HOME
DETAILS

സീരിയസ് ഫ്രോഡ് അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്തിന്?

  
backup
February 04 2024 | 00:02 AM

why-is-cm-afraid-of-serious-fraud-probe

അഡ്വ. ടി ആസഫ് അലി

മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ എക്‌സാലോജിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും വീണാ വിജയനും കൊച്ചി മിനറല്‍സ് ആന്‍ഡ് റുടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന കരിമണല്‍ കമ്പനിയില്‍നിന്ന് ഒരുവിധ സേവനവും ചെയ്യാതെ അനര്‍ഹമായി ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേന്ദ്ര ആദായനികുതി സെറ്റില്‍മെന്റ് ബോഡിന്റെ 2023 ജൂണ്‍ 12ാം തീയതിയിലെ ഉത്തരവിനെ തുടര്‍ന്ന് വീണയുടെ കമ്പനിക്കെതിരേ പുറത്തുവന്നത്

അതിഗുരുതരമായ കുറ്റമാണെന്ന് ബംഗളൂരുവിലെ കമ്പനീസ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തുകയും അപ്രകാരം കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സാലോജിക്കിനെതിരേയുള്ള ഗുരുതര ആരോപണം അന്വേഷിക്കാൻ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറെ (എസ്.എഫ്.ഐ.ഒ) ചുമതലപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വരുംനാളുകളില്‍ ഗുരുതരമായ രാഷ്ട്രീയ-നിയമപ്രത്യാഘാതങ്ങള്‍ക്കു ഹേതുകമാവുമെന്നുറപ്പാണ്.


2013ലെ കമ്പനി നിയമമനുസരിച്ച് ഏതെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ടു നടക്കുന്ന തട്ടിപ്പുസംബന്ധിച്ച കുറ്റങ്ങള്‍ക്കു ശിക്ഷ വ്യവസ്ഥചെയ്തിട്ടുള്ള, കമ്പനിനിയമത്തിലെ 447ാം വകുപ്പ്, കമ്പനി നിയമത്തിലെ മറ്റെല്ലാ ശിക്ഷാവ്യവസ്ഥകളേക്കാള്‍ ഗുരുതരമാണ്. കമ്പനിനിയമം 447(1) വകുപ്പനുസരിച്ച് കമ്പനികളുമായി ബന്ധപ്പെട്ട തട്ടിപ്പുസംബന്ധിച്ച നിര്‍വചനമാണ് മേല്‍കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ഏതെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ മറച്ചുവയ്ക്കല്‍, അനര്‍ഹമായ സാമ്പത്തിക നേട്ടമുണ്ടാക്കല്‍, നിയമപരമായി ലഭിക്കാന്‍ അര്‍ഹതയില്ലാത്ത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കല്‍ എന്നിവയാണ് കമ്പനിനിയമം അനുസരിച്ച് തട്ടിപ്പ് അഥവാ ‘ഫ്രോഡി’ന്റെ നിര്‍വചനത്തില്‍ വിവരിച്ചിട്ടുള്ളത്.

ഈ രീതിയില്‍കൂടി സാമ്പത്തിക നേട്ടമുണ്ടാക്കിയാലുള്ള ശിക്ഷയും കമ്പനിനിയമം 447ാം വകുപ്പനുസരിച്ച് കര്‍ശനമാണ്. കമ്പനിയുമായി ബന്ധപ്പെട്ട് പത്തു ലക്ഷം രൂപയോ കമ്പനിയുടെ മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനമോ ഏതാണ് കുറവ്, അതിനനുസരിച്ച് ആറുമാസത്തില്‍ കുറയാത്തതും പത്തുവര്‍ഷം വരെയാകാവുന്നതുമായ തടവുശിക്ഷയും പിഴയുമാണ് ശിക്ഷ.


