പീഡിപ്പിച്ചവർക്കെതിരേ നടപടിയെടുത്തില്ല പൊലിസ് സ്റ്റേഷന് മുമ്പിൽ യുവതി ജീവനൊടുക്കി
മഥുര
അഞ്ചു വർഷമായിട്ടും തന്നെ ഉപദ്രവിച്ചവർക്കെതിരേ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പൊലിസ് സ്റ്റേഷനു മുന്നിൽ 45കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മഥുരയിലെ റായയിലാണ് സംഭവം.
96 ശതമാനം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഉടനെ മരിച്ചു. ഇന്നലെയാണ് സംഭവം. 2017ൽ പീഡനത്തിനിരയായതിനെ തുടർന്ന് ഇവർ പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ അഞ്ചുവർഷമായിട്ടും പ്രതിക്കെതിരേ യാതൊരു നടപടിയും ഉണ്ടായില്ല.
പരാതി പിൻവലിക്കണമെന്ന് പൊലിസിൻ്റെ ഭാഗത്തുനിന്ന് സമ്മർദവും ഉണ്ടായി. യുവതിയുടെ കൃഷിഭൂമിയിൽ വെള്ളക്കെട്ടുണ്ടായതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്നാണ് പൊലിസ് ഭാഷ്യം. ഭർത്താവിനൊപ്പമെത്തിയാണ് യുവതി പൊലിസിൽ പരാതി നൽകിയത്.
എന്നാൽ കേസിലെ പ്രതിയായ ഹരീഷ് ചന്ദിനെ അറസ്റ്റ് ചെയ്ത് കുറ്റപത്രം നൽകിയിരുന്നുവെന്നാണ് സീനിയർ സൂപ്രണ്ട് ഗൗരവ് ഗ്രോവർ പറയുന്നത്. ശനിയാഴ്ച യുവതി ഭർത്താവിനൊപ്പം എത്തിയത് മറ്റൊരു പരാതി നൽകാനാണെന്നും പൊലിസ് പറയുന്നു. ഈ പരാതിയിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലിസിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."