പ്രവാസികളുടെ നടുവൊടിക്കുന്ന നികുതി പരിഷ്‌കാരങ്ങളുമായി സഊദിയും യു.എ.ഇയും
ജിദ്ദ: അടുത്ത വര്‍ഷം മുതല്‍ മൂല്യ വര്‍ദ്ധിത നികുതി നടപ്പാക്കുന്നതോടെ സഊദിയിലെയും യു.എ.ഇയിലെയും പ്രവാസികളുടെ നടുവൊടിയും. മിക്ക സേവനങ്ങള്‍ക്കും അഞ്ചു ശതമാനം വാറ്റ് നടപ്പാക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. എന്നാല്‍ സഊദി പ്രവാസികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുക. വാറ്റിന് കൂടെ ലൈവിയും വര്‍ധിക്കുകയാണ്. ജനുവരി മുതല്‍ .യു.എ.ഇ.യിലും സഊദിയിലും പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരും.
എണ്ണവിലയിലെ ഇടിവ് കാരണം വരുമാനം കുറഞ്ഞതോടെയാണ് സഊദിയും യു.എ.ഇയും വാറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ യു.എ.ഇയിലെയും സഊദിയിലെയും മിക്ക സേവനങ്ങള്‍ക്കും നികുതി ഈടാക്കിയിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ വൈദ്യുതി, വെള്ളം, ടെലികമ്മ്യൂണിക്കേഷന്‍, തുടങ്ങിയ സേവനങ്ങള്‍ക്കും ഭക്ഷണം , വസ്ത്രം , ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോട്ടല്‍ താമസം തുടങ്ങിയവയ്ക്കും നികുതി ഈടാക്കും.
ഇതിനു പുറമെ പുതുവര്‍ഷത്തെ നികുതി പരിഷ്‌കാരത്തില്‍ വിദ്യാഭ്യാസ മേഖലെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സഊദിയിലെയും യു,എ,ഇയിലെയും വിദ്യാഭ്യാസ ചെലവും ഇനി കുത്തനെ വര്‍ദ്ധിക്കുമെന്നാണ് വലയിരുത്തല്‍. സ്‌കൂള്‍ ഫീസിന് വാറ്റ് നല്‍കേണ്ടെങ്കിലും സ്‌കൂള്‍ യൂണിഫോം, പുസ്തകങ്ങള്‍ , ബസ് ഫീസ് തുടങ്ങിയവയ്ക്ക് നികുതി നല്‍കേണ്ടിവരും.
അതേ സമയം സഊദിയിലെ പ്രവാസികള്‍ക്ക് പുതിയ പരിഷ്‌കാരങ്ങള്‍ കനത്ത പ്രതിസന്ധിയാണ് ശ്രഷ്ടിക്കുക വാറ്റിന് പുറമെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് ബജറ്റില്‍ നിര്‍ദേശിച്ച പ്രകാരമുള്ള ലെവി തിങ്കളാഴ്ച മുതല്‍ നടപ്പില്‍ വരുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇഖാമ പുതുക്കുന്നതിന്റെ ഭാഗമായ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോഴാണ് പുതിയ ലെവി അടയ്‌ക്കേണ്ടതെന്നും നേരത്തെ ഇഖാമ പുതുക്കിയവരും അല്ലാത്തവരും പുതിയ ലെവിയില്‍ നിന്ന് ഒഴിവാകില്ലെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞ ശമ്പളമുള്ള പ്രവാസികള്‍ ഇതോടെ കൂടുതല്‍ ദുരിതത്തിലാകും. പുതിയ ലെവിയുടെ കാര്യങ്ങള്‍ 2018ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രാല വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ലെവി 2019ല്‍ 400 റിയാലിന് പകരം 600 റിയാലും 2020ല്‍ 800 റിയാലുമാണ് നല്‍കേണ്ടത്. വിദേശികളുടെ എണ്ണം സ്വദേശി ജീവനക്കാരേക്കാള്‍ കുറവാണെങ്കില്‍ 2018ല്‍ 300 റിയാലും 2019ല്‍ 500 റിയാലും 2020ല്‍ 700 റിയാലും അടയ്ക്കണം.
സ്വദേശി ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് 100 റിയാല്‍ തോതില്‍ 1200 റിയാല്‍ അധികം അടച്ചാല്‍ മതി. അതായത് സ്വദേശികളേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് ഇഖാമ പുതുക്കാന്‍ 4800 റിയാല്‍ ലെവിയും 100 റിയാല്‍ വര്‍ക്ക് പെര്‍മിറ്റ് ചാര്‍ജും ജവാസാത്തിന്റെ 650 റിയാലുമടക്കം 2018 ല്‍ 5550 റിയാലാണ് അടയ്‌ക്കേണ്ടത്. തൊഴിലാളികളല്ല മറിച്ച് സ്ഥാപനങ്ങളാണ് ലെവി അടയ്്‌ക്കേണ്ടതെന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ മാസാന്ത ലെവിയാണ് ഇരട്ടിക്കുന്നത്. ജൂലൈ മുതലാണ് തുക ഈടാക്കുന്നത്. ഇതോടെ കുടുംബങ്ങളുമായി സഊദിയില്‍ കഴിയുന്നവര്‍ക്ക് തുക ഇരട്ടിക്കുന്നത് ക്ഷീണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."