ശബ്ദങ്ങള്‍ക്കിടയിലെ ശൂന്യതകള്‍
സി. ഹനീഫ്
ജലത്താല്‍ കഴുകപ്പെട്ട ഒരു
കല്ലല്ലാതിരുന്നതിനാല്‍
ഞാനൊരു മുഖമായി.
(മഹ്‌മൂദ് ദര്‍വീഷ്)
ഇസ്ഹാഖ് അന്നത്തെ നൂറ്റിപ്പതിനാറാം പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം ഒന്നു നിശ്വസിച്ചു. യഥാര്‍ഥത്തില്‍ അവയൊന്നും പോസ്റ്റ്‌മോര്‍ട്ടങ്ങളായിരുന്നില്ല, വെറും കണക്കെടുപ്പു മാത്രം. അയാളെ സഹായിക്കാന്‍ കെനിയയില്‍ നിന്നുള്ള വാജിബ് എന്നയാള്‍ കൂടെയുണ്ട്. ഒരാഴ്ചയായി വാജിബ് അയാളുടെ സന്തതസഹചാരിയാണ്.
വാജിബിന് മെഡിക്കല്‍ ഫീല്‍ഡുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും ആദ്യദിനംതന്നെ ഇസ്ഹാഖിന്റെ പ്രവര്‍ത്തനങ്ങളുമായി എളുപ്പം ഇണങ്ങിച്ചേര്‍ന്നിരുന്നു. ഇപ്പോള്‍ ആവശ്യമെങ്കില്‍ എല്ലാം തനിയെ ചെയ്യാമെന്നു വരെയായിട്ടുണ്ട്. മൊബൈല്‍ ഫോണിനേക്കാള്‍ അല്‍പംമാത്രം വലിപ്പമുള്ള തന്റെ ഡിവൈസില്‍ അയാള്‍ ഓരോ മൃതദേഹത്തിന്റയെും പലതരം ഫോട്ടോകള്‍ എടുത്തുവയ്ക്കും. പിന്നെ ലളിതമായ ഫോര്‍മാറ്റില്‍ ആവശ്യമായ വിവരങ്ങള്‍ അപ്പോള്‍തന്നെ അപ്‌ലോഡ് ചെയ്യും. ഡോക്ടര്‍ ഇസ്ഹാഖിന്റെ പിറകെ നടന്നുകൊണ്ടാണയാള്‍ ഇതെല്ലാം ചെയ്യുന്നത്.
ആദ്യമൊക്കെ അയാള്‍ക്കു വല്ലാത്ത മാനസികബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കണ്ണുകള്‍ എപ്പോഴും നിറഞ്ഞുനിന്ന് കാഴ്ചയുടെ മുകളിലായി ഒരു മൂടുപടമിട്ടപോലെ. തൊണ്ടയില്‍ രക്തക്കട്ട കുടുങ്ങിയ പോലെ. ശവശരീരത്തിന്റെ അവയവങ്ങള്‍ ചലിക്കുന്നതായി തോന്നി. പലതവണ അയാള്‍ അവയ്ക്കു ജീവനുണ്ടെന്ന് സംശയിച്ച് ഞെട്ടി പിറകോട്ടു മാറിയിട്ടുണ്ട്. ആര്‍ക്കറിയാം, ചിലപ്പോള്‍ ആത്മാവ് പൂര്‍ണമായും വേര്‍പെട്ടിട്ടില്ലാത്തതു കൊണ്ടായിരിക്കാം. എന്തുതന്നെയായാലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അയാളെല്ലാറ്റിനോടും പൊരുത്തപ്പെട്ടു. ശീലമായിക്കഴിഞ്ഞാല്‍ എല്ലാ തൊഴിലും ഒരുതരം യാന്ത്രികമായ ആവര്‍ത്തനമാണ്.
അന്നത്തെ ദിവസം ഡോക്ടര്‍ ഇസ്ഹാഖിന്റെ പിറകെ നടക്കുമ്പോഴും വാജിബിന് അസാധാരണമായൊന്നും തോന്നിയിരുന്നില്ല, ഏറ്റവും അവസാനത്തെ ശരീരത്തിനരികിലെത്തുന്നതു വരെ. എന്‍ട്രി ടോട്ടല്‍ അപ്പോള്‍ നൂറ്റിപ്പതിനാറ് എന്ന് സ്‌ക്രീനില്‍ കാണിച്ചു.
