തണ്ണീർകൊമ്പന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി മന്ത്രി എ.കെ ശശീന്ദ്രൻ; അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും
തണ്ണീർകൊമ്പന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി മന്ത്രി എ.കെ ശശീന്ദ്രൻ; അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും
കോഴിക്കോട്: മാനന്തവാടിയിൽ നിന്ന് പിടികൂടിയതിന് പിന്നാലെ തണ്ണീർകൊമ്പൻ ചരിഞ്ഞതിൽ നടുക്കം രേഖപ്പെടുത്തി വനം മന്ത്രി എ.കെ ശശീന്ദ്രൻ. ആന ചരിഞ്ഞതിൽ എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. നടുക്കമുണ്ടാക്കുന്ന വാർത്തയാണിത്. ബന്ദിപ്പൂരിൽ ഇന്നലെ രാത്രി എത്തിച്ച ആനയെ വിദഗ്ധ പരിശോധനക്ക് ശേഷം കാട്ടിലേക്കയച്ചാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ പരിശോധന തുടങ്ങുന്നതിന് മുമ്പ് തന്നെ ആന ചരിയുകയായിരുന്നെന്ന് മന്ത്രി വ്യക്തമാക്കി.
മരണം കേരളത്തിന്റെയും കർണാടകയുടെയും വനംവകുപ്പ് മേധാവികൾ സ്ഥിരീകരിച്ചു. മരണ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ പറയാനാകൂ. എല്ലാ കാര്യങ്ങളും സുതാര്യമായാണ് മാനന്തവാടിയിൽ നടന്നത്. പോസ്റ്റുമോർട്ടം നടപടികൾക്ക് കേരളത്തിന്റെ പ്രതിനിധിയുമുണ്ടാകുമെന്നും എ.കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ആന ചരിഞ്ഞതിൽ എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കാനായി അഞ്ചംഗ സമിതി റുപ്പീകരിക്കും വിജിലൻസ്, വെറ്ററിനറി പ്രതിനിധികളും, നിയമവിദഗ്ധനും, ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒകളുടെ പ്രതിനിധിയെയും സമിതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
17 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിലൂടെ ഇന്നലെ രാത്രിയോടെയാണ് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആനയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് കർണാടകയ്ക്ക് കൈമാറി. ആനയെ അർധരാത്രിയോടെയാണ് ബന്ദിപ്പുർ വനത്തിൽ തുറന്നുവിട്ടത്. തുറന്നുവിട്ടതിനു പിന്നാലെ ആന ചരിഞ്ഞതായാണ് വിവരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."