അസ്‌ലം വധം: മുസ്‌ലിം ലീഗ് അണികളുടെ ആത്മസംയമനവും ഭരണകൂടത്തിന്റെ ജാഗ്രതയും പ്രശംസനീയം
എടച്ചേരി: യൂത്ത് ലീഗ് പ്രവര്‍ത്തകനായ തൂണേരിയിലെ കാളിയപറമ്പത്ത് അസ്‌ലമി ന്റെ കൊലപാതകത്തെ തുടര്‍ന്ന് മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം അണികള്‍ കാണിച്ച ആത്മസംയമനവും പൊലിസിന്റെ ജാഗ്രതയും അങ്ങേയറ്റം പ്രശംസനീയമായി. ഒന്നര വര്‍ഷങ്ങള്‍ക്കപ്പുറം വെള്ളൂരിലെ ഡി വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ എന്ന ചെറുപ്പക്കാരന്‍ ഏറ്റുമുട്ടലില്‍ മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലീഗ് അണികളുടെ സ്വയം നിയന്ത്രണം ഏറെ വിലമതിക്കുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രണ്ട് മണിക്ക് ശേഷമാണ് മൃതദേഹം കോഴിക്കോട് നിന്നും പുറപ്പെട്ടത്. വിലാപയാത്ര ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വത്തിന്റെ ആഹ്വാനമുണ്ടായിരുന്നു.
എന്നാല്‍ നേരത്തെ തന്നെ നാദാപുരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി കോഴിക്കോട്ടേക്ക് എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ലീഗ് പ്രവര്‍ത്തകര്‍ മൃദദേഹത്തെ തികഞ്ഞ ആത്മസംയമനത്തോടെ അനുഗമിച്ചു. വഴികളിലുടനീളം നൂറുകണക്കിനാളുകള്‍ കൂടി നിന്നെങ്കിലും ഒറ്റപ്പെട്ട ചെറിയ സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയില്‍ എവിടെയും അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. രണ്ട് മണിക്ക് നാദാപുരത്തെ മുദാക്കര പളളിയില്‍ മയ്യിത്ത് എത്തുമെന്ന് നേരത്തെ അറിയിച്ചതനുസരിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മുദാക്കര പള്ളി പരിസരത്ത് എത്തിയിരുന്നു. വെള്ളൂര്‍ സംഭവത്തില്‍ വീട് നശിപ്പിക്കപ്പെട്ട അസ്‌ലമും കുടുംബവും നാദാപുരം കക്കം വെള്ളി ശാദുലി റോഡിലെ രയരോത്ത് എന്ന വീട്ടില്‍ താത്കാലികമായി താമസിച്ചു വരികയായിരുന്നു. ഇവിടെയാണ് അസ്‌ലമിന്റെ ഉമ്മയും രണ്ട് സഹോദരിമാരും താമസിക്കുന്നത്. കോഴിക്കോട് നിന്നും വടകര വില്യാപ്പള്ളി വഴി തണ്ണീര്‍ പന്തലിലൂടെ കക്കം വെളളിയിലുള്ള വീട്ടില്‍ മയ്യിത്ത് എത്തുമ്പോഴേക്കും സമയം 4.30 ആയിരുന്നു.
തങ്ങളുടെ പ്രിയ സഹോദരന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാമെന്ന് കരുതി നൂറുകണക്കിന് ആളുകള്‍ ഇവിടെയും തടിച്ചു കൂടിയിരുന്നു. എന്നാല്‍ അടുത്ത ബന്ധുക്കളൊഴിച്ച് ആരെയും വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. പ്രിയ സ്‌നേഹിതന്റെ മയ്യിത്ത് പോലും കാണാന്‍ ബഹളം കൂട്ടാതെ തികഞ്ഞ അച്ചടക്കത്തില്‍ ഇവിടെയും ലീഗണികള്‍ സമചിത്തരായി മടങ്ങുകയായിരുന്നു. ഇവിടെ നിന്നും അസ്‌ലമിന്റെ മഹല്ലായ നിറന്നി പള്ളിയിലേക്കാണ് ഖബറടക്കത്തിന് കൊണ്ടുപോയത്.
2015 ജനുവരി 22 ന് നടന്ന സംഭവം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അന്ന് ഷിബിന്റെ മൃദ ദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയില്‍ നിന്ന് തന്നെ ആക്രമങ്ങള്‍ തുടങ്ങിയിരുന്നു. മൃദദേഹം സംസ്‌കരിക്കുന്ന സമയത്ത് തന്നെയായിരുന്നു വെള്ളൂരില്‍ വീടുകള്‍ തീയിടുകയും,കൊള്ളയടിക്കുകയും ചെയ്തത്. അന്ന് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പൊലിസുകാര്‍ നിസംഗരായി നോക്കി നില്‍ക്കുകയായിരുന്നു. ഇന്നലെ കാണിച്ച ജാഗ്രതയുടെ ചെറിയ ശതമാനമെങ്കിലും അന്ന് പൊലിസ്‌കാണിച്ചിരുന്നുവെങ്കില്‍ വെള്ളൂരിലെ ഒരു വീടിന്റെ കല്ല് പോലും ഇളകില്ലരുന്നു. എന്നാല്‍ അത്യന്തം പ്രകോപനമാം വിധം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടിട്ടും, നേതൃത്വത്തിന്റെ നിര്‍ദേശം മാനിച്ച് അണികള്‍ തികഞ്ഞ അച്ചടക്കത്തോടെ നിയന്ത്രണം പാലിച്ചപ്പോള്‍ എക്കാലത്തും ലീഗിനോട് ചേര്‍ത്ത് പറയാറുളള ആത്മസംയമനം എന്ന വാക്ക് അക്ഷരാത്ഥത്തില്‍ പ്രയോഗത്തില്‍ വരുത്തുകയായിരുന്നു ലീഗണികള്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."