'അംവാജ് തീരത്തേക്ക് പ്രവേശനമില്ല, ചില റസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടി, വ്യക്തികള്‍ക്ക് 2000ദീനാര്‍വരെ പിഴ..' കൊവിഡ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബഹ്റൈന്‍
മനാമ: രാജ്യത്ത് കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബഹ്റൈന്‍.
വിവിധ സംഭവങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിവ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇതില്‍ അംവാജിലെ ഒരു തീരപ്രദേശം പൂര്‍ണ്ണമായി അടച്ചിട്ടതാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. കൊവിഡ് നിയമം ലംഘിച്ച് ആളുകള്‍ ഒരുമിച്ചു കൂടിയതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഈ തീരം അടച്ചിടുന്നതായി മുഹറഖ് പൊലീസ് ഡയറക്ടറേറ്റിനെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് ഡയറക്ടറേറ്റിനോടൊപ്പം കൊവിഡ് പ്രതിരോധ സമിതിയും വാണിജ്യ-വ്യവസായ- ടൂറിസം മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പരസ്പരം സഹകരിച്ചാണ് രാജ്യത്ത് നിയമ നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോവിഡ് നിയമം ലംഘിച്ച ചില റസ്റ്റാറന്‍റുകള്‍ക്കെതിരെയും രാജ്യത്ത് നടപടി സ്വീകരിച്ചതായി പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അവഗണിച്ച റസ്റ്റോറന്‍റുകളാണ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്. കൂടാതെ ഇവയുടെ ഉടമകളില്‍ നിന്ന് നിയമ ലംഘനങ്ങളുടെ തോതനുസരിച്ച് 1000 മുതല്‍ 2,000 ദീനാര്‍ വരെ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. നിയമ ലംഘനം കണ്ടെത്തി 12 മണിക്കൂറിനകം തന്നെ രാജ്യത്ത് നടപടി സ്വീകരിക്കുന്നതായി അധികൃതരെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ വ്യക്തികളും സ്ഥാപനങ്ങളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിയമ ലംഘനമുണ്ടായാല്‍ ഉടന്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."