'ചുരുളി'യിലെ തെറി കേൾക്കാൻ പൊലിസ് സമിതി
തിരുവനന്തപുരം
ഹൈക്കോടതി നിർദേശത്തെ തുടർന്ന് ''ചുരുളി'' സിനിമ കാണാൻ കേരളാ പൊലിസ് പ്രത്യേക സമിതി രൂപീകരിച്ചു. എ.ഡി.ജി.പി പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ ഗോപിനാഥ്, എ.സി.പി എ. നാസിം എന്നിവരാണ് സമിതിയിലുള്ളത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ''ചുരുളി''യിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്ന പരാതിയെ തുടർന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പൊലിസിനോട് കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു. കേസിൽ ഡി.ജി.പിയെ കോടതി സ്വമേധയാ കക്ഷി ചേർക്കുകയായിരുന്നു.
ഈ സിനിമ പൊതു ധാർമികതയ്ക്ക് നിരക്കാത്തതായതിനാൽ ഒ.ടി.ടി പ്ലാറ്റ്ഫോമിൽനിന്നു പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹരജി നൽകിയിരുന്നത്. സിനിമ മുഴുവനായി കണ്ട ശേഷം ചിത്രത്തിൽ സഭ്യമല്ലാത്ത ഭാഷയുടെയും അശ്ലീല പ്രയോഗങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ച് സമിതി റിപ്പോർട്ട് തയാറാക്കും. കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ സമിതി റിപ്പോർട്ട് നൽകും.
സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നുമാണ് ഹരജിക്കാരി വാദിച്ചത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു ഹരജിയിൽ പ്രാരംഭ വാദംകേട്ട ദിവസം കോടതി നിരീക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."