വർധിക്കുന്ന സാമ്പത്തിക അസമത്വം
ലോകം കൊവിഡിന്റെ പിടിയിലായ 2020 മുതൽ അഞ്ച് അതിസമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായെന്ന് ബ്രിട്ടിഷ് ജീവകാരുണ്യ സംഘടന ഓക്‌സ്ഫാമിന്റെ റിപ്പോർട്ട് പറയുന്നു. ഇക്കാലയളവിൽ ലോകത്തെ 500 കോടി ദരിദ്രർ കൂടുതൽ ദരിദ്രരായി. 500 കോടി ദരിദ്രരെന്നാൽ അത് ലോകജനസംഖ്യയുടെ 60 ശതമാനംവരും. പത്തുവർഷത്തിനുള്ളിൽ ആദ്യത്തെ ട്രില്യനയർ ലോകത്തുണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇങ്ങനെയാണെങ്കിൽ സമ്പൂർണ ദാരിദ്ര്യനിർമാർജനമെന്ന ആശയം ലക്ഷ്യത്തിലെത്തിക്കണമെങ്കിൽ 230 വർഷമെങ്കിലും കാത്തിരിക്കേണ്ടിവരും. ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്, ഫ്രഞ്ച് വ്യവസായി ബെർണാർദ് ആർനോ, ആമസോണിന്റെ എക്‌സിക്യുട്ടീവ് ചെയർമാൻ ജെഫ് ബെസോസ്, ഒറാക്കിൾ സഹസ്ഥാപകൻ ലാറി എല്ലിസൺ, മെറ്റ സി.ഇ.ഒ മാർക്ക് സുക്കർബർഗ് എന്നിവരുടെ സമ്പത്താണ് ഇരട്ടിയിലേറെയായത്. 40,500 കോടി ഡോളറായിരുന്നു 2020ൽ ഇവരുടെ എല്ലാവരുടെയുംകൂടി സമ്പത്ത്. ഇത് ഇപ്പോൾ 86,900 കോടി ഡോളറായി.
ഏതു ദുരന്തവും ലോകത്തെ സാധാരണക്കാരെയാണ് ബാധിക്കുക. ദുരന്തങ്ങളിൽനിന്ന് നേട്ടം കൊയ്യുന്നവർ കോർപറേറ്റുകളാണ്. കൊവിഡ് അനുബന്ധകാലമാണ് സമ്പന്നരെ അതി സമ്പന്നരാക്കി മാറ്റിയതെന്നാണ് റിപ്പോർട്ട് പറയുന്നത്. നിരവധി ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരികയും ജീവിതച്ചെലവിൽ സാധാരണക്കാർ നട്ടം തിരിയുകയും ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത കാലംകൂടിയായിരുന്നു അതെന്ന് ഒാർക്കണം. ജീവിതച്ചെലവ് പ്രതിസന്ധികൾക്കിടയിലും ബിസിനസ് ലാഭം ഉയർന്നിട്ടുണ്ടെന്നാണ് അതിസമ്പന്നരുടെ സമ്പത്ത് വർധന പരിശോധിക്കുമ്പോൾ മനസിലാകുന്നത്. 2023 ജൂൺ വരെയുള്ള കാലയളവിൽ ലോകത്തിലെ 148 വൻകിട കമ്പനികൾ 1.8 ട്രില്യൻ ഡോളർ സമ്പാദിച്ചുവെന്നാണ് കണക്കുകൾ. 2018 മുതൽ 2021 വരെയുള്ള ശരാശരി മൊത്ത ലാഭത്തെ താരതമ്യം ചെയ്യുമ്പോൾ 52 ശതമാനത്തിന്റെ വർധനവാണിത്. ആഗോളതലത്തിൽ ഈ സാമ്പത്തിക അസമത്വം വലിയ വിപത്താണ്.
തുച്ഛ വേതനത്തിനുവേണ്ടി ലോകമെമ്പാടും ആളുകൾ മണിക്കൂറുകളോളം സുരക്ഷിതമല്ലാത്ത മേഖലകളിൽ കഠിനധ്വാനം ചെയ്യേണ്ടിവരുന്നതായും റിപ്പോർട്ട് പറയുന്നു. 52 രാജ്യങ്ങളിലെ 80 കോടി ജനങ്ങളുടെ ശരാശരി വേതനവും ഇക്കാലയളവിൽ കുറഞ്ഞു. ഈ തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 1.5 ട്രില്യൻ ഡോളറാണ് നഷ്ടപ്പെട്ടത്, അതായത് ഒരു തൊഴിലാളിയുടെ 25 ദിവസത്തെ വേതനം നഷ്ടപ്പെട്ടതിന് തുല്യമാണിത്. തൊഴിലാളികളും അതിസമ്പന്നരായ കമ്പനി മുതലാളിമാരും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാൻ സാമ്പത്തിക നികുതി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ഒരു കോടി പൗണ്ട് മൊത്തം സ്വത്തുള്ള ബ്രിട്ടിഷ് കോടീശ്വരന്മാരിൽ നിന്നും ശതകോടീശ്വരന്മാരിൽ നിന്നും ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനുമിടയിൽ ഇത്തരത്തിൽ നികുതി ചുമത്തിയാൽ 2.2 കോടി പൗണ്ട് ഖജനാവിലെത്തും.
