ഫോണ്‍ കെണി കേസില്‍ തുടര്‍നടപടിയെടുക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ നിര്‍ത്തിവച്ചതിന് പിന്നാലെ ഫോണ്‍ കെണി കേസിലെ ജസ്റ്റിസ് പി.എ ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ മരവിപ്പിച്ചു.
ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ രാജിക്ക് കാരണമായ മംഗളം ചാനലിന്റെ ഫോണ്‍ കെണി അന്വേഷിച്ച ജില്ലാ ജഡ്ജി പി.എസ് ആന്റണി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശകളിലാണ് തുടര്‍നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്.
കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തി തുടര്‍ നടപടികള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.
മംഗളം ചാനലിന്റെ ഉദ്ഘാടന ദിവസം റേറ്റിങ്ങ് കൂട്ടാന്‍ എ.കെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുരുക്കിയതില്‍ ഗൂഢാലോചന അന്വേഷിക്കാനായിരുന്നു മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് തെളിവാണ് ആ ശബ്ദശകലം എന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍. സംഭവത്തിന് പിന്നിലെ രാഷ്ട്രീയ മാനങ്ങള്‍ അന്വേഷിക്കണമെന്നും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രിമിനല്‍ കേസ് എടുക്കണമെന്നുമായിരുന്നു ജസ്റ്റിസ് ആന്റണി നല്‍കിയ ശുപാര്‍ശ.
കോടതി മുന്‍പാകെ രജിസ്റ്റര്‍ ചെയ്ത രണ്ട് ക്രിമിനല്‍ കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാനും ശബ്ദശകലം സംപ്രേഷണം ചെയ്തതിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയുടെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹവും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. പ്രതികളിലൊരാളുമായി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കുള്ള അവിശുദ്ധ ബന്ധമാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാത്തതിന് പിന്നിലെന്നും ആരോപണമുണ്ട്.
ചാനല്‍ സി.ഇ.ഒ ആര്‍. അജിത് കുമാറിനെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 182 പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയി. ഉന്നതരുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്. മംഗളം ചാനല്‍ നിരോധിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സെക്രട്ടറിക്ക് ജുഡിഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ ശുപാര്‍ശയും അയക്കാനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് ആവശ്യമായ നടപടിക്ക് അയച്ചുകൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം അധ്യക്ഷനായ സമിതിയെയും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി. വേണുഗോപാല്‍, നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് എന്നിവരെയാണ് സമിതിയിലെ അംഗങ്ങളായി തീരുമാനിച്ചത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഈ കമ്മിറ്റി യോഗം കൂടുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ച തുടര്‍നടപടികള്‍ മരവിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ഇടപെടലുണ്ടായെന്നും ആരോപണമുണ്ട്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും തുടരന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. അതേ രീതിയിലാണ് ഫോണ്‍ കെണി കേസിലെ തുടര്‍ നടപടികളും സര്‍ക്കാര്‍ അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."