100 മില്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപ പദ്ധതിയുമായി പാരമൗണ്ട് ഗ്രൂപ്
പുതിയ കോര്‍പറേറ്റ് ആസ്ഥാന മന്ദിരം ജനു.23ന് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ-12ല്‍ ആരംഭിക്കും.
ഖത്തറിലെ പുതിയ വിപുലീകരണ പദ്ധതിയുടെ സമാരംഭം ഫെബ്രുവരി 22ന്.
ദുബൈ: യുഎഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പാരമൗണ്ട് ഗ്രൂപ്പിന് പുതിയ പദ്ധതികള്‍ വരുന്നു. യുഎഇയിലെ പുതിയ പാരമൗണ്ട് കോര്‍പറേറ്റ് ആസ്ഥാന മന്ദിരം ജനുവരി 23ന് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ-12ല്‍ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ പുതിയ വിപുലീകരണ പദ്ധതിയുടെ സമാരംഭം ഫെബ്രുവരി 22ന് ആയിരിക്കുമെന്നും പാരമൗണ്ട് മാനേജ്മന്റ് ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനേജിംങ് ഡയറക്ടര്‍ കെ.വി ഷംസുദ്ദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഹിഷാം ഷംസ്, അമര്‍ ഷംസ്, ഡയറക്ടര്‍ അഫ്‌റ ഷംസ്, ഖത്തര്‍ ജനറല്‍ മാനേജര്‍ ഡാനിയേല്‍.ടി സാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഗള്‍ഫ് മേഖലയില്‍ ഫുഡ് സര്‍വീസ് എക്യുപ്‌മെന്റ് സൊല്യൂഷന്‍ രംഗത്ത് 36 വര്‍ഷമായി ഒന്നാം നിരയില്‍ തുടരുന്ന സ്ഥാപനമാണ് പാരമൗണ്ട് ഗ്രൂപ്പെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. കൊമേഴ്‌സ്യല്‍ കിച്ചന്‍, ബേക്കറി, സൂപര്‍ മാര്‍ക്കറ്റ്, ലോണ്‍ഡ്രി എന്നിവയ്ക്കാവശ്യമായ എക്യുപ്‌മെന്റുകളുടെ നിര്‍മാണവും വിതരണവും പ്രദര്‍ശനവും വില്‍പനയും ഈ കേന്ദ്രം വഴിയാകും.
''36 വര്‍ഷമായി ഫുഡ് സര്‍വീസ് എക്യുപ്‌മെന്റ് ഇന്‍ഡസ്ട്രിയില്‍ ഞങ്ങളുണ്ട്. ഈ രംഗത്ത് വിപ്‌ളവകരമായ പല മാറ്റങ്ങളും പ്രവണതകളും ഞങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഭക്ഷ്യ വ്യവസായത്തിലെ വര്‍ധിച്ച ആവശ്യങ്ങള്‍ കരുതി പാരമൗണ്ട് ഗ്രുപ്പിന്റെ പ്രവര്‍ത്തനം ലോകമാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതിനായി ഷാര്‍ജ കേന്ദ്രമാക്കി 100 മില്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപത്തിനാണ് പാരമൗണ്ട് ഗ്രൂപ് ഒരുങ്ങുന്നത്'' - അദ്ദേഹം വിശദീകരിച്ചു.
പാരമൗണ്ട് ഗ്രൂപ് മിഡില്‍ ഈസ്റ്റിലാകെയും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ അടുത്ത 20 വര്‍ഷത്തെ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഫുഡ് ആന്‍ഡ് ബിവറേജ് മേഖലയില്‍ തങ്ങളാര്‍ജിച്ച അനുഭവങ്ങള്‍ ലോകത്തിനാകെ ഉപകരിക്കും വിധമുള്ള കര്‍മ പദ്ധതിയാണ് തങ്ങള്‍ക്കുള്ളതെന്ന് ഹിഷാം ഷംസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."