ഏറ്റവും മികച്ച ഉപയോക്ത്യ സേവനം: ഹത്ത അതിർത്തിക്ക് ശൈഖ് മുഹമ്മദ് 6 സ്റ്റാർ പദവി സമ്മാനിച്ചു
ദുബൈ: യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും ഹത്ത അതിർത്തിയിലെ ജിഡിആർഎഫ്എ കസ്റ്റ്മർ ഹാപിനസ് സെന്ററിന് സിക്സ് സ്റ്റാർ പദവി സമ്മാനിച്ചു. മികച്ച രീതിയിൽ ഉപയോക്ത്യ സേവനങ്ങൾ നൽകിയതിനാണിത്.
അന്താരാഷ്ട്ര നിലവാരത്തിൽ സേവനങ്ങൾ നൽകി ഉപയോക്താക്കൾക്ക് സന്തുഷ്ടി സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ ഗവൺമെന്റിന്റെ ഗ്ലോബൽ സ്റ്റാർ റേറ്റിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഹത്ത ബോർഡർ ഓഫിസിന് 6 സ്റ്റാർ പദവി കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് സമ്മാനിച്ചത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് മക്തൂമും ചടങ്ങിൽ സംബന്ധിച്ചു.
2023 -ൽ യാത്രക്കാരുടെ എണ്ണത്തിൽ ചരിത്ര നേട്ടമാണ് ഹത്ത അതിർത്തി കൈവരിച്ചത്. ചരിത്രത്തിലാദ്യമായി നാല് ലക്ഷത്തിലധികം യാത്രക്കാരാണ് ഹത്ത ബോർഡർ വഴി രാജ്യത്തേക്ക് വരികയും പോവുകയും ചെയ്തത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറിയെയും വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. ജിഡിആർഎഫ്എ ടീമിന്റെ പ്രയത്നങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഉയർന്ന കാര്യക്ഷമത, വേഗം, കൃത്യത എന്നിവയും മികച്ച ഉപഭോക്തൃ അനുഭവവും ഉറപ്പു വരുത്തുന്ന അസാധാരണ സേവനങ്ങൾ തുടരാൻ അദ്ദേഹം ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജിഡിആർഎഫ്എ കസ്റ്റമർ ഹാപിനെസ്സ് സെൻറിന് 5 സ്റ്റാർ റേറ്റിംഗും അദ്ദേഹം നൽകി.
സമൂഹത്തിന്റെ അടിസ്ഥാന ഭാവം സന്തോഷമാണെന്ന തിരിച്ചറിവിലാണ് ഗ്ലോബൽ സ്റ്റാർ റേറ്റിംഗ് പദ്ധതി ആരംഭിച്ചത്. പൊതുജന സേവനങ്ങളിൽ സർക്കാർ സേവനങ്ങൾ മികച്ചതും ക്രിയാത്മക് വും നൂതനവുമാക്കാൻ പ്രധാനമായും ലക്ഷ്യമിടുന്നു. വ്യത്യസ്ത സേവനപാധികളിലൂടെ രാജ്യാന്തര നിലവാരത്തിൽ അസാധാരണമായ ഉപയോക്ത്യ അനുഭവം സൃഷ്ടിക്കാനുള്ള ദുബായ് സർക്കാറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഗ്ലോബൽ സ്റ്റാർ റേറ്റിംഗ് പദവി. ഉപയോക്താക്കളുടെ സംതൃപ്തിയാണ് ജിഡിആർഎഫ്എയുടെ സേവന കാഴ്ചപ്പാടുകളെ മുന്നോട്ട് നയിക്കുന്നത്. സക്രിയ വീക്ഷണം സമൂഹത്തിന് സന്തോഷം പകരും. വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ സിക്സ് സ്റ്റാർ പദവി കൂടുതൽ പ്രചോദനമാകുമെന്ന് ലഫ്റ്റനന്റ് ജനറൽ പറഞ്ഞു. അംഗീകാരം നൽകിയ ശൈഖ് മുഹമ്മദിനും ശൈഖ് ഹംദാനും അദ്ദേഹം നന്ദി അറിയിച്ചു.ഇന്റർനാഷണൽ നിലവാരങ്ങൾക്ക് അനുസൃതമായി സേവന ഗുണമേന്യ ഉയർത്തുന്നതിൽ അവരുടെ സംഭാവനകൾ കാര്യമായ പങ്കുവഹിച്ചു. ജിഡിആർഎഫ്എ ദുബായ് ടീമിനൊപ്പം ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."