അവസരവാദികൾ സഖ്യം തകർക്കില്ലെന്ന് ഉറപ്പാക്കണം
ഇൻഡ്യാ സഖ്യത്തിന്റെ രൂപവത്കരണത്തിൽ സുപ്രധാന പങ്കുവഹിച്ച ജെ.ഡി.യു നേതാവ് നിതീഷ് കുമാർ വീണ്ടും കൂറുമാറി എൻ.ഡി.എക്കൊപ്പം ചേർന്നു. തൊട്ടുപിന്നാലെ സ്വന്തം സർക്കാരിനെ വീഴ്ത്തിയ നിതീഷ് ഒൻപതാമത്തെ തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിതീഷിനെ അനുനയിപ്പിക്കാൻ കോൺഗ്രസും ആർ.ജെ.ഡിയും നടത്തിയ നീക്കം വിജയിച്ചില്ല. ഓന്തിനെ തോൽപ്പിക്കുന്ന നിറംമാറ്റമെന്നാണ് കോൺഗ്രസ് നിതീഷിന്റെ നിലപാടിനെതിരേ പ്രതികരിച്ചത്.
2014-15 കാലയളവിലെ എട്ടുമാസം ഒഴിച്ചാൽ 2005 മുതൽ ബിഹാറിന്റെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. കൂറുമാറ്റം നിതീഷിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ സംഭവമല്ല. 1985ലാണ് ആദ്യമായി ബിഹാർ നിയമസഭയിലെത്തുന്നത്. 1998ൽ ബി.ജെ.പി സഖ്യത്തിലെത്തി വാജ്‌പേയി സർക്കാരിൽ റെയിൽവേ, കാർഷിക മന്ത്രിപദവികൾ വഹിച്ചു. 2000ത്തിൽ ബി.ജെ.പിയുടെ പിന്തുണയോടെ ആദ്യമായി മുഖ്യമന്ത്രിയായി. എന്നാൽ ഭൂരിപക്ഷമില്ലാത്തതിനാൽ ഏഴു ദിവസങ്ങൾക്കുശേഷം രാജിവയ്‌ക്കേണ്ടിവന്നു.
2005ൽ ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിൽ മുഖ്യമന്ത്രിയായി. 2013ൽ ദേശീയ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയുടെ ഉയർച്ച തുടങ്ങിയതോടെ മോദിയെ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയുമായുള്ള ബന്ധം വേർപ്പെടുത്തി. 2015ൽ ലാലു പ്രസാദ് യാദവുമായി ചേർന്ന് കോൺഗ്രസിനൊപ്പം മഹാസഖ്യമുണ്ടാക്കി അധികാരത്തിലെത്തി. രണ്ടുവർഷങ്ങൾക്കുശേഷം സഖ്യം ഉപേക്ഷിച്ച് വീണ്ടും ബി.ജെ.പിക്കൊപ്പം പോയി. 2022ൽ വീണ്ടും ബി.ജെ.പിയെ വിട്ട് കോൺഗ്രസ്-ജെ.ഡി.യു-ആർ.ജെ.ഡി സഖ്യത്തിൽ മുഖ്യമന്ത്രിയായി.
2022 ഒാഗസ്റ്റിൽ മഹാസഖ്യ സർക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോൾ ആദ്യം വെല്ലുവിളിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ്. 2024ൽ പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചുപോരാടുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിക്ക് എളുപ്പമാകില്ലെന്ന മുന്നറിയിപ്പും നൽകി. മോദിയെ വെല്ലുവിളിച്ച നിതീഷിന്റെ വാക്കുകൾ ഉറച്ചതാണെന്ന് അന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വിശ്വസിച്ചു. ഇൻഡ്യാ സഖ്യത്തിന്റെ മുൻനിരയിൽ നിതീഷിനെ നിർത്താൻ കോൺഗ്രസ് മടികാണിക്കാതിരുന്നത് ഈ കാരണം കൊണ്ടുകൂടിയാണ്.
രാഷ്ട്രീയ ചരിത്രത്തിൽ 20 വർഷം എൻ.ഡി.എയിലായിരുന്നു നിതീഷ് കുമാർ. ഇപ്പോഴത്തെ കൂറുമാറ്റത്തിന് മൂന്ന് കാരണങ്ങളാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. നിതീഷ് ഇൻഡ്യാ സഖ്യത്തിലെത്തിയത് പ്രധാനമന്ത്രി സ്ഥാനാർഥിയാകാമെന്ന മോഹവുമായാണെന്നും അത് സാധ്യമല്ലെന്ന തിരിച്ചറിവാണ് എൻ.ഡി.എയിലേക്ക് തിരികെപോകാൻ പ്രേരിപ്പിച്ചതെന്നുമാണ് ഇതിലൊന്ന്. നിതീഷിന്റെ താൽപര്യത്തെ ഇൻഡ്യാ മുന്നണിയിലെ മറ്റു നേതാക്കൾക്ക് അറിയാമായിരുന്നെങ്കിലും സഖ്യത്തെ നയിക്കാൻ അവർ കണ്ടത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയാണ്. ഇതോടെ നിതീഷിന് ഇളക്കം തട്ടിത്തുടങ്ങി.
