ഭാരത് ജോഡോ ന്യായ് യാത്രയുടെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരേ അസമില്‍ കേസ്
ഗുവാഹതി: ഭാരത് ജോഡോ ന്യായ് യാത്ര പൊലിസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയുടെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരേ കേസ്. സംഘര്‍ഷം, പ്രകോപനം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലിസ് ഉദ്യോഗസ്ഥരെ മര്‍ദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ഐ.പി.സിയിലെ 120(ബി)143/147/188/283/353/332/333/427 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, കനയ്യകുമാര്‍ എന്നിവരും കേസിലെ പ്രതികളാണ്.
യാത്രയുടെ പത്താംദിവസമായ ഇന്നലെ ഗുവാഹതിയില്‍ കടക്കാന്‍ അനുവദിക്കാതെ രാഹുലിനെയും സംഘത്തെയും പൊലിസ് തടഞ്ഞിരുന്നു. ഗുവാഹതിയിലേക്കുള്ള പാതയില്‍ ഒന്നിലധികം മടക്ക് ബാരിക്കേഡുകള്‍ തീര്‍ത്താണ് വന്‍ പൊലിസ് സന്നാഹം യാത്ര തടഞ്ഞത്.
ഇതോടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പിന്നാലെ രാഹുല്‍ഗാന്ധിക്കെതിരേ സംഘര്‍ഷം ഉണ്ടാക്കിയതിന്റെ പേരില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ഡി.ജി.പിക്ക് നിര്‍ദേശം കൊടുത്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രാത്രിയോടെയാണ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തത്. കേസെടുത്തതായി മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചതും.
നക്‌സല്‍ സംസ്‌കാരമാണിതെന്നാണ് ഹിമന്തബിശ്വ ശര്‍മ പ്രതികരിച്ചത്. ജനങ്ങളെ പ്രകോപിപ്പിച്ച് ഇളക്കിവിട്ടതിന് നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും തെളിവായി നിങ്ങള്‍ തന്നെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചെന്നും ശര്‍മ ട്വീറ്റ്‌ചെയ്തു. യാത്ര തടഞ്ഞതോടെ ബസ്സിന് മുകളില്‍ കയറി രാഹുല്‍ പ്രവര്‍ത്തകരെ അംഭിസംബോധനചെയ്തു.
സ്വതന്ത്രസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനമായ ഇന്നലെ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചാണ് ഇന്നലെ യാത്ര പുനരാരംഭിച്ചത്. ഗുവാഹത്തി നഗര മധ്യത്തിലൂടെയായിരുന്നു യാത്രയുടെ റൂട്ട്. എന്നാല്‍, ഗതാഗത തടസ്സം ചൂണ്ടിക്കാട്ടി യാത്ര തടയുകയായിരുന്നു. ഇതുവഴിയുള്ള റൂട്ടിന് അനുമതി നിഷേധിച്ചതോടെ നഗരമധ്യത്തിലൂടെ കടക്കാതെ ഗുവാഹതി ബൈപ്പാസ് വഴി യാത്ര തുടരുകയായിരുന്നു. നഗരത്തിലേക്കുള്ള പ്രവേശനകവാടമായ ഖനപരയില്‍ ആണ് യാത്ര തടഞ്ഞത്.
ഭാരത് ജോഡോ ന്യായ് യാത്രയുടെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരേ അസമില്‍ കേസ്; കെ.സി വേണുഗോപാലും കനയ്യ കുമാറും പ്രതികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."