കൊണ്ടോട്ടിക്ക് നഷ്ടമായത് സ്വന്തം കഥാകാരനെ
കൊണ്ടോട്ടി: ഞാനൊരു കൊണ്ടോട്ടിക്കാരനായത് കൊണ്ടാണ് എനിക്ക് എഴുതാന്‍ കഴിയുന്നത്. അതിനു പ്രചോദനമായത് മഹാകവി മോയീന്‍കുട്ടി വൈദ്യരെപ്പോലുള്ള കവികള്‍ പിറന്ന മണ്ണായതു കൊണ്ടാണ്. അഭ്രപാളിയില്‍ കഥ പറഞ്ഞ് പ്രേക്ഷകരെ ചിന്തിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ടി.എ റസാഖ് എന്ന നാട്ടുകാരുടെ സ്വന്തം കുഞ്ഞാപ്പുവിന്റെ മൃതദേഹം മോയീന്‍ കുട്ടി വൈദ്യരുടെ ഓര്‍മക്കൂടാരത്തിലേക്ക് വെക്കുമ്പോള്‍ നാടും നാട്ടുകാരും തേങ്ങി. അങ്ങിനെയൊക്കെയായിരുന്നു അവരുടെ നാട്ടുകാരനായ കുഞ്ഞാപ്പു. നാട്ടിലെ പൊതു സ്വീകാര്യനും കെ.എസ് ആര്‍.ടി.സി ജീവനക്കാരനുമായിരുന്ന ടി.എ ബാപ്പുവിന്റെ മൂത്തമകന്‍ സ്‌കൂള്‍ തലം തൊട്ട് നാടകത്തിലും മിമിക്രിയിലുമായി കഴിവ് തെളിയിച്ച് ശ്രദ്ദേയനായിരുന്നു.
എഴുത്തിന് കരുത്ത് പകര്‍ന്ന് വര മാസിക നടത്തുമ്പോഴും റസാഖ് സിനിമ ലോകമായിരുന്നു മുന്നില്‍ കണ്ടത്. അതിനായി പരിശ്രമിക്കുകയും ഒടുവില്‍ വിജയം കാണുകയും ചെയ്തു. ധ്വനിയിലൂടെ സഹസംവിധായകനായ റസാഖ് തിരക്കഥയുടെ തീരത്തേക്ക് നടന്നടുത്തത് പെട്ടെന്നായിരുന്നു. മൂന്നു പതിറ്റാണ്ടിനിടെ മുപ്പതു സിനിമകളാണ് റസാഖിന്റേതായി പുറത്തുവന്നത്. ആകാശം എന്ന ചിത്രത്തിന് തിരക്കഥയോടൊപ്പം ഗാനമെഴുതിയും റസാഖ് കഴിവു തെളിയിച്ചിരുന്നു. ബസ്‌കണ്ടക്ടര്‍, കര്‍മ തുടങ്ങിയ സിനിമകളിലും രഞ്ജിത് സംവിധാനം ചെയ്ത പലേരി മാണിക്ക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ ഗായകന്റെ വേഷവും ചെയ്തിട്ടുണ്ട്.
ബാലേട്ടന്‍, രാജമാണിക്യം തുടങ്ങിയ 10 സിനിമകളാണ് അനിയന്‍ ഷാഹിദിന്റെതായി പുറത്തുവന്നത്. തുറക്കലിലെ കലാകാരന്മാരില്‍ ഷാഹിദിന് പിന്നാലെ റസാഖും കൂടി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."