മഹാരാഷ്ട്രയിൽ എൻ.സി.പിയെയും ശിവസേനയെയും പിളർത്തിയ മാതൃകയിൽ ബി.ജെ.പി ബിഹാറിൽ ജെ.ഡി.യുവിനെ പിളർത്തിയേക്കുമെന്ന പേടിയാണ് രണ്ടാമത്തേത്. മഹാരാഷ്ട്രയിലേതിനു സമാനമായ രാഷ്ട്രീയ അട്ടിമറിക്കുള്ള സാധ്യത ബിഹാറിൽ തള്ളിക്കളയാനാവില്ലെന്ന് കോൺഗ്രസ് അടക്കമുള്ള സഖ്യകക്ഷികൾ കരുതിയിരുന്നു. അതു പ്രതിരോധിക്കാനുള്ള മാർഗങ്ങൾ നിതീഷിന്റെ പക്കലില്ലെന്നും അവർക്കറിയാം. ബിഹാറിൽ ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തിന്റെ അടിത്തറ വികസിക്കുകയും ജെ.ഡി.യു തളരുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമാണ് മൂന്നാമത്തേത്. ജെ.ഡി.യുവിലെ ഒരുവിഭാഗം നേതാക്കൾ ആർ.ജെ.ഡിയുമായി മികച്ച ബന്ധം പുലർത്തുന്നവരാണ്.
ജെ.ഡി.യു ആർ.ജെ.ഡിയിൽ ലയിക്കാൻ പോകുന്നുവെന്ന് ബി.ജെ.പി ആരോപണം ഉന്നയിക്കാൻ ഈ അടുപ്പം കാരണമായിരുന്നു. ഇതിന്റെ പേരിൽ ലാലൻ സിങ്ങിനെ ജെ.ഡി.യു ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയ നിതീഷ് കുമാർ, പദവി സ്വയം ഏറ്റെടുത്തിരുന്നു. ഇൻഡ്യാ സഖ്യത്തിനുള്ളിൽ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിൽ ലാലൻ സിങ് പരാജയപ്പെട്ടത് നിതീഷിന് അതൃപ്തിയുണ്ടാക്കിതാണ് അദ്ദേഹത്തെ മാറ്റുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. പാർട്ടിയുടെ അടിത്തറ ഉറപ്പാക്കുന്നതിന് ഇൻഡ്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി പദവിയെങ്കിലും നിതീഷിന് അനിവാര്യമായിരുന്നു. കൂടുവിട്ടു കൂടുമാറി അധികാരക്കസേരയിൽ ഇരിപ്പുറപ്പിക്കുന്നത് നിതീഷ് കുമാർ എന്ന രാഷ്ട്രീയക്കാരന് പുത്തരിയല്ലെന്നതാണ് ഇതിൽ പ്രധാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കടത്തിവെട്ടി മുന്നേറാമെന്ന് പ്രതിപക്ഷം കണക്കുകൂട്ടിയ രണ്ടു സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ബിഹാറും. മഹാരാഷ്ട്രയിൽ എൻ.സി.പിയെയും ശിവസേനയെയും പിളർത്തിയതോടെ അവിടത്തെ സഖ്യം ദുർബലമായി. ബിഹാറിലെ ജെ.ഡി.യു-ആർ.ജെ.ഡി-_കോൺഗ്രസ് സഖ്യം പൊളിച്ചതോടെ ബി.ജെ.പി.യുടെ ആ ലക്ഷ്യവും പൂർത്തിയായി. ബി.ജെ.പിക്കെതിരേ പ്രതിപക്ഷ ഐക്യം എന്ന ആശയവുമായി പ്രതിപക്ഷകക്ഷി നേതാക്കളെ സന്ദർശിക്കാൻ ചുക്കാൻ പിടിച്ചത് നിതീഷ് ആയിരുന്നു. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണി എന്ന ആശയത്തോട് നിതീഷ് യോജിക്കാത്തിടത്തോളം അദ്ദേഹവുമായി സഹകരിക്കാൻ കോൺഗ്രസിനും എതിർപ്പുണ്ടായിരുന്നില്ല.
ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണുനട്ടിരുന്ന നിതീഷിന് ബി.ജെ.പി നൽകിയ ഓഫർ എന്തായിരുന്നുവെന്ന് കാത്തിരുന്ന് കാണണം. ഉപരാഷ്ട്രപതി പദം നൽകാത്തതാണ് 2022ൽ നിതീഷ് ബി.ജെ.പി സഖ്യം വിടാൻ കാരണമായി കണക്കാക്കുന്നത്. നിതീഷിന്റെ ചുവടുമാറ്റം മതേതരചേരി പ്രതീക്ഷവയ്ക്കുന്ന ഇൻഡ്യാ സഖ്യത്തെ ബാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം. പഞ്ചാബിലും പശ്ചിമ ബംഗാളിലും സീറ്റുവിഭജനത്തിന്റെ പേരിൽ വെല്ലുവിളി നേരിടുന്ന സഖ്യത്തിന് നിതീഷിന്റെ കൂറുമാറ്റം ആഘാതമാകുമെന്ന് ഉറപ്പാണ്. ഇത് കോൺഗ്രസ്, ആർ.ജെ.ഡി പോലുള്ള പാർട്ടികൾക്ക് കടുത്ത വെല്ലുവിളിയുണ്ടാക്കും.
നിതീഷിന്റെ കൂറുമാറ്റം ബിഹാറിൽ തങ്ങളുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിൽ ശരദ്പവാർ എവിടെ നിൽക്കുന്നുവെന്ന് ഉറപ്പാക്കാനായിട്ടില്ല.
അവസരവാദികളുടെ കൂറുമാറ്റങ്ങൾ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ഇൻഡ്യാ സഖ്യത്തിന് കഴിയേണ്ടതുണ്ട്. സീറ്റ് വിതംവയ്ക്കൽ സംബന്ധിച്ച തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടണം. അതിനുള്ള വിവേകം ഇൻഡ്യാ സഖ്യം കാണിക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."