സ്റ്റോക്കുകൾ, ഷെയറുകൾ, ബോണ്ടുകൾ, സ്വകാര്യ ഉമസ്ഥതയിലെ ഓഹരികൾ തുടങ്ങി ആഗോള സാമ്പത്തിക സ്വത്തിലെ 59 ശതമാനവും ലോകത്തിലെ ഒരു ശതമാനം സമ്പന്നർ കൈയടക്കിവച്ചിരിക്കുകയാണ്. ലണ്ടനിൽ 1.8 ട്രില്യൻ മൂല്യം വരുന്ന 36.5 ശതമാനം സാമ്പത്തിക സ്വത്തുക്കൾ സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈയിലാണ്. ഇന്ത്യയിലും സാമ്പത്തിക അസമത്വം വലിയ പ്രശ്‌നമാണ്. ലോകത്ത് സാമ്പത്തിക അസമത്വം ശക്തമായി നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. നികുതി കൃത്യമായി സ്വീകരിക്കുക എന്നതാണ് സാമ്പത്തിക അസമത്വവും അസ്ഥിരതയും ഇല്ലാതാക്കാനുള്ള ഒരു മാർഗം. പൊതുവിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുത്തുക എന്നതാണ് മറ്റൊന്ന്. ലോകത്തെ മുൻപന്തിയിലുള്ള സമ്പന്നർ ഈ കാലയളവിൽ അടച്ച നികുതി അവരുടെ ആകെ വരുമാനവുമായി ഒത്തുപോകുന്നതല്ല. വരുമാനത്തിന് അനുസൃതമായി നികുതി അടക്കാറില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേന്ദ്ര-_സംസ്ഥാന സർക്കാരുകൾ ആരോഗ്യം, ശുചിത്വം, കുടിവെള്ളം എന്നീ മേഖലകളിൽ നടത്തുന്ന വരവു ചെലവുകളുടെ ആകത്തുകയേക്കാൾ മുകളിലാണ് മുകേഷ് അംബാനിയുടെ സ്വത്ത്.
ഗൗതം അദാനിയാകട്ടെ കുറച്ചു വർഷത്തിനുള്ളിൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. സാമൂഹിക അസമത്വങ്ങളും അതിഭീകരമാണ്. ഇന്ത്യയിലെ ദലിത് വിഭാഗത്തിൽപെട്ട ഒരു സ്ത്രീയുടെ ജീവിതകാലം സമ്പന്നയായ സ്ത്രീയെക്കാൾ 14.6 വർഷം കുറവാണെന്നാണ് കണക്കുകൾ. അതായത്, സാമ്പത്തിക അസമത്വം ഇന്ത്യയുടെ ഭൂരിപക്ഷ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നു. ഉൾഗ്രാമങ്ങളിൽ വേണ്ടത്ര ചികിത്സ ലഭ്യമാക്കാൻ സാധിക്കാത്തതും നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഗുരുതര പ്രശ്‌നമാണ്. കൂലിയില്ലാതെ സ്ത്രീകൾ ശരാശരി ഒരു ദിവസം മൂന്ന് മണിക്കൂർ ഇന്ത്യയിൽ പണിയെടുക്കേണ്ടിവരുന്നു. രാജ്യത്തായാലും ലോകത്തായാലും അസമത്വം സ്വാഭാവികമായുണ്ടാകുന്നതല്ല, നയപരിപാടികളുടെ വൈകല്യംമൂലം നിർമിക്കപ്പെടുന്നതാണ്. സമ്പത്തും വരുമാന അസമത്വവും കേവലം സാമ്പത്തിക ആശയങ്ങൾ മാത്രമല്ല. വിദ്യാഭ്യാസ, ആരോഗ്യഫലങ്ങൾ, ദാരിദ്ര്യനിലവാരം, തൊഴിൽ, തൊഴിലില്ലായ്മ നിരക്കുകൾ, അവസരങ്ങൾ, തെരഞ്ഞെടുപ്പുകൾ, ആത്യന്തികമായി സന്തോഷം എന്നിവയെയും അവ സ്വാധീനിക്കുന്നു.
കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും മുമ്പുണ്ടായിരുന്ന വരുമാനവും സമ്പത്തും അസമത്വത്തെയും വർധിപ്പിച്ചുവെന്ന് നിരവധി പഠനങ്ങളുണ്ട്. ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ സർക്കാരുകൾ പൊതുസേവനങ്ങൾ എടുത്തുകളഞ്ഞു. ദുർബലരെ സഹായിക്കുന്നതിന് സംയോജിതവും ഉൾക്കൊള്ളുന്നതുമായ പൊതുനയമാണ് ഈ സാഹചര്യം മറികടക്കാൻ അനിവാര്യമായത്. സർക്കാരുകളും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവർത്തിക്കുന്നില്ലെങ്കിൽ, പകർച്ചവ്യാധിമൂലമുള്ള അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ആഴത്തിലുള്ള വർധന താമസിയാതെ ശാശ്വതമായി മാറും.
സാമൂഹിക ചെലവ്, നികുതി, തൊഴിൽ അവകാശങ്ങൾ എന്നീ പ്രധാന നയമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാരുകൾക്ക് അസമത്വത്തിന്റെ പ്രശ്‌നം മറികടക്കാൻ കഴിയും. ഈ മേഖലകളിൽ സർക്കാരുകളുടെ ശക്തവും പുരോഗമനപരവുമായ നടപടികൾ അസമത്വം ഗണ്യമായി കുറയ്ക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്. അസമത്വം വർധിച്ചുകൊണ്ടിരിക്കുമ്പോൾ വളർച്ച നിലനിർത്തുക പ്രയാസമാണ്. അസമത്വത്തെ പ്രതിരോധിക്കാൻ മതിയായ നടപടികളെക്കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."