സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനം 'ചൈന' ചർച്ചയ്ക്ക് വിരാമമായില്ല
തിരുവനന്തപുരം
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് പിന്നാലെ പാറശാല ഏരിയാ കമ്മിറ്റിയിലെ പ്രതിനിധികളും ചൈനയ്ക്കെതിരേ വിമർശനവുമായി രംഗത്ത്. ഇന്നത്തെ സാമ്പത്തികനയങ്ങൾ നോക്കുമ്പോൾ ചൈനയെ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് രാജ്യമെന്ന് പറയാൻ കഴിയുകയെന്നാണ് പ്രതിനിധികളുടെ ചോദ്യം.
താലിബാനെ അംഗീകരിച്ച രാജ്യമാണ് ചൈന. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ സഹായിക്കാൻ ചൈന തയാറാകുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിൽ വില്ലൻ ചൈനയാണെന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു. സാമ്രാജ്യത്വത്തിനെതിരേ ചൈനയ്ക്ക് ശരിയായ നിലപാട് എടുക്കാനായിട്ടില്ലെന്നും ഇക്കാര്യത്തിൽ കോഴിക്കോട്ട് നടന്ന പാർട്ടി കോൺഗ്രസിലെടുത്ത പാർട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടിൽ മാറ്റംവന്നിട്ടില്ലെന്നും തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യവെ പിണറായി അഭിപ്രായപ്പെട്ടിരുന്നു.സി.പി.എമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനത്തിൽ പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള ചൈനാ അനുകൂല പ്രസംഗം നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് പിണറായി ചൈനയെ വിമർശിച്ചത്. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്നും ലോകരാഷ്ട്രങ്ങൾക്കിടയിൽ അമേരിക്കയ്ക്കുണ്ടായിരുന്ന മേധാവിത്വം ചോദ്യംചെയ്യാൻ സാധിക്കുന്നതരത്തിൽ ചൈന കരുത്താർജിച്ചെന്നുമായിരുന്നു രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."