷകളിലും ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുവാന്‍ അവലംബിക്കാറ് ഈ വിശേഷണത്തിന്റെ പിന്‍ബലത്തിലായിരുന്നു. സാധാരണ ഗതിയില്‍ നടക്കുന്ന, അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൈ പിഴയാലോ ക്ഷിപ്രകോപത്താല്‍ സംഭവിക്കുന്നതോ ആയ കൊലപാതകങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായി കരുതി കൂട്ടി പൈശാചിക രീതിയില്‍ നടത്തുന്ന കൊലപാതകങ്ങളെയായിരുന്നു അപൂവര്‍ങ്ങളില്‍ അപൂര്‍വമായി പൊതുസമൂഹം ഗണിച്ചുപോന്നിരുന്നത്. ന്യായാധിപന്മാര്‍ ഇത്തരം കേസുകളില്‍ വിധി പ്രസ്താവിക്കുന്നതും അപ്രകാരമായിരിക്കുമെന്നായിരുന്നു കരുതിപ്പോന്നിരുന്നത്.
ഡല്‍ഹി ദേശീയ നിയമ സര്‍വകലാശാലയിലെ സെന്റര്‍ ഓണ്‍ ദ ഡത്ത് പെനാല്‍റ്റി, സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച 60 ജഡ്ജിമാരോട് വധശിക്ഷയെക്കുറിച്ചുള്ള നിലപാട് ആരാഞ്ഞപ്പോഴാണ് മുന്‍ ചീഫ് ജസ്റ്റിസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നത് സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ന്യായാധിപന്മാരെ കുറിച്ചും കോടതി വ്യവഹാരങ്ങളെക്കുറിച്ചും അടുത്ത കാലത്തായി നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം തേടാന്‍ തുടങ്ങിയിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് ഇപ്പോഴത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നത് സംബന്ധിച്ച മുന്‍ ചീഫ് ജസ്റ്റിന്റെ അഭിപ്രായപ്രകടനം.
തമിഴ്‌നാട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണ്ണനും സുപ്രിം കോടതിയും തമ്മില്‍ നടന്ന നിയമ പോരാട്ടവും അതേ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണ്ണന് ലഭിച്ച തടവ് ശിക്ഷയും മാധ്യമങ്ങളില്‍ പ്രാധാന്യം നേടിയ സംഭവമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം നടന്ന മറ്റൊരു നിയമ പോരാട്ടമായിരുന്നു സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ചെലമേശ്വറും തമ്മില്‍ ഉണ്ടായത്. ന്യായാസനങ്ങളെപ്പോലും അഴിമതി ബാധിക്കുന്നുവോ എന്ന ഉത്കണ്ഠയാണു ഈ നിയമ പോരാട്ടം സമൂഹത്തിന് നല്‍കിയത്.
ലക്‌നൗവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനം മെഡിക്കല്‍ കോഴ്‌സ് തുടങ്ങുവാന്‍ ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ സമിതിയെ സമീപിച്ചിരുന്നു. സമിതിയും കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കിയെങ്കിലും കോളജ് പ്രവര്‍ത്തന യോഗ്യമല്ലെന്ന് ചൂണ്ടിക്കാണിച്ച് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരേ, ഇന്‍സ്റ്റിറ്റ്യൂട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അനുകൂലമായ വിധി സമ്പാദിച്ചു തരാമെന്ന വാഗ്ദാനവുമായി ഇടനിലക്കാരന്‍ ബിശ്വനാഥ് അഗര്‍വാല ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉറപ്പ് നല്‍കിയെന്നാരോപിച്ച് സി.ബി.ഐ കേസെടുക്കുകയും ഒഡിഷ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ഐ.എ ഖുദ്‌സി, ഭാവന പാണ്ഡെ, ട്രസ്റ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതോടെയാണ് ജുഡിഷ്യറിയും അഴിമതിമുക്തമല്ലെന്ന ധാരണ പൊതു സമൂഹത്തിലുണ്ടായത്. ഈ സന്ദര്‍ഭത്തിലാണ് നീതിന്യായ വ്യവസ്ഥയു ടെ വിശ്വാസ്യത വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ ജുഡിഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.
കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ചെലമേശ്വറും തമ്മിലുള്ള നിയമ പോരാട്ടത്തിനാണ് വഴിവച്ചത്. ഇപ്പോഴിതാ ഒരു മുന്‍ ചീഫ് ജസ്റ്റിസ് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന വിശേഷണത്തിന്റെ അര്‍ഥം തനിക്കറിയില്ലെന്നും കൃത്യമായ നിര്‍വചനമില്ലെന്നും വിരമിച്ച 13 ജഡ്ജിമാരും അഭിപ്രായപ്പെട്ടിരിക്കുന്നു. സെന്റര്‍ ഓണ്‍ ദ ഡെത്ത് പെനാല്‍റ്റി ഡയറക്ടറും മലയാളിയുമായ ഡോ. അനൂപ് ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് മുന്‍ ജഡ്ജിമാര്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുവാന്‍ ഒരു ജഡ്ജിയെ പ്രേരിപ്പിക്കുന്നതിന് കൃത്യമായ നിയമമില്ലെന്നും അവ വിധി പറയുന്ന ജഡ്ജിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും വരുന്നത് ഞെട്ടലുളവാക്കുന്നു 'വ്യത്യസ്ഥ ജഡ്ജിമാരുടെ വ്യക്തിപരമായ നിലപാട് വ്യത്യസ്ഥമായിരിക്കും അപ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നതിന് ഇവര്‍ നല്‍കുന്ന നിര്‍വചനങ്ങളും വ്യത്യസ്ഥമായിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ വിധി പറയുമ്പോള്‍ ജീവപര്യന്തം ശിക്ഷ കിട്ടേണ്ട ഒരു പ്രതിക്ക് വധശിക്ഷ കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാവുമോ ജഡ്ജിമാരുടെ മനോനിലയനുസരിച്ച് വിധി പ്രസ്താവങ്ങള്‍ ഉണ്ടാകുന്നുവെന്നത് കൂടുതല്‍ സംവാദത്തിനും ചര്‍ച്ചകള്‍ക്കുമുള്ള സാധ്യത നല്‍കുന്നുണ്ട്.
അന്വേഷണ പിഴവ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തെറ്റായ വിധികളുണ്ടാകുന്നുവെന്നും ജീവപര്യന്തം തടവ് നല്‍കണോ മരണശിക്ഷ നല്‍കണോ എന്ന് തീരുമാനിക്കുന്നതില്‍ ജഡ്ജിയുടെ പശ്ചാത്തലത്തിനും മതത്തിനും നിലപാടുക ള്‍ക്കും വലിയ പങ്കുണ്ടെന്ന ഡോ. അനൂപ് സുരേന്ദ്രന്റെ പഠന റിപ്പോര്‍ട്ട് അത്യന്തം ഗൗരവമര്‍ഹിക്കുന്നതിനാല്‍ ഇത് സംബന്ധിച്ച് നിയമ വിദ ഗ്ധരുടെ ഖണ്ഡിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."