ഓഖി: ഇന്നലെ കണ്ടെത്തിയത് 11 മൃതദേഹങ്ങള്‍
കോഴിക്കോട്/തിരുവനന്തപുരം/പൊന്നാനി/കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 65 ആയി. ഒന്‍പത് മൃതദേഹങ്ങള്‍ ബേപ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. പൊന്നാനി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ മൃതദേഹം വീതവും കണ്ടെത്തി. കോഴിക്കോട് പുതിയാപ്പ, വെള്ളയില്‍ പുറംകടലില്‍ ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഉച്ചയോടെ ബേപ്പൂരിലെത്തിച്ചയുടന് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കടലില്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലിസും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
പൊന്നാനി പാലപ്പെട്ടി ഭാഗത്തിന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. ശബരിമല തീര്ഥാടകരണിയുന്ന മാല കഴുത്തിലുണ്ട്. ശരീരം പൂര്‍ണമായി അഴുകിയ നിലയിലാണ്. മൃതദേഹം പൊന്നാനി ഹാര്‍ബറിലെത്തിച്ച ശേഷം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ജില്ലയുടെ തീരപ്രദേശത്തുനിന്നു മൂന്നു മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. പൊന്നാനിയില്‍ ഇന്നലെ രാവിലെ കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പാലപ്പെട്ടി ഭാഗത്ത് നിന്നു ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ നിന്ന് മൃതദേഹം ലഭിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു. പൊഴിയൂര്‍ സൗത്ത് കൊല്ലങ്കോട് കൊയ്പ്പള്ളി വിളാകം ജസ്റ്റിന്റെ മകന് മേരി ജോണി(30)നെയാണ് ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."