തട്ടിപ്പുസംഖ്യ പത്തുലക്ഷത്തില്‍ കുറവോ കമ്പനിയുടെ വിറ്റുവരവ് സംഖ്യയുടെ ഒരു ശതമാനമോ ഏതാണ് കുറവ് അതിന്റെ അടിസ്ഥാനത്തില്‍, തട്ടിപ്പില്‍ പൊതുതാല്‍പര്യമില്ലെങ്കിലും ഏറ്റവും കുറഞ്ഞ ശിക്ഷക്കു പകരം അഞ്ചുവര്‍ഷം വരെയാകാവുന്ന തടവും അമ്പതു ലക്ഷം വരെ പിഴയുമാണ് ശിക്ഷ. വീണാ വിജയനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ കേന്ദ്ര ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവും പ്രകാരം അനര്‍ഹമായി കൈപ്പറ്റിയ സംഖ്യ ഒരു കോടി 72 ലക്ഷം രൂപയാണ് എന്നതിൽ നിന്നും ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ഗൗരവം മനസിലാക്കാവുന്നതാണ്.


കേന്ദ്ര ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിനാധാരമായ തെളിവുകള്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ടിരിക്കുന്ന കുരുക്കിന്റെ ആഴം വ്യക്തമാകും. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ കമ്പനിയുടെ ദൈനംദിന സോഫ്റ്റ്‌വെയര്‍ വികസനത്തിനു വേണ്ടി കരാറുണ്ടാക്കിയെങ്കിലും സി.എം.ആര്‍.എല്‍ കമ്പനി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് സോഫ്റ്റ്‌വെയര്‍ ഔട്ട്‌ലുക്ക്, എം.എസ് ഒാഫിസ്, ടാലി, പവര്‍ബില്‍ഡര്‍ എന്നിവ മാത്രമാണെന്നും വീണയുടെ എക്‌സാലോജിക് കമ്പനി, സി.എം.ആര്‍.എല്‍ കമ്പനിയുടെ ഒരുവിധ പ്രവര്‍ത്തനത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും സി.എം.ആര്‍.എല്‍ കമ്പനിയുടെ ഐ.ടി വിഭാഗം മാനേജര്‍ എന്‍.സി ചന്ദ്രശേഖരനും സീനിയര്‍ ഐ.ടി ഓഫിസര്‍ അന്‍ജുവും ആദായനികുതി നിയമം 132(4)-ാം വകുപ്പനുസരിച്ച് നല്‍കിയ മൊഴിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

കമ്പനിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും തങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അല്ലാതെ എക്‌സാലോജിക് കമ്പനിയോ മറ്റു യാതൊരു ബാഹ്യ ഏജന്‍സികളോ ബന്ധപ്പെട്ടിട്ടില്ലെന്നും സെറ്റില്‍മെന്റ് ബോര്‍ഡ് മുമ്പാകെ നല്‍കിയ മൊഴിയില്‍ സി.എം.ആര്‍.എല്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചതാണ്. മാത്രമല്ല, സി.എം.ആര്‍.എല്‍ കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫിസര്‍ കെ.എസ് സുരേഷ്‌കുമാറും ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ്‌കുമാറും നല്‍കിയ മൊഴിയില്‍നിന്ന് വീണയും എക്‌സാലോജിക് കമ്പനിയും കൈപ്പറ്റിയ പണം അനര്‍ഹമായും നിയമവിരുദ്ധമായും ഒരു സേവനവും ചെയ്യാതെയുള്ളതാണെന്ന് തെളിയിക്കപ്പെട്ടതുമാണ്.

കേന്ദ്ര ആദായനികുതി സെറ്റില്‍മെന്റ് ബോർഡിന്റെ മേല്‍ഉത്തരവിന്റെ നിയമസാധുത ഒരു കോടതിയിലും ആരുംതന്നെ ചോദ്യം ചെയ്തിട്ടില്ലെന്നതുകൊണ്ട് ആ ഉത്തരവ് ഫലത്തിലും ബലത്തിലും ഇപ്പോഴും നിലനില്‍ക്കുന്നതുമാണ്.
ഈയൊരു പശ്ചാത്തലത്തിലാണ്, വീണയുടെ എക്‌സാലോജിക് കമ്പനി നിയമവിരുദ്ധമായി പണം കൈപ്പറ്റിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ആരോപിക്കപ്പെട്ട കുറ്റം ഗുരുതരമാണെന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മേല്‍ക്കുറ്റം എസ്.എഫ്.ഐ.ഒയെ ഏല്‍പ്പിക്കുന്നത്.

