നെല്ലിയാമ്പതിയില്‍ എ.ടി.എം ഉണ്ട് പക്ഷെ പണമില്ല
നെന്മാറ: കാലവര്‍ഷം കൊണ്ട് നെല്ലിയാമ്പതിയുടെ മല മടക്കുകള്‍ അണിഞ്ഞൊരുങ്ങി ടൂറിസ്റ്റുകളെ വരവേല്‍ക്കുമ്പോള്‍ നെല്ലിയാമ്പതിയില്‍ എത്തിപ്പെടുന്നവര്‍ക്ക് കാശില്ലാതെ വലയേണ്ടിവരുന്നു. നെല്ലിയാമ്പതിയിലെ എ.ടി.എമ്മാണ് ഈ കെണിയില്‍പെടുത്തുന്നത്.
കൈകാട്ടിയിലെ പഞ്ചായത്ത് കെട്ടിടത്തിലാണ് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും, പാചകവാതകത്തിന്റെ സബ്‌സിഡി തുടങ്ങിയ എല്ലാ സര്‍ക്കാര്‍ പണമിടപാടുകളും ബാങ്ക് വഴി ആക്കിയതു കാരണം ഇവിടെ എ.ടി.എമ്മിന്റെ ആവശ്യകത കൂടുതലാണ്. ഇത് പ്രവര്‍ത്തനരഹിതമായതിനാല്‍ തോട്ടം തൊഴിലാളികളും, ആദിവാസികളും, സര്‍ക്കാര്‍ ജീവനക്കാരും, ടൂറിസ്റ്റുകളും കടുത്ത പ്രയാസം തന്നെയാണ്. രാവിലെ 7.30 മണിമുതല്‍ വൈകുന്നേരം 4.30 വരെ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് നേരിട്ട് ബാങ്കിലെത്തി പണമിടപാട് നടത്തുവാന്‍ സാധ്യമല്ല.
ബാങ്കിങ് മേഖലയില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന നെല്ലിയാമ്പതിക്ക് ആദ്യമായി യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയാണ് അനുവദിച്ചത്. എന്നാല്‍ പ്രസ്തുത ബ്രാഞ്ച് കൈകാട്ടി എന്ന പേരില്‍ നെന്മാറയിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. പകരമായി നിലവില്‍വന്ന ബാങ്കിന്റെ അവസ്ഥ ഇങ്ങനെയായതിനാല്‍ ജനങ്ങളുടെ കാര്യം പരുങ്ങല്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."