'സെക്‌സ് ഫീമെയില്‍.
വയസ്, അപ്രോക്‌സിമേറ്റ്‌ലി ഫിഫ്റ്റീന്‍ ചേര്‍ക്കട്ടെ സര്‍?' ശിരസുയര്‍ത്താതെ അയാള്‍ ഡോക്ടറുടെ ശബ്ദത്തിനു കാതോര്‍ത്തു.
'നൊ. എക്‌സാറ്റ്‌ലി ഫോര്‍ട്ടീന്‍. റൈറ്റ് ഹാന്‍ഡ് ആന്‍ഡ് അപ്പര്‍ പാര്‍ട് ഓഫ് ദ ഹെഡ് കെനോട്ട് ബീ സീന്‍ എലോങ് വിത് ദ ബോഡി..'
വാജിബ് ക്ഷണനേരം കൊണ്ട് എല്ലാം കുറിച്ചെടുത്തു കൊണ്ടിരുന്നു.
'തിരിച്ചറിഞ്ഞവ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ബന്ധുക്കളാരും കൊണ്ടുപോകാന്‍ തയാറുള്ളതായി അറിയിച്ചിട്ടില്ല. കൈയലാണ് എന്തെങ്കിലും ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് കാണാറുള്ളത്. ഇതിപ്പോ.. സര്‍, അണ്‍ഐഡന്റിഫൈഡ് കാറ്റഗറിയില്‍ പെടുത്തട്ടെ?'
'വേണ്ട'
ഡോക്ടര്‍ ഗ്ലൗസഴിച്ച് തിരിഞ്ഞുനോക്കാതെ വാജിബിന്റെ നേര്‍ക്കു നീട്ടി. നഗ്‌നമായ കൈകള്‍ കൊണ്ട് ഏറെനേരം പരിശോധന നടത്തി. ഒടുവില്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറിന്റെ സിബ് മുകളിലേക്ക് വലിച്ചിട്ടു മൃതദേഹം മൂടിക്കൊണ്ട് പറഞ്ഞു.
'കെയര്‍ടേക്കറുടെ കോളത്തില്‍ എന്റെ പേര് എഴുതിക്കോളൂ…'
ഡോക്ടര്‍ ഇസ്ഹാഖ് അത്രയും പറഞ്ഞ് പുറത്തേക്കു നടന്നു. തണുത്ത വെള്ളത്തില്‍ മുഖം കഴുകി അയാള്‍ കോറിഡോറില്‍ ചെന്നുനിന്നു. കൈവരിയില്‍ പിടിച്ച് ദുരേക്കു നോക്കി. ഇലകളുടെ സ്പര്‍ശമറിഞ്ഞിട്ടില്ലാത്ത വരണ്ട കാറ്റ് അയാളെ തഴുകി കടന്നുപോയി.
നഗരം കെട്ടിടങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. ലോഹനൗകകളൊഴുകിയിരുന്ന വീഥികള്‍. രാത്രിയില്‍ അവ വെളിച്ചത്തിന്റെ ഒരു നദിതന്നെ തീര്‍ത്തിരുന്നു. ഇപ്പോള്‍ അന്ധകാരത്തിന്റെ കട്ടിയുള്ള പുതപ്പിനുമേല്‍ ഉയരെ ആകാശത്തു വിളറിയ മഞ്ഞനിറം മാത്രം. ദൂരെ കോണ്‍ക്രീറ്റ് ഗോപുരങ്ങളുടെ മുകളില്‍ പടക്കങ്ങളുടെ കൊള്ളിയാന്‍ ഇടക്കിടെ മിന്നിമായുന്നതു കാണാം.
എല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടെന്നില്ലാതെ, അവശേഷിക്കുന്നവരൊക്കെയും പലായനം ചെയ്തു കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിന്റെ അസ്ഥികൂടം പോലെ മണ്‍തിട്ടകളായി കിടക്കുന്ന തകര്‍ന്ന ഭിത്തികള്‍. അയാള്‍ നൂറ്റാണ്ടുകള്‍ക്കു പിറകിലെ തന്റെ മുന്‍ഗാമികളെക്കുറിച്ചോര്‍ത്തു. അവര്‍ എങ്ങനെയൊക്കെയായിരിക്കാം ഇവിടങ്ങളില്‍ ജീവിച്ചു കടന്നുപോയിട്ടുണ്ടാവുക.
'സര്‍, ബോഡികള്‍ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കോട്ടെ?'
വാജിബിന്റെ ശബ്ദം ഡോക്ടര്‍ ഇസ്ഹഖിനെ വിചാരങ്ങളില്‍നിന്ന് താല്‍ക്കാലികമായി വിടുതല്‍ ചെയ്യിച്ചു. അയാള്‍ നിര്‍വികാരതയോടെ യെസ് എന്നു മൂളി.
'എക്‌സപ്റ്റ് ദാറ്റ് വണ്‍ സിക്സ്റ്റീന്‍. അവളെ എന്റെ കാറിന്റെ പിന്‍സീറ്റില്‍ കിടത്തിയേക്കൂ…'
അനുസരിക്കാന്‍ മാത്രമാറിയാവുന്ന വാജിബ് എന്തുകൊണ്ടാണെന്നു ചോദിച്ചില്ല. ഒന്നും മനസിലായില്ലെങ്കിലും വാജിബ് തലയാട്ടിക്കൊണ്ട് താക്കോല്‍ വാങ്ങിച്ച് തിരിഞ്ഞുനടന്നു. സമയം വൈകിയിരിക്കുന്നു. അയാള്‍ക്കു വല്ലാത്ത ദാഹം തോന്നി. വരാന്തയില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന മരിച്ചവരുടെ പലതരം സാധനങ്ങള്‍. അവയ്ക്കിടയില്‍ ഒരു സ്‌കൂള്‍ ബാഗിനടിയിലെ പരിചിതമായ കൊച്ചു വാട്ടര്‍കാന്‍ അയാള്‍ വലിച്ചെടുത്തു. അതിലവശേഷിച്ചിരുന്ന വെള്ളം തന്റെ കനലാളുന്ന അന്നനാളത്തിലേക്കു പകര്‍ന്നു. പിന്നെ കോണിപ്പടികളിറങ്ങി ആളൊഴിഞ്ഞ വരാന്തയിലൂടെ മുറ്റത്തേക്കു നടന്നു.
വാജിബ് ഡ്യൂട്ടി ആരംഭിച്ചിരിക്കുന്നു. ശേഷക്രിയകളും എന്‍ജിന്‍ ഡ്രൈവിങ്ങും എല്ലാം അയാള്‍ തനിച്ചാണ് നിര്‍വഹിക്കുന്നത്. നേരം പുലരുംവരെ അയാള്‍ ജോലി ചെയ്യേണ്ടിവരും. ബോണറ്റിന്റെ മുകളില്‍ താക്കോല്‍ കിടക്കുന്നുണ്ട്. ഡോക്ടര്‍ അതെടുത്ത് ഡ്രൈവിങ് സീറ്റില്‍ കയറി ഡോറടച്ചു.
ചാര്‍ജ് തീരാറായ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ അയാള്‍ പിറകിലെ സീറ്റിലേക്കു ചാഞ്ഞു. അപ്പോള്‍ അയാളുടെ കൈകള്‍ക്കിടയില്‍ കിടന്ന് ക്ഷീണിച്ച ശബ്ദത്തില്‍ അതിന്റെ വൈബ്രേറ്റര്‍ മുഴങ്ങി.
പലതവണ അവള്‍ വിളിച്ചതായുള്ള മിസ്ഡ് കോളുകള്‍ അന്നേരമാണയാള്‍ ശ്രദ്ധിച്ചത്.
'സമാന്‍, ഞാനങ്ങോട്ടു വരികയാണ്.'
'മകള്‍ ഇതുവരെ എത്തിയില്ല.' അവളുടെ ശബ്ദം ഭീതിയാല്‍ വിറയാര്‍ന്നതായിരുന്നു.
'എന്റെ കൂടെയുണ്ട്.'
അതു പറഞ്ഞ് അയാള്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. അവശിഷ്ടങ്ങളുടെ അവസാനിക്കാത്ത പാതയിലൂടെ അയാളുടെ വാഹനം പതുക്കെ സഞ്ചരിക്കാനാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."