കാന്‍സര്‍ രോഗിയോട് കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് മെഡിക്കല്‍ ഓഫിസറെ ഉപരോധിച്ചു
തലശ്ശേരി: കാന്‍സര്‍ രോഗികളുടെ പെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റിന് മെഡിക്കല്‍ ഓഫിസര്‍ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശ്ശേരി ചാലില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെ ഉപരോധിച്ചു. ഡോ.നസ്രീന ലത്തീഫാണ് ചാലിലെ ഷാജിമ നിവാസില്‍ പി.പി ജിഷ(39)യോട് കൈക്കൂലി ആവശ്യപ്പെട്ടെന്നു പരാതി ഉയര്‍ന്നത്.
കഴിഞ്ഞയാഴ്ച ഇവര്‍ വില്ലേജ് ഓഫിസില്‍ നല്‍കാന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയുമായി ഡോക്ടറെ സമീപിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രദേശവാസിയായ സാമൂഹ്യ പ്രവര്‍ത്തകനെയും കൂട്ടി വന്നപ്പോഴും ഇതേ മറുപടിയാണുണ്ടായതെന്ന് ജിഷ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 500 രൂപ ഡോക്ടര്‍ ആവശ്യപ്പെട്ടതായും ജിഷ പരാതിപ്പെട്ടു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഡോക്ടര്‍ക്കെതിരേ പോസ്റ്റര്‍ പതിക്കുകയും ഡോക്ടറെ സസ്‌പെന്റ് ചെയ്യണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അവധിയില്‍ പോയ ഡോക്ടര്‍ ഇന്നലെ കാലത്ത് ഡ്യൂട്ടിക്കെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പരിശോധനാ മുറിക്ക് മുന്നില്‍ ഉപരോധിച്ചത്. അഡീഷണല്‍ എസ്.ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മണ്ണയാട് ബാലകൃഷ്ണന്‍, കെ ശിവദാസന്‍, കെ മുസ്തഫ എന്നിവര്‍ ഡോക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ജിഷക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന ധാരണയില്‍ സമരം ഒത്തുതീര്‍പ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."