എസ്.എഫ്.ഐ.ഒ എന്ന അന്വേഷണ ഏജന്‍സിക്ക് പൊലിസിനെക്കാളും സി.ബി.ഐയെക്കാളും ഇ.ഡിയെക്കാളും വിപുലമായ അധികാരങ്ങളുണ്ട്. മറ്റൊരു ഏജന്‍സിക്കുമില്ലാത്തവിധം കേസന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷികളെ വിളിച്ചുവരുത്താനും ശപഥം ചെയ്ത് മൊഴിരേഖപ്പെടുത്താനും അധികാരികളില്‍നിന്ന് രേഖ വിളിച്ചുവരുത്താനും സാധാരണ സിവില്‍ കോടതികള്‍ക്കുള്ള എല്ലാ അധികാരങ്ങളും എസ്.എഫ്.ഐ.ഒയ്ക്കുണ്ട്.

എസ്.എഫ്.ഐ.ഒയുടെ ഏതെങ്കിലും ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ ഒരുവര്‍ഷം വരെ ശിക്ഷ നല്‍കാവുന്ന കുറ്റമാണെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. എസ്.എഫ്.ഐ.ഒ മുമ്പാകെ നല്‍കുന്ന മൊഴി, കോടതിയില്‍ നല്‍കുന്ന മൊഴിക്കു സമാനമാണെന്ന് അര്‍ഥം.


എസ്.എഫ്.ഐ.ഒയുടെ അന്വേഷണറിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചാല്‍ തെളിയിക്കപ്പെട്ട കുറ്റംചുമത്തി കമ്പനിനിയമം 112(14) വകുപ്പനുസരിച്ച് കുറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാവുന്നതാണ്. വീണയുടെ കാര്യത്തില്‍ ഒരു കോടി 72 ലക്ഷം കൈപ്പറ്റിയത് സംബന്ധിച്ച് വ്യക്തമായ തെളിവുണ്ടായിരിക്കെ കേന്ദ്ര സര്‍ക്കാരിനു പ്രോസിക്യൂഷനല്ലാതെ മറ്റു മാര്‍ഗമില്ലെന്നതാണ് എസ്.എഫ്.ഐ.ഒയുടെ അന്വേഷണത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നത്.


കമ്പനിനിയമം 447ാം വകുപ്പ് 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമത്തില്‍പെട്ട ഷെഡ്യൂള്‍ഡ് കുറ്റമാണ്. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ഏതെങ്കിലും ഷെഡ്യൂള്‍ഡ് കുറ്റം ചെയ്ത് ആര്‍ജിച്ച പണം മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനും പൂര്‍ണ അധികാരമുണ്ട്. മാത്രമല്ല, കേന്ദ്ര ആദായനികുതി സെറ്റില്‍ബോഡിന്റെ വിധിയിലെ കണ്ടെത്തലനുസരിച്ച് വീണാ വിജയന് സി.എം.ആര്‍.എല്‍ കമ്പനി ഒരു കോടി 72 ലക്ഷം രൂപ നിയമവിരുദ്ധമായി നല്‍കിയത് വീണ വിജയന്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകള്‍ എന്നതുകൊണ്ടാണെന്നാണു കണ്ടെത്തല്‍. അതായത്, ഇത്രയും വലിയതുക യാതൊരു സേവനവും ചെയ്യാതെ ലഭിച്ചത് മുഖ്യമന്ത്രിയുടെ മകൾ ആണെന്നതുകൊണ്ട് 1988ലെ അഴിമതി തടയൽ നിയമമനുസരിച്ച് അതൊരു ശിക്ഷാർഹമായ കുറ്റമാണ്.

