ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് ഇനി മൂന്ന് ഷിഫ്റ്റ്
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ കിഡ്‌നി ഡയാലിസിസ് സെന്ററിലേക്കുള്ള ലിഫ്റ്റിന്റെ നിര്‍മാണ പ്രവൃത്തി മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പി.വി. അബ്ദുള്‍ വഹാബ് എം.പി. ഡയാലിസിസ് യൂനിറ്റിന്റെ മൂന്നാം ഷിഫ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഡയാലിസിസ് മെഷീന്‍ നല്‍കാമെന്ന് എം.പി. പറഞ്ഞു. മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റിലേക്ക് നടന്നുവരുന്നത് രോഗികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. ലിഫ്റ്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കേണ്ടതാണ്. അതിനുവേണ്ട നടപടികളാണ് കൈക്കൊള്ളേണ്ടത്. സുതാര്യത പറഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാകില്ല.
നാല് ഹൈമാസ്റ്റ് ലൈറ്റുകള്‍, അഞ്ച് ബസ് സ്റ്റോപ്പുകള്‍, രണ്ട് ആംബുലന്‍സ് എന്നിവ തന്റെ ഫണ്ടില്‍ നിന്നും നല്‍കാന്‍ തയ്യാറാണ്. ആംബുലന്‍സുകളില്‍ ഒന്ന് ഹൈടെക് ആംബുലന്‍സാണ്. എന്നാല്‍ ഇതിനുള്ള മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഫണ്ട് അനുവദിക്കുന്ന എം.പി. തന്നെ പിന്നീടുള്ള കാര്യങ്ങള്‍ക്കും നടക്കേണ്ട അവസ്ഥയാണുള്ളത്. ഈ സ്ഥിതിമാറണമെങ്കില്‍ നമ്മുടെ ആസൂത്രണ വകുപ്പില്‍ മാറ്റം വരുത്തേണ്ടതാണ്. രണ്ട് എന്‍ജിനീയര്‍മാര്‍ തമ്മിലുള്ള പടലപ്പിണക്കമാണ് ലിഫ്റ്റ് നിര്‍മാണം വൈകാന്‍ കാരണം. സ്ട്രക്ചറില്‍ മാറ്റം വരുത്തണമെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ ഇതിന്റെയൊന്നുമാവശ്യം ഇല്ലാത്ത ലിഫ്റ്റുകള്‍ നിലവിലുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് എം.പി. ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് നിര്‍ദ്ദേശം നല്‍കി. ജില്ലാ ആശുപത്രിക്ക് ആധുനീക സൗകര്യങ്ങള്‍ ഉള്ള ആംബുലന്‍സും ഹൈമാസ്റ്റ് ലൈറ്റും അനുവദിക്കാമെന്ന് എം.പി. പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഒ.ടി. ജയിംസ്, ടി.പി. അഷ്‌റഫലി, സറീന മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. കുഞ്ഞാന്‍, എച്ച്എംസി അംഗങ്ങളായ എന്‍. വേലുക്കുട്ടി, പി.ടി. ഉമ്മര്‍, കെ.സി. വേലായുധന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി. ഹംസ, ആര്‍.എം.ഒ. ഡോ. എം. മുനീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."