കാരണം 1988ലെ പ്രസ്തുത നിയമം 13 (1) (ഇ) വകുപ്പനുസരിച്ച് ഏതെങ്കിലും പൊതുസേവകനോ, പൊതുസേവകനു വേണ്ടി മറ്റാരെങ്കിലുമോ പൊതുസേവകൻ ഒൗദ്യോഗിക പദവിയിലിരിക്കുന്ന കാലത്ത് ഏതെങ്കിലും സാമ്പത്തിക സ്രോതസോ വസ്തുക്കളോ വരവിൽകവിഞ്ഞ് കൈവശം വയ്ക്കുകയും പൊതുസേവകന് അത് കൃത്യമായി കണക്കുവയ്ക്കാൻ സാധിക്കാതെ വരികയുമാണെങ്കിൽ പൊതുസേവകനെയും പണം കൈവശം വച്ച വ്യക്തിയെയും നാലു വർഷത്തിൽ കുറയാത്തതും പത്തു വർഷത്തിൽ കവിയാത്തതുമായ തടവും പിഴയും വിധിക്കാവുന്ന മേൽക്കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്.


എക്‌സാലോജിക് കേസില്‍ വീണ പണം കൈവശം വച്ചുവെന്ന് തെളിയുകയും അപ്രകാരം വീണക്കു നിയമവിരുദ്ധമായ പണം ലഭിച്ചത് പൊതുസേവകനായ മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണെന്ന ഒരു അധികാര സ്ഥാപനത്തിന്റെ കണ്ടെത്തല്‍ ചോദ്യം ചെയ്യപ്പെടാതെ നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍തന്നെ അഴിമതി തടയല്‍ നിയമപ്രകാരം മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരായി കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പണം നല്‍കിയ സി.എം.ആര്‍.എല്‍ കമ്പനി കേരളത്തിലും പണം കൈപ്പറ്റിയ എക്‌സാലോജിക് കമ്പനി ബംഗളൂരിലുമാകയാല്‍ ഒന്നുകില്‍ കര്‍ണാടക സംസ്ഥാനത്തോ കേരളത്തിലോ കേസെടുക്കാവുന്നതാണ്. പക്ഷേ, ഇ.ഡി ഇനിയും ഇക്കാര്യത്തില്‍ ചലിച്ചിട്ടില്ലാത്തതാണ് ഏറെ വിചിത്രം.


ഇത്രയും ഗുരുതരമായ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയും മകളും ഉള്‍പ്പെട്ടിട്ടും സത്യാവസ്ഥ ജനങ്ങളോട് തുറന്നുപറയാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തയാറാകാത്തത് കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയകാരണങ്ങളാലാണ് എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും എന്തുകൊണ്ട് എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് അടിസ്ഥാനമായ കമ്പനി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചില്ല എന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്. എസ്.എഫ്.ഐ.ഒ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരംഭിച്ച് പ്രതികളെ അറസ്റ്റ് ചെയ്താല്‍ പ്രത്യേകകോടതി പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കാണാത്തിടത്തോളം ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നതാണ് കമ്പനിനിയമം 212(6) ലെ വ്യവസ്ഥ.


മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച കാരണം വിചിത്രമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാകയാല്‍ ചര്‍ച്ച പറ്റില്ലെന്ന സ്പീക്കറുടെ റൂളിങ് തികച്ചും രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവുമാണ്. ബാര്‍ കോഴക്കേസ് അന്വേഷണവേളയില്‍ കേസ് ഹൈക്കോടതിയുടെയും വിജിലന്‍സ് കോടതിയുടെയും പരിഗണനയിലിരിക്കുന്ന സന്ദര്‍ഭത്തിലായിരുന്നു വിഷയം നിയമസഭയില്‍ അവതരിപ്പിച്ച് ബജറ്റവതരണം തടസപ്പെടുത്തി പൊതുമുതല്‍ അടിച്ചുതകര്‍ത്തത്.

നിയമസഭയില്‍ പോലും മുഖ്യമന്ത്രിക്കെതിരേ വരാനിടയുള്ള അന്വേഷണം ചര്‍ച്ച ചെയ്യരുതെന്ന് നിര്‍ബന്ധം പിടിക്കുന്നത് മുഖ്യമന്ത്രിയും ഭരണകക്ഷിയും എസ്.എഫ്.ഐ.ഒ അന്വേഷണത്തെ ഭയക്കുന്നതുകൊണ്ടാണെന്ന് വ്യക്തം.

(മുന്‍ കേരള പ്രോസിക്യൂഷന്‍
ഡയരക്ടര്‍ ജനറല്‍